ചെങ്കടലില്‍ അമേരിക്കന്‍ കപ്പലിന് നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം: രക്ഷകരായി മലയാളി ക്യാപ്റ്റനായ ഇന്ത്യന്‍ നാവിക സേനയുടെ പടക്കപ്പല്‍

ചെങ്കടലില്‍ അമേരിക്കന്‍ കപ്പലിന് നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം: രക്ഷകരായി മലയാളി ക്യാപ്റ്റനായ ഇന്ത്യന്‍ നാവിക സേനയുടെ പടക്കപ്പല്‍

ന്യൂഡല്‍ഹി: ചെങ്കടലില്‍ ഹൂതി വിമതരുടെ ഡ്രോണ്‍ ആക്രമണത്തിനിരയായ അമേരിക്കന്‍ ചരക്ക് കപ്പലിന് തുണയായി മലയാളി ക്യാപ്റ്റനായ ഇന്ത്യന്‍ നാവിക സേനയുടെ പടക്കപ്പല്‍. ഏദന്‍ കടലിടുക്കില്‍ ബുധനാഴ്ച രാത്രിയാണ് എം.വി ഗെന്‍കോ പിക്കാര്‍ഡി എന്ന കപ്പലിന് നേരെ യെമനില്‍ നിന്ന് ഹൂതികളുടെ ഡ്രോണ്‍ ആക്രമണമുണ്ടായത്.

സന്ദേശം ലഭിച്ചയുടന്‍ സമീപ പ്രദേശത്തുണ്ടായിരുന്ന ഇന്ത്യന്‍ നാവിക സേനയുടെ പടക്കപ്പലായ ഐഎന്‍എസ് വിശാഖപട്ടണം പാഞ്ഞെത്തുകയും ആവശ്യമായ സഹായം നല്‍കുകയുമായിരുന്നു. മലയാളിയായ ബ്രിജേഷ് നമ്പ്യാരാണ് ഇതിന്റെ ക്യാപ്റ്റന്‍.

ചരക്ക് കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരും സുരക്ഷിതരാണ്. ഇവരില്‍ ഒമ്പത് പേര്‍ ഇന്ത്യക്കാരാണ്. വിശദ പരിശോധനയ്ക്ക് ശേഷം കപ്പലിന് ഇന്ത്യന്‍ നാവിക സേന പിന്നീട് സുരക്ഷിത പാതയൊരുക്കുകയും ചെയ്തു.

ഇതിനിടെ യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്ക വീണ്ടും വ്യോമാക്രമണം നടത്തി. ഹൂതികളെ ഭീകരരുടെ പട്ടികയില്‍ പെടുത്തിയ അമേരിക്ക അവര്‍ക്കെതിരായ നടപടികള്‍ കൂടുതല്‍ കടുപ്പിക്കുകയാണ്.

ഇസ്രയേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ചെങ്കടലിലൂടെ കടന്നു പോകുന്ന കപ്പലുകള്‍ക്ക് നേരെ ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതരുടെ ആക്രമണം പതിവായിരിക്കുകയാണ്. ഇന്ത്യയിലേക്കുള്ള രണ്ട് ചരക്കുകപ്പലുകളും ഈയിടെ ആക്രമിക്കപ്പെട്ടിരുന്നു. ഇതോടെ പത്ത് പടക്കപ്പലുകള്‍ ഇന്ത്യ ചെങ്കടലില്‍ വിന്യസിച്ചിട്ടുണ്ട്.

ആക്രമണം പതിവായതോടെ ഒട്ടേറെ ഷിപ്പിങ് കമ്പനികള്‍ ഇതുവഴിയുള്ള സര്‍വീസ് നിര്‍ത്തിയത് അന്താരാഷ്ട്ര ചരക്ക് ഗതാഗതത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് അവഗണിച്ചും ആക്രമണം തുടരുന്ന ഹൂതികളുടെ പ്രധാന ആവശ്യം ഗാസയില്‍ നിന്നുള്ള ഇസ്രയേലിന്റെ പിന്‍മാറ്റമാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.