ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കി, ലാത്തിച്ചാര്‍ജ്; വനിതാ പ്രവര്‍ത്തകര്‍ക്കും പരിക്ക്

ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കി, ലാത്തിച്ചാര്‍ജ്; വനിതാ പ്രവര്‍ത്തകര്‍ക്കും പരിക്ക്

ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി.

ടൗണ്‍ ഹാളിന്റെ ഭാഗത്ത് നിന്നായിരുന്നു മാര്‍ച്ച് ആരംഭിച്ചത്. കളക്ടറേറ്റിന് സമീപം ബാരിക്കേഡ് വെച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് നഗരസഭ മന്ദിരത്തിലേക്ക് ഇരച്ചു കയറിയ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതോടെ സംഘര്‍ഷമായി.

പിന്നാലെ നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കിക്ക് നേരെ കല്ലും കമ്പും വലിച്ചെറിഞ്ഞ പ്രവര്‍ത്തകര്‍ തിരിഞ്ഞുപോകാന്‍ കൂട്ടാക്കാതായതോടെ ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി.


യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് പ്രവീണിനെ പൊലീസ് വളഞ്ഞിട്ട് തല്ലി. പ്രവീണിന്റെ തലയ്ക്ക് പരുക്കേറ്റു. വനിതാ പ്രവര്‍ത്തകര്‍ക്കും ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്ക് പരിക്കേറ്റ് സൗത്ത് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രവര്‍ത്തകര്‍ക്ക് പൊലീസ് ചികിത്സ നിഷേധിച്ചതായും പരാതിയുണ്ട്.

പരിക്കേറ്റ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പിന്നീട് ജനറല്‍ ആശുപത്രി ജങ്്ഷനില്‍ റോഡ് ഉപരോധിച്ചു. ഡിസിസി പ്രസിഡന്റ് ബാബു പ്രസാദ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥലത്തെത്തി.

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിലവില്‍ റിമാന്‍ഡിലാണ്. സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത അക്രമ കേസിലാണ് രാഹുലിനെ കന്റോണ്‍മെന്റ് പോലീസ് അറസ്റ്റ് ചെയ്തത്. പുലര്‍ച്ചെ പത്തനംതിട്ട അടൂരിലെ വീട് വളഞ്ഞ് രാഹുലിനെ പൊസീസ് കസ്റ്റഡിയില്‍ എടുത്തത് വിവാദമായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.