വാഷിംഗ്ടണ്‍: ഇന്ന് ലോകത്തെ ഏറ്റവും വലിയ സമ്പന്നനാണ് ടെസ്‌ല കമ്പനിയുടെ സിഇഒ ആയ എലോണ്‍ മസ്‌ക്. ലോകത്തെ അതിസമ്പന്നരില്‍ പ്രഥമ സ്ഥാനത്ത് എത്തിയതും ടെസ് ലയുടെ ഓഹരികള്‍ സ്വന്തമാക്കിയതിലൂടെയാണ്. ലോകത്ത് ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന സിഇഒയും അദ്ദേഹം തന്നെ.
നിലവില്‍ ടെസ്‌ലയുടെ 13 ശതമാനം ഓഹരികളാണ് മസ്‌ക് സ്വന്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇതില്‍ തൃപ്തനല്ലെന്നും തനിക്ക് കുറഞ്ഞത് 25 ശതമാനം ഓഹരികളെങ്കിലും വേണമെന്നുമാണ് മസ്‌കിന്റെ നിലപാട്. തന്റെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെ മസ്‌ക് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ടെസ് ല വന്‍ വളര്‍ച്ചയാണ് നേടുന്നതെന്നും റോബോട്ടിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ മേഖലകളിലാണ് ടെസ് ലയുടെ ബിസിനസ് സാധ്യതയെന്നും വെളിപ്പെടുത്തിയ അദ്ദേഹം തനിക്ക് കമ്പനിയുടെ കാര്യത്തില്‍ കൂടുതല്‍ അധികാരം സ്വന്തമാക്കുന്നതിനായി 25 ശതമാനം ഓഹരികള്‍ എങ്കിലും സ്വന്തമാക്കണമെന്ന് വെളിപ്പെടുത്തി. അതേ സമയം, ഇതിന് സാധിക്കാത്ത പക്ഷം ടെസ് ലയെ ഉപേക്ഷിച്ച് മറ്റു കമ്പനികളില്‍ നിക്ഷേപമിറക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടുതല്‍ ഓഹരികള്‍ സ്വന്തമാക്കുന്നതിലൂടെ കമ്പനിയില്‍ തനിക്കുള്ള ആധിപത്യം ഒന്നുകൂടെ ഉറപ്പിക്കുകയാണ് മസ്‌കിന്റെ ലക്ഷ്യം. നാലിലൊന്ന് ശതമാനം സ്വന്തമാക്കിയാല്‍ മസ്‌കിന്റെ സമ്പാദ്യം ഇനിയും ഉയരും. അതേ സമയം, 20 ശതമാനം ഓഹരി ഉണ്ടായിരുന്ന മസ്‌ക് സമൂഹമാധ്യമമായ എക്‌സ് (മുന്‍പത്തെ ട്വിറ്റര്‍) വാങ്ങുന്നതിനായാണ് ടെസ് ലയുടെ കുറച്ച് ഓഹരികള്‍ വിറ്റത്. ഏകദേശം 44 ബില്യണ്‍ ഡോളറിനാണ് മസ്‌ക് എക്‌സ് സ്വന്തമാക്കിയത്.
നിലവില്‍ ഇലക്ട്രിക് കാറുകളുടെ നിര്‍മാണത്തില്‍ മുന്‍പന്തിയിലാണ് ടെസ് ല. എന്നാല്‍ ഇലക്ട്രിക് കാറുകള്‍ക്കുമപ്പുറമാണ് ടെസ് ലയുടെ ഭാവിയെന്ന് പറഞ്ഞ മസ്‌ക്, ഹ്യുമനോയ്ഡ് റോബോട്ട് നിര്‍മാണത്തില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വെളിപ്പെടുത്തി. ഈ പദ്ധതിയുടെ അടിസ്ഥാനത്തില്‍ ഓഹരി വിപണിയില്‍ വന്‍നേട്ടം കൊയ്യാന്‍ ടെസ് ലയ്ക്കായി.
എന്നാല്‍ 25 ശതമാനം ഓഹരികള്‍ ലഭിക്കാത്ത പക്ഷം, ടെസ് ല ഉപേക്ഷിച്ച് മറ്റ് ബിസിനസില്‍ നിക്ഷേപിക്കുമെന്ന മസ്‌കിന്റെ പ്രസ്താവനയെ തുടര്‍ന്ന് മാത്രം 1.5 ശതമാനം ഇടിവാണ് സ്റ്റോക്ക് വിപണിയില്‍ ടെസ് ല നേരിട്ടത്.
56 ബില്യണ്‍ ഡോളറാണ് മസ്‌കിന്റെ വാര്‍ഷിക പ്രതിഫലം. 2018ല്‍ തീരുമാനിച്ച ഈ പ്രതിഫലം വളരെ ഉയര്‍ന്നതാണെന്ന് ചൂണ്ടിക്കാട്ടി ഒരു നിക്ഷേപകന്‍ നല്‍കിയ കേസില്‍ ഇപ്പോഴും വാദം നടന്നു കൊണ്ടിരിക്കുകയാണ്.
അതേ സമയം, തന്റെ പ്രതിഫലത്തെക്കുറിച്ചല്ല താന്‍ സംസാരിക്കുന്നതെന്നും ടെസ് ലയെ പുതിയ തലത്തിലേക്ക് ഉയര്‍ത്താനുള്ള തന്റെ ശ്രമങ്ങള്‍ക്ക് മറ്റ് വലിയ നിക്ഷേപകര്‍ സമ്മതിക്കുമോയെന്നതാണ് തന്നെ ആകുലനാക്കുന്നതെന്നും അദ്ദേഹം കുറിച്ചു.
25 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയാല്‍ ടെസ് ലയുടെ കാര്യത്തില്‍ കൂടുതല്‍ നിയന്ത്രണം മസ്‌കിന് ലഭിക്കും. ഫിഡെലിറ്റി, ബ്ലാക്ക്‌റോക്ക് പോലുള്ള വന്‍കിട കമ്പനികളും ഉയര്‍ന്ന തുക ടെസ് ലയില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇതാണ് മസ്‌കിനെ അസ്വസ്ഥനാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.