മണിപ്പൂരില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമണം; മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

മണിപ്പൂരില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമണം; മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

തൗബാല്‍: മണിപ്പൂരില്‍ വീണ്ടും സുരക്ഷാ സേനയ്ക്ക് നേരേ ആക്രമണം. തൗബാല്‍ ജില്ലയിലെ പൊലീസ് ആസ്ഥാനത്തിന് നേരെ ജനക്കൂട്ടം നടത്തിയ ആക്രമണത്തില്‍ മൂന്ന് അതിര്‍ത്തിരക്ഷാ സേന ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.

തൗബാലിലെ ഖാന്‍ഗാബോക്ക് ഏരിയയിലെ തേര്‍ഡ് ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ സമുച്ചയമാണ് ജനക്കൂട്ടം ആദ്യം ലക്ഷ്യമിട്ടത്. ഇവിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കുറവായിരുന്നെങ്കിലും ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ കഴിഞ്ഞു. തുടര്‍ന്നാണ് തൗബാല്‍ പോലീസ് ആസ്ഥാനം ആക്രമിച്ചത്.

പോലീസ് ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ജനക്കൂട്ടത്തിനിടയില്‍ ഉണ്ടായിരുന്ന സായുധരായ അക്രമകാരികള്‍ സ്റ്റേഷന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കോണ്‍സ്റ്റബിള്‍ ഗൗരവ് കുമാര്‍, എഎസ്‌ഐമാരായ ശോഭം സിങ്, റാംജി എന്നിവര്‍ക്കാണ് പരുക്കേറ്റതെന്ന് മണിപ്പൂര്‍ പോലീസ് അറിയിച്ചു.

തൗബാലില്‍ നിന്ന് 100 കിലോ മീറ്ററര്‍ ദൂരെയുള്ള മോറെ അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം സായുധ സംഘത്തിന്റെ ആക്രമണത്തില്‍ രണ്ട് കമാന്‍ഡോകള്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു.

അതിര്‍ത്തി പട്ടണമായ മോറെയിലെ ക്രമസമാധാന നില ഗുരുതരമായ ആശങ്കയുണ്ടാക്കുന്നതായി പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. നിലവിലുള്ള സാഹചര്യത്തില്‍ മോറെയില്‍ സ്ഥിതി കൂടുതല്‍ വഷളായേക്കാം.

ഏത് സമയത്തും മെഡിക്കല്‍ എമര്‍ജന്‍സി ഉണ്ടാകാം. മോറെയിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥരെയും വെടിയുണ്ടകളും മറ്റും എയര്‍ലിഫ്റ്റ് ചെയ്യേണ്ടതുണ്ടെന്നും പോലീസ് വകുപ്പ് ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ കത്തില്‍ പറയുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.