ഒറ്റ ഇടപാടില്‍ ഇടനിലക്കാരന് ലക്ഷങ്ങള്‍ ലാഭം: ഉത്തരേന്ത്യന്‍ മാതൃകയില്‍ വടക്കന്‍ കേരളത്തില്‍ മലയാളി സംഘം

 ഒറ്റ ഇടപാടില്‍ ഇടനിലക്കാരന് ലക്ഷങ്ങള്‍ ലാഭം: ഉത്തരേന്ത്യന്‍ മാതൃകയില്‍ വടക്കന്‍ കേരളത്തില്‍ മലയാളി സംഘം

കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പുകളിലൂടെ കൈക്കലാക്കുന്ന പണം നിമിഷങ്ങള്‍ക്കുള്ളില്‍ ഡോളറാക്കി മാറ്റി നല്‍കുന്ന ട്രേഡര്‍മാര്‍ കേരളത്തിലും സജീവം. സംഘത്തെ നയിക്കുന്നയാള്‍ വടക്കന്‍ കേരളത്തിലെ മലയാളിയെന്നാണ് സൂചന. ഒറ്റ ഇടപാടില്‍ ഇടനിലക്കാരന്റെ ലാഭം ലക്ഷങ്ങളാണ്. കൊച്ചിയില്‍ ഡോക്ടറുടെ പക്കല്‍ നിന്ന് 41.61 ലക്ഷം രൂപ തട്ടിയ കേസിലെ അന്വേഷണത്തിലാണ് ഹവാല ഇടപാടിന് സമാനമായ പണ കൈമാറ്റം കണ്ടെത്തിയത്.

പരാതിപ്പെട്ടാല്‍ പണം കൈപ്പറ്റിയ അക്കൗണ്ട് ഫ്രീസാകുമെന്നതിനാല്‍ തുക എത്രയും വേഗം മാറ്റിയെടുക്കുന്നതാണ് തട്ടിപ്പുകാരുടെ രീതി. ഉത്തരേന്ത്യന്‍ സംഘങ്ങളുടെ അതേ മാതൃകയാണിത്.

പണം കൈമാറ്റത്തിനായി പല മാര്‍ഗങ്ങളാണ് ഇവര്‍ പിന്തുടരുന്നത്. സാമൂഹിക മാധ്യമമായ ടെലിഗ്രാമില്‍ ഡോളര്‍ കൈമാറ്റം ചെയ്യാനുണ്ടെന്ന് പരസ്യം നല്‍കുകയാണ് ആദ്യം ചെയ്യുന്നത്. ഇതുകണ്ട് സമീപിക്കുന്ന തട്ടിപ്പ് സംഘങ്ങള്‍ക്ക്, മാറ്റിയെടുക്കേണ്ട ഇന്ത്യന്‍ രൂപയ്ക്ക് ആനുപാതികമായി ഡോളര്‍ പറയുന്ന അക്കൗണ്ടിലേക്ക് കൈമാറുന്നതാണ് രണ്ടാം ഘട്ടം.

ക്രിപ്റ്റോ കറന്‍സിയും ബിറ്റ്‌കോയിനുമായും ഇന്ത്യന്‍ രൂപ മാറ്റിയെടുക്കാറുണ്ടെങ്കിലും ഡോളറിലാണ് അധിക ഇടപാടും. ട്രേഡറുടെ വിദേശ ബാങ്ക് അക്കൗണ്ടിലെത്തുന്ന രൂപ ഡാര്‍ക്ക് വെബ് മുഖേനെ സുഹൃത്തുക്കളുടെ അക്കൗണ്ടുകളിലേക്ക് അഞ്ചും പത്തും ലക്ഷമായി കൈമാറുന്നതാണ് മൂന്നാം ഘട്ടം. നല്ലൊരു തുക പാരിതോഷികം നല്‍കി പണം പിന്നീട് ബാങ്കില്‍ നിന്ന് മാറ്റിയെടുപ്പിച്ച് സംഘത്തലവന് നേരിട്ട് എത്തിക്കുന്നതാണ് അവസാന ഘട്ടം. ഇയാളാണ് ട്രേഡറുടെ വിദേശബാങ്ക് അക്കൗണ്ടുകളിലേക്ക് ഡോളര്‍ നിക്ഷേപിക്കുന്നത്. ട്രേഡര്‍മാരില്‍ അധികവും യുവാക്കളായിരിക്കും.

തട്ടിപ്പിന് വി.പി.എന്‍ (വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് ) കോളുകളാണ് ഉപയോഗിക്കാറുള്ളത്. കൊച്ചിയില്‍ ഡോക്ടറുടെ അക്കൗണ്ടില്‍ നിന്ന് 41.61 ലക്ഷം രൂപ കൈക്കലാക്കാന്‍ തട്ടിപ്പ് സംഘം ഉപയോഗിച്ചത് വി.പി.എന്‍ ഫോണ്‍ കോള്‍ ആയിരുന്നു. കൊറിയറില്‍ എം.ഡി.എം.എ ലഭിച്ചെന്നും തങ്ങള്‍ മുംബൈയിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെന്നും അറിയിച്ച് ഡോക്ടറെ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മുള്‍മുനയില്‍ നിറുത്തിയാണ് സംഘം പണം തട്ടിയത്. ഫോണ്‍കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇത് വി.പി.എന്‍ വഴിയെത്തിയതാണെന്ന് വ്യക്തമായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.