മണിപ്പൂരിലെ പാപക്കറ സ്വര്‍ണ കിരീടം കൊണ്ട് കഴുകിക്കളയാനാകില്ല; സുരേഷ് ഗോപിയെ വിമര്‍ശിച്ച് ടി.എന്‍ പ്രതാപന്‍

മണിപ്പൂരിലെ പാപക്കറ സ്വര്‍ണ കിരീടം കൊണ്ട് കഴുകിക്കളയാനാകില്ല; സുരേഷ് ഗോപിയെ വിമര്‍ശിച്ച് ടി.എന്‍ പ്രതാപന്‍

തൃശൂര്‍: തൃശൂര്‍ ലൂര്‍ദ് പള്ളിയില്‍ സ്വര്‍ണ കിരീടം സമര്‍പ്പിച്ച സുരേഷ് ഗോപിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി ടി.എന്‍ പ്രതാപന്‍. മണിപ്പൂരിലെ പാപക്കറ സ്വര്‍ണ കിരീടം കൊണ്ട് കഴുകിക്കളയാന്‍ കഴിയില്ല. മാതാവിന്റെ രൂപം തകര്‍ത്ത മണിപ്പൂരിലെ ഓര്‍മ്മ തേങ്ങലായി നമുക്ക് മുന്നില്‍ നില്‍ക്കുകയാണെന്ന് പ്രതാപന്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി അവിടേക്ക് തിരിഞ്ഞു നോക്കിയില്ല. മണിപ്പൂര്‍ പാര്‍ലമെന്റിലവതരിപ്പിച്ച തനിക്കെതിരെ നടപടിയെടുക്കുകയാണ് ചെയ്തത്. ഒരു ബിജെപി നേതാവ് മാതാവിനെ ഓര്‍ത്തതില്‍ സന്തോഷമെന്നും ബിജെപിക്ക് മനപരിവര്‍ത്തനമുണ്ടാകട്ടെ എന്നാശിക്കുന്ന ആളാണ് താനെന്നും പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് ലൂര്‍ദ് പള്ളിയില്‍ മാതാവിന് സ്വര്‍ണ കിരീടം സമര്‍പ്പിക്കാന്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയും കുടുംബവും എത്തിയത്. സ്വര്‍ണ കിരീടം സമര്‍പ്പിക്കാനെത്തിയ സുരേഷ് ഗോപിയെയും സംഘത്തെയും പള്ളി വികാരി നേരിട്ടെത്തി സ്വീകരിച്ച് പള്ളിക്കുള്ളിലേക്ക് ആനയിക്കുകയായിരുന്നു.

തുടര്‍ന്ന് സുരേഷ് ഗോപി മാതാവിന്റെ തിരുരൂപത്തിന് മുന്നില്‍ സ്വര്‍ണ്ണ കിരീടം സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനാ ചടങ്ങിനു ശേഷം സുരേഷ് ഗോപി താന്‍ കൊണ്ടുവന്ന സ്വര്‍ണ കിരീടം വികാരിക്ക് കൈമാറി. വികാരി കിരീടം മാതാവിന്റെ തിരുരൂപത്തിന് മുന്നില്‍ നിന്ന് കിരീടം ഏറ്റുവാങ്ങി.

തുടര്‍ന്ന് സുരേഷ് ഗോപി മകള്‍ക്കും ഭാര്യക്കുമൊപ്പം ആ കിരീടം മാതാവിന്റെ തലയില്‍ അണിയിക്കുകയായിരുന്നു. അതേ സമയം സുരേഷ് ഗോപി സമര്‍പ്പിച്ച സ്വര്‍ണ കിരീടം താഴെ വീണ് പൊട്ടിയിരുന്നു. ഈ സംഭവത്തില്‍ പരിഹാസവുമായി സമൂഹ മാധ്യമങ്ങളില്‍ ട്രോളുകള്‍ പ്രചരിച്ചിരുന്നു.

കിരീടം സമര്‍പ്പിച്ച് സുരേഷ് ഗോപിയും കുടുംബവും പ്രാര്‍ഥിക്കുന്നതിനിടെയാണ് താഴെ വീണ് മുകള്‍ ഭാഗം വേര്‍പെട്ടത്. ഏകദേശം അഞ്ച് പവനോളം തൂക്കമുള്ള സ്വര്‍ണത്തില്‍ പൊതിഞ്ഞ കിരീടമാണ് സമര്‍പ്പിച്ചത്.കഴിഞ്ഞ പെരുന്നാളിന് ലൂര്‍ദ് പള്ളിയില്‍ എത്തിയപ്പോള്‍ സുരേഷ് ഗോപി മാതാവിന് സ്വര്‍ണ കിരീടം സമര്‍പ്പിക്കാമെന്ന് നേര്‍ച്ച നേര്‍ന്നിരുന്നു.

തുടര്‍ന്നാണ് മകളുടെ വിവാഹത്തോട് അനുബന്ധിച്ച് അദേഹം സ്വര്‍ണ കിരീടം സമര്‍പ്പിച്ചത്. കിരീടം സമര്‍പ്പിക്കാന്‍ ലൂര്‍ദ് പള്ളിയില്‍ സുരേഷ് ഗോപിയോടൊപ്പം ഭാര്യയും മകളും തൃശൂരിലെ മറ്റു ബിജെപി നേതാക്കളും എത്തിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.