അരുണാചല്‍ പ്രദേശില്‍ 101 വീടുകള്‍ ഉള്‍പ്പെടുന്ന ഗ്രാമം നിര്‍മ്മിച്ച് ചൈന  

അരുണാചല്‍ പ്രദേശില്‍ 101 വീടുകള്‍ ഉള്‍പ്പെടുന്ന ഗ്രാമം നിര്‍മ്മിച്ച്  ചൈന  

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ ഗ്രാമം നിര്‍മ്മിച്ച് ചൈന. 101 വീടുകള്‍ ഉള്‍പ്പെടുന്ന പുതിയ ഒരു ഗ്രാമം ചൈന നിര്‍മ്മിച്ചതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത് വന്നു. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഏകദേശം 4.5 കിലോമീറ്റര്‍ അകലെയുള്ള നിര്‍മ്മാണം ഇന്ത്യയെ ആശങ്കപ്പെടുത്തുന്നുണ്ട്. സാരി ചു നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം അപ്പര്‍ സുബാന്‍സിരി ജില്ലയിലാണ്. ഇന്ത്യയും ചൈനയും തമ്മില്‍ ഏറെക്കാലമായി തര്‍ക്കത്തിലേര്‍പ്പെട്ടിരിക്കുന്ന പ്രദേശമാണിത്. സംശയാസ്പദമായ ഈ ഗ്രാമം സ്ഥാപിച്ചതിന്റെ ഏറ്റവും പുതിയ ചിത്രം 2020 നവംബര്‍ ഒന്നിനാണ് പുറത്തുവന്നത്.

എന്നാല്‍ അതിന് ഒരു വര്‍ഷം മുമ്പ് കൃത്യം ഇതേ സ്ഥലത്ത് ഒരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടന്നിരുന്നില്ല. എന്നാൽ പുതിയ ചിത്രത്തിൽ കെട്ടിടങ്ങളും മറ്റും വ്യക്തമായി കാണാന്‍ സാധിക്കും. കഴിഞ്ഞ വർഷമായിരിക്കണം ചൈന ഗ്രാമം നിർമിച്ചത്. വിദേശകാര്യമന്ത്രാലയവും ഇക്കാര്യം തള്ളിക്കളഞ്ഞിട്ടില്ല. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ ചൈന നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതായി റിപ്പോർട്ടുണ്ട്. കുറച്ചു വർഷങ്ങളായി ചൈന ഇതു തുടരുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ പ്രതികരിച്ചു. 2020 നവംബറിൽ അരുണാചലിൽ നിന്നുള്ള ബിജെപി എംപി താപിർ ഗാവോ അപ്പർ സുബാൻസിരിയിലെ ചൈനീസ് നിർമാണങ്ങളെക്കുറിച്ച് ലോക്സഭയിൽ സംസാരിച്ചിരുന്നു.

ജില്ലയിൽ‌ 60–70 കിലോമീറ്റർ വരെ ഉള്ളിലേക്ക് ചൈന കയറി വന്നിട്ടുണ്ടെന്നും വിശാലമായ റോഡ് നിർമിച്ചിട്ടുണ്ടെന്നും അദ്ദേഹം ദേശീയ മാധ്യമത്തോടു പ്രതികരിച്ചു. അതേസമയം അതിർത്തികളിൽ ‌റോഡുകളും പാലങ്ങളും നിർമിക്കുന്നത് സർക്കാർ തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. അതിര്‍ത്തിയിലെ ഇന്ത്യയുടെ നിർമാണങ്ങളും സൈനിക വിന്യാസവുമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ക്കു കാരണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് നേരത്തേ അറിയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.