വാണിജ്യാടിസ്ഥാനത്തിൽ സൂപ്പര്‍ സോണിക് വിമാന യാത്ര; നാസയുടെ ‘എക്‌സ്-59’ പുറത്തിറക്കി

വാണിജ്യാടിസ്ഥാനത്തിൽ സൂപ്പര്‍ സോണിക് വിമാന യാത്ര; നാസയുടെ ‘എക്‌സ്-59’ പുറത്തിറക്കി

വാഷിം​ഗ്ടൺ: വ്യോമയാന രം​ഗത്ത് സുപ്രധാന മാറ്റങ്ങൾക്കിടയാക്കിയേക്കാവുന്ന സൂപ്പർ സോണിക് വിമാനം നാസ പുറത്തിറക്കി. വാണിജ്യാടിസ്ഥാനത്തിലുള്ള സൂപ്പര്‍ സോണിക് വിമാന യാത്ര സാധ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള ക്വസ്റ്റ് (Quiet SuperSonic Technology) ദൗത്യത്തിന്റെ ഭാഗമായി വികസിപ്പിച്ച എക്‌സ് - 59 സൂപ്പര്‍സോണിക് വിമാനമാണ് നാസ പുറത്തിറക്കിയത്. പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മിച്ച ഈ വിമാനം വ്യോമയാന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കിടയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാണിജ്യാടിസ്ഥാനത്തില്‍ സൂപ്പര്‍സോണിക് വിമാനങ്ങള്‍ ഉപയോഗിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ പദ്ധതി. കാലിഫോര്‍ണിയയിലെ പാംഡേലിലെ ലോഖീദ് മാര്‍ട്ടിന്‍ സ്‌കങ്ക് വര്‍ക്ക്‌സ് ഫാക്ടറിയില്‍ വെച്ചാണ് വിമാനം അവതരിപ്പിച്ചത്.

നാസയുടെ ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പാം മെല്‍റോയ്, അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ ജെയിംസ് ഫ്രീ, നാസ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നുള്ള ബോബം പിയേഴ്‌സ്, സ്‌കങ്ക് വൈസ് വര്‍ക്‌സ് പ്രസിഡന്റും ജനറല്‍ മാനേജറുമായ ജോണ്‍ ക്ലാര്‍ക്ക്, ലോഖീദ് മാര്‍ട്ടിന്‍ എയറോനോട്ടിക്‌സ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഗ്രെഗ് ഉല്‍മെര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.

നാസയുടെയും മുഴുവന്‍ എക്‌സ് - 59 ടീമിന്റെയും കഠിനാധ്വാനത്തിലൂടെയും വൈഭവത്തിലൂടെയും മാത്രം സാധ്യമായ ഒരു പ്രധാന നേട്ടമാണിത് എന്ന് നാസ ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പാം മെല്‍റോയ് പറഞ്ഞു. വളരെ ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് ആശയം യാഥാര്‍ത്ഥ്യമാക്കി. നമ്മള്‍ യാത്ര ചെയ്യുന്ന രീതിയില്‍ എക്‌സ് - 59 മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് അദേഹം പറഞ്ഞു.

സാധാരണ സൂപ്പര്‍സോണിക് വിമാനങ്ങള്‍ക്കുള്ളത് പോലെയുള്ള വലിയ ഹുങ്കാര ശബ്ദം ഇല്ലാത്ത ശബ്ദമില്ലാതെ ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാനാകും വിധമാണ് എക്സ്-59 വിമാനം ഒരുക്കിയിരിക്കുന്നത്.
ശബ്ദത്തേക്കാള്‍ 1.4 ഇരട്ടി വേഗത്തില്‍ എക്‌സ്-59 ന് സഞ്ചരിക്കാനാവും (മണിക്കൂറില്‍ 1488.64 കിമീ വേഗത്തില്‍). വിമാനത്തിന്റെ ആകൃതിയും രൂപകല്‍പനയും സാങ്കേതിക വിദ്യകളും വിമാനത്തേ സൂപ്പര്‍സോണിക് വേഗം കൈവരിക്കാനും ഒപ്പം ശബ്ദം ഗണ്യമായി കുറയ്ക്കാനും സഹായിക്കും.

എക്‌സ്-59 അവതരിപ്പിക്കപ്പെട്ടതോടെ അതിന്റെ ആദ്യ പറക്കിലിനുള്ള തയ്യാറെടുപ്പുകളാവും ഇനി. ഈ വര്‍ഷം അവസാനത്തോടെ വിമാനം ആദ്യമായി ടേക്ക് ഓഫ് ചെയ്യും. വിവിധ പരിശോധനകള്‍ക്ക് ശേഷമാണ് ലോഖീദ് മാര്‍ട്ടിന്‍ സ്‌കങ്ക് വര്‍ക്ക്‌സ് വിമാനം കാലിഫോര്‍ണിയയിലെ എഡ്വേര്‍ഡ്‌സിലുള്ള നാസയുടെ ആംസ്‌ട്രോങ് ഫ്‌ളൈറ്റ് റിസര്‍ച്ച് സെന്ററിന് കൈമാറുക. ഇവിടെ നിന്നാവും വിമാനത്തിന്റെ പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുക.

പരീക്ഷണ പറക്കലുകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം വിമാനം യുഎസിലെ മറ്റ് തിരഞ്ഞെടുത്ത നഗരങ്ങള്‍ക്ക് മുകളിലൂടെ പറക്കും. എക്‌സ്-59 വിമാനത്തിന്റെ ശബ്ദം എത്രത്തോളം ഉണ്ടെന്നും അത് എങ്ങനെ നഗരങ്ങളിലെ ജനജീവിതത്തെ ബാധിക്കുമെന്നും വിലയിരുത്തും. ഈ വിവരങ്ങള്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും അന്താരാഷ്ട്ര തലത്തിലുള്ള അധികാരികള്‍ക്കും കൈമാറും.

വലിയ ശബ്ദത്തെ തുടര്‍ന്ന് 1973 ല്‍ സൂപ്പര്‍സോണിക് വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പരീക്ഷണം വിജയമാവുകയും നിരോധനം നീങ്ങുകയും ചെയ്താല്‍ അത് അത് ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാവും. വ്യോമയാനത്തിന്റെ പുതുയുഗത്തിന്റെ തുടക്കമാവും അത്. വിമാനയാത്രികര്‍ക്ക് സൂപ്പര്‍സോണിക് വിമാനത്തില്‍ യാത്ര ചെയ്യാനാവും.

75 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കാലിഫോര്‍ണിയയിലെ മരുഭൂമിയ്ക്ക് മുകളിലൂടെ ആദ്യ സൂപ്പര്‍സോണിക് വിമാനം പറന്നത്. 1947 ഒക്ടോബര്‍ 14 നായിരുന്നു അത്. അന്നത്തെ നാഷണല്‍ അഡൈ്വസറി കമ്മറ്റി ഫോര്‍ എയറോനോട്ടിക്സിലേയും (എന്‍എസിഎ), എയര്‍ഫോഴ്സിലെയും പുതിയതായി രൂപം നല്‍കിയ എക്സ്-1 സംഘമാണ് ശബ്ദവേഗത്തെ മറികടന്ന് അക്കാലത്ത് അപ്രാപ്യമെന്ന് കരുതിയ നേട്ടം കൈവരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.