റൂട്ട് മാറി; രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്കെതിരെ കേസെടുത്ത് അസം പൊലീസ്

റൂട്ട് മാറി; രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്കെതിരെ കേസെടുത്ത് അസം പൊലീസ്

ഗുവാഹത്തി: റൂട്ട് മാറി സഞ്ചരിച്ചു എന്നാരോപിച്ച് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്കെതിരെ അസം പൊലീസ് കേസെടുത്തു. നേരത്തെ നിശ്ചയിച്ച റൂട്ടില്‍ നിന്നും മാറിയാണ് യാത്ര കടന്നു പോയതെന്നും ഇതുവഴി ജോര്‍ഹട്ടില്‍ സംഘര്‍ഷ സമാന സാഹചര്യം സൃഷ്ടിച്ചു എന്നുമാണ് പൊലീസ് കേസ്.

യാത്രയുടെ മുഖ്യ സംഘാടകന്‍ കെ.ബി ബൈജു അടക്കം ഏതാനും പേര്‍ക്കെതിരെയാണ് ജോര്‍ഹട്ട് സദര്‍ പൊലീസ് കേസെടുത്തത്. കെ.ബി റോഡ് വഴി പോകാനാണ് യാത്രയ്ക്ക് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ നഗരത്തില്‍ യാത്ര മറ്റൊരു വഴിക്ക് തിരിഞ്ഞത് വന്‍ തിരക്കും ഗതാഗത സ്തംഭനത്തിനും ഇടയാക്കിയെന്നും പൊലീസ് പറയുന്നു.

ജില്ലാ ഭരണകൂടം നല്‍കിയ നിര്‍ദേശങ്ങള്‍ യാത്രയില്‍ പാലിച്ചില്ലെന്നും റോഡ് സുരക്ഷാ നിയമങ്ങളുടെ ലംഘനമുണ്ടായെന്നും എഫ്ഐആറില്‍ പറയുന്നു. എന്നാല്‍ റൂട്ട് മാറ്റിയില്ലെന്നും യാത്രയ്ക്ക് ലഭിച്ച ജനപിന്തുണയില്‍ അസ്വസ്ഥനായ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പകവീട്ടുകയാണെന്നും സംഘാടകര്‍ ആരോപിച്ചു. യാത്ര പരാജയപ്പെടുത്താന്‍ അസം സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര വ്യാഴാഴ്ചയാണ് അസമില്‍ പ്രവേശിച്ചത്. എട്ട് ദിവസമാണ് യാത്ര അസമില്‍ പര്യടനം നടത്തുന്നത്. അസമില്‍ 833 കിലോമീറ്റര്‍ സഞ്ചരിക്കുന്ന യാത്ര 17 ജില്ലകളില്‍ കൂടി കടന്നു പോകും. പര്യടനത്തിനിടെ സംസ്ഥാനത്തെ വിവിധ ഗോത്ര വിഭാഗങ്ങളുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തുന്നുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.