മികച്ച ലോകം കെട്ടിപ്പടുക്കാനുള്ള അവസരമാണ് ലോക സാമ്പത്തിക ഫോറം: ഫ്രാൻസിസ് മാർപാപ്പ

മികച്ച ലോകം കെട്ടിപ്പടുക്കാനുള്ള അവസരമാണ് ലോക സാമ്പത്തിക ഫോറം: ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ: മികച്ച ലോകം കെട്ടിപ്പടുക്കാനുള്ള വഴികൾ കണ്ടെത്താനുള്ള അവസരമാണ് ലോക സാമ്പത്തിക ഫോറമെന്ന് ഫ്രാൻസിസ് മാർപാപ്പ. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിന്റെ 54-ാമത് വാർഷിക യോഗത്തിന് ആശംസ അറിയിച്ചുകൊണ്ട് അയച്ച കത്തിലാണ് മാർപാപ്പ ഇപ്രകാരം വ്യക്താമാക്കിയത്.

സംഘടനയുടെ ചെയർപേഴ്‌സൺ ക്ലോസ് ഷ്വാബിനെ അഭിസംബോധന ചെയ്തായിരുന്നു മാർപ്പാപ്പയുടെ കത്ത്. കാലാവസ്ഥാ പ്രതിസന്ധി, ആഗോള ഭക്ഷ്യ ദൗർലഭ്യം, സാമ്പത്തിക അസമത്വം, വികസ്വര രാജ്യങ്ങളിലെ തൊഴിലാളികളുടെ ചൂഷണം എന്നിവയുൾപ്പെടെ പ്രധാനപ്പെട്ട പല വിഷയങ്ങളും കത്തിൽ ഉൾപ്പെടുത്തി.

പ്രകൃതി വിഭവങ്ങളുടെ ചൂഷണം ചിലരെ മാത്രം സമ്പന്നമാക്കിക്കൊണ്ട് ഗുണഭോക്താക്കളായ മുഴുവൻ ജനങ്ങളെയും അനാഥത്വത്തിന്റെയും ദാരിദ്ര്യത്തിന്റെയും അവസ്ഥയിലേക്ക് നീക്കുന്നു. വളർച്ചയുടെയും സാമ്പത്തിക വികസനത്തിന്റെയും കൂടുതൽ സുസ്ഥിര മാതൃകകളിലേക്ക് എത്തിച്ചേരുന്നതിന് സംസ്ഥാന നയങ്ങളും വാണിജ്യ രീതികളും സമന്വയിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മാർപാപ്പ കത്തിലൂടെ സംസാരിച്ചു.

പുതിയ സാമ്പത്തിക മാതൃകകൾ ദീർഘദൃഷ്ടിയുള്ളതും ധാർമ്മികമായി ദൃഢവും ആയിരിക്കണം എന്ന് പാപ്പ ആവർത്തിച്ചു. അധികാരവും രാഷ്ട്രീയ സാമ്പത്തിക വ്യക്തി​ഗത നേട്ടവും നമ്മുടെ പൊതുനന്മയ്‌ക്കായി ഉപയോ​ഗിക്കണം. ദരിദ്രർക്കും ഏറ്റവും ദുർബലമായ സാഹചര്യങ്ങളിൽ ഉള്ളവർക്കും മുൻഗണന നൽകണമെന്നും പാപ്പ ഓർമ്മിപ്പിച്ചു.

സാമൂഹികവും സാമ്പത്തികവുമായ വികസനത്തിൽ നിർണായക പങ്കാളികളായ സർക്കാരിതര സംഘടനകളും (എൻ‌ജി‌ഒകൾ) ഇന്റർ ഗവൺമെന്റൽ ഓർഗനൈസേഷനുകളും (ഐ‌ജി‌ഒ) വഹിക്കുന്ന പങ്ക് ഫ്രാൻസിസ് മാർപാപ്പ ഊന്നിപ്പറഞ്ഞു.

54ാമത് ലോക സാമ്പത്തിക ഫോറം വാർഷിക യോഗം 15 മുതൽ 19 വരെ സ്വിറ്റ്സർലാൻഡിലെ ദാവോസിലാണ് നടക്കുന്നത്. സുരക്ഷയും സഹകരണവും സാധ്യമാക്കുക, പുതിയ കാലത്തിന് ആവശ്യമായ വളർച്ചയും തൊഴിലും സൃഷ്ടിക്കുക, സാമ്പത്തിക വ്യവസ്ഥയുടെയും സമൂഹത്തിന്റെയും മുന്നോട്ടുപോക്കിന് നിർമിത ബുദ്ധി പ്രയോജനപ്പെടുത്തുക, കാലാവസ്ഥ, പ്രകൃതി, ഊർജ്ജം തുടങ്ങിയവയിൽ ദീർഘകാല തന്ത്രം രൂപപ്പെടുത്തുക തുടങ്ങിയവയാണ് അജണ്ടയായി നിശ്ചയിച്ചിട്ടുള്ളത്. യുക്രെയ്ൻ -റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ഫോർമുല സവിശേഷമായി ചർച്ച ചെയ്യുമെന്ന് റിപ്പോർട്ടുണ്ട്.

യു.എൻ സെക്രട്ടറി ജനറൽ അ​ന്റോണിയോ ഗുട്ടെറസ്, ഓപൺ ഐ സി.ഇ.ഒ സാം ആൾട്ട് മാൻ, അന്താരാഷ്ട്ര നാണയനിധി ഡയറക്ടർ ക്രിസ്റ്റാലിന ജോർജിയേവ, ലോകബാങ്ക് പ്രസിഡന്റ് അജയ് എസ്. ബംഗ, ലോക വ്യാപാര സംഘടന മേധാവി എൻഗോസി ഒകോഞ്ഞോ, നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോലെൻബെർഗ്, ലോകാരോഗ്യ സംഘടന മേധാവി തെദ്രോസ് അദാനോം ഗെബ്രിയെസൂസ് തുടങ്ങിയവരും വിവിധ രാഷ്ട്രങ്ങളുടെ പ്രതിനിധികളും പ​ങ്കെടുക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.