അമേരിക്കയില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെ തോക്കുധാരിയെ തിരഞ്ഞ് പോലീസ് പള്ളിയില്‍ ഇരച്ചുകയറി; ദിവ്യബലി തടസപ്പെട്ടു

അമേരിക്കയില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെ തോക്കുധാരിയെ തിരഞ്ഞ് പോലീസ് പള്ളിയില്‍ ഇരച്ചുകയറി; ദിവ്യബലി തടസപ്പെട്ടു

പ്ലാസെന്‍ഷ്യ (കാലിഫോര്‍ണിയ): അമേരിക്കയിലെ കത്തോലിക്ക പള്ളിയില്‍ വിശുദ്ധ കുര്‍ബാന മധ്യേ തോക്കുധാരിയായ ഒരാള്‍ പ്രവേശിച്ചെന്ന സംശയത്തെതുടര്‍ന്ന് പള്ളിക്കുള്ളില്‍ നാടകീയ രംഗങ്ങള്‍. പ്രദേശവാസികളെയും ഇടവകാംഗങ്ങളെയും ആശങ്കയുടെ മുള്‍മുനയിലാക്കിയ സംഭവത്തെതുടര്‍ന്ന് പള്ളിയും സമീപത്തെ സ്‌കൂളുകളും അടച്ചു.

കാലിഫോര്‍ണിയയിലെ ഓറഞ്ച് കൗണ്ടിയിലുള്ള പ്ലാസന്‍ഷ്യ സെന്റ് ജോസഫ് കത്തോലിക്ക പള്ളിയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. തോക്കുധാരിയായ ഒരാള്‍ പള്ളിക്കുള്ളില്‍ പ്രവേശിച്ചെന്ന റിപ്പോര്‍ട്ടുകളെതുടര്‍ന്ന് പോലീസ് വിശുദ്ധ കുര്‍ബാന തടസപ്പെടുത്തി ഇരച്ചുകയറുകയായിരുന്നു. വിശ്വാസികള്‍ക്കിടയില്‍ അക്രമി ഒളിച്ചിരിക്കുന്നതായുള്ള സംശയത്തെതുടര്‍ന്ന് കൈകള്‍ ഉയര്‍ത്താന്‍ പോലീസുകാര്‍ ഇടവകാംഗങ്ങളോട് ആവശ്യപ്പെട്ടത് കടുത്ത ഭീതി സൃഷ്ടിച്ചു.

പള്ളിക്കു സമീപുള്ള പ്രദേശത്ത് വെടിവയ്പ്പ് റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് പോലീസ് സംഭവസ്ഥത്ത് എത്തി. കൈത്തോക്കുമായി ഒരാള്‍ പള്ളിക്കുള്ളിലേക്ക് പോയതായി ചിലര്‍ പറഞ്ഞതിനെതുടര്‍ന്നാണ് പോലീസ് തെരച്ചില്‍ നടത്തിയത്. പുരോഹിതന്‍ വിശുദ്ധ കുര്‍ബാന കരങ്ങളില്‍ എടുത്ത് ഉയര്‍ത്തി പ്രാര്‍ത്ഥിക്കുമ്പോഴാണ് പള്ളിയുടെ പിന്‍ഭാഗത്തു നിന്ന് വലിയ ശബ്ദത്തോടെ പത്തിലധികം പോലീസുകാര്‍ ഇരച്ചുകയറിയത്. ഇതിന്റെ തത്സമയ വീഡിയോ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നു.

സംഭവത്തില്‍ സംശയാസ്പദമായി കണ്ട ഒരാളെ കസ്റ്റഡിയിലെടുത്തെങ്കിലും തോക്ക് കണ്ടെത്താനായില്ല. അക്രമിയെന്ന് സംശയിക്കുന്നയാളെ പോലീസ് ഒരു പ്രതിരോധവുമില്ലാതെ പിടികൂടിയെന്നും ആ വ്യക്തി ഇടവകക്കാരനാണെന്ന് പിന്നീട് തിരിച്ചറിഞ്ഞ് കുറ്റം ചുമത്താതെ വിട്ടയച്ചതായും ഇടവകയിലെ ഡീക്കന്‍ നിക്ക് ഷെര്‍ഗ് പറഞ്ഞു. പള്ളിക്കുള്ളില്‍ നിന്ന് ആയുധങ്ങളൊന്നും കണ്ടെത്തിയില്ല.

ഇടവകക്കാരുടെയും സമീപത്തെ സ്‌കൂളുകളുടെയും സുരക്ഷ കണക്കിലെടുത്താണ് കുര്‍ബാന സമയത്ത് പള്ളിയില്‍ പ്രവേശിക്കാന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചതെന്ന് പ്ലാസന്‍ഷ്യ പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രതിനിധി ജോ കോണല്‍ സിഎന്‍എയോട് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.