തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച അഭിപ്രായ ഭിന്നതകള്‍ക്കിടെ പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. കേരളത്തോടുള്ള കേന്ദ്ര അവഗണന സംബന്ധിച്ചാകും പ്രതിപക്ഷവുമായി ചര്‍ച്ച നടക്കുക. ജനുവരി 15 ന് രാവിലെ പത്തിന് നടക്കുന്ന ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, പ്രതിപക്ഷ ഉപ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ എന്നിവരും പങ്കെടുക്കും.
കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയും തെറ്റായ സമീപനങ്ങളും എല്ലാ പരിധിയും ലംഘിച്ച് തുടരുന്ന സാഹചര്യം സംബന്ധിച്ചാണ് പ്രതിപക്ഷവുമായി നടക്കുന്ന ചര്‍ച്ചയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരുമായി സഹകരിക്കുമെന്നും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രതികരിച്ചു.
താനും പി.കെ കുഞ്ഞാലിക്കുട്ടിയും ഓണ്‍ലൈനായാകും ചര്‍ച്ചയില്‍ പങ്കെടുക്കുക എന്നും അദേഹം അറിയിച്ചു. സര്‍ക്കാര്‍ അവര്‍ക്കു പറയാനുള്ളതു പറയട്ടെ. പ്രതിപക്ഷത്തിനു പറയാനുള്ളത് തങ്ങള്‍ക്കും പറയാമല്ലോയെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. കേരളത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്കുള്ള പ്രധാന കാരണം സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തും പിടിപ്പു കേടുമാണ്. അത് കേന്ദ്രത്തിന്റെ തലയില്‍ ചാരി രക്ഷപ്പെടാനുള്ള ബോധപൂര്‍വമായ ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും സതീശന്‍ ആരോപിച്ചു.
പാര്‍ലമെന്റിന്റെ സമ്മേളന കാലത്തിന് മുന്നോടിയായി കേരളത്തിലെ എംപിമാരോട് ചര്‍ച്ച നടത്തുന്ന പതിവ് പോലും സര്‍ക്കാര്‍ ഉപേക്ഷിച്ചു. ഇത് കേരളത്തിലെ എംപിമാരില്‍ ഭൂരിപക്ഷം പേരും യുഡിഎഫ് ആയതു കൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വീതം വയ്പ്പില്‍ കേരളം അവഗണിക്കപ്പെടുകയാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന ആരോപണം. ഇതിനെതിരെ പ്രതിപക്ഷം ചെറുവിരലനക്കുന്നില്ലെന്നാണ് ധനമന്ത്രിയും സിപിഎം നേതാക്കളും കുറ്റപ്പെടുത്തുന്നത്.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും പപരിഷ്‌കരിച്ചതു വഴി 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 71,393 കോടി രൂപ ഈ ഇനത്തില്‍ മാത്രം ചെലവായി. അതായത് 24000 കോടി രൂപ അധിക ബാധ്യതയുണ്ടായി. ഒരു വശത്ത് ഭീമമായ വിഭവ ശോഷണവും മറുവശത്ത് അധികമായി ഏറ്റെടുക്കേണ്ടി വന്ന സാമ്പത്തിക ബാധ്യതകളും സര്‍ക്കാരിനെ വല്ലാതെ ബുദ്ധിമുട്ടിക്കുകയാണ്. കേന്ദ്രം റവന്യൂ കമ്മി ഗ്രാന്റ് ഇനത്തില്‍ 8400 കോടി രൂപയുടെ കുറവും ജിഎസ്ടി നഷ്ട പരിഹാരം നിര്‍ത്തലാക്കിയ വകയില്‍ 5700 കോടി രൂപയുടെ കുറവും കടമെടുപ്പ് പരിധിയിലെ കുറവ് മൂലം 5000 കോടി രൂപയുടെ വിഭവ നഷ്ടവും സംസ്ഥാനം നേരിടുന്നു എന്നതാണ് കേന്ദ്രത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.