കൊച്ചി: ലോക്‌സഭയില്‍ കേരളത്തില്‍ നിന്ന് അക്കൗണ്ട് തുറക്കാന്‍ പ്രധാനമന്ത്രി 'മോഡി കാ ഗ്യാരണ്ടി'യുമായി രണ്ടാഴ്ചയ്ക്കിടെ രണ്ട് വട്ടം വന്നു പോയ മണ്ഡലം... കേരളത്തിലെ ബിജെപി നേതാക്കളില്‍ ഏറ്റവും താരമൂല്യമുള്ള നടന്‍ സുരേഷ് ഗോപി വീണ്ടും അങ്കത്തിനിറങ്ങുന്ന മണ്ഡലം...
താമരപ്പാര്‍ട്ടിയുടെ സന്നാഹങ്ങളെ തറപറ്റിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേ കേരളത്തില്‍ ആദ്യമായെത്തുന്ന മണ്ഡലം... പൂര നഗരിയായ തൃശൂരിന് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പേ ദേശീയ പ്രാധാന്യം കൈവന്നു കഴിഞ്ഞു.
ത്രികോണ മത്സരം ഉറപ്പായ തൃശൂരില്‍ മൂന്ന് പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും അണികള്‍ എല്ലാം തീരുമാനിച്ച് ഉറപ്പിച്ചു കഴിഞ്ഞു. സിറ്റിങ് എംപി ടി.എന്‍ പ്രതാപനായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും സുരേഷ് ഗോപിക്കായി ബിജെപിയും വി.എസ് സുനില്‍ കുമാറിനായി സിപിഐക്കാരും ചുവരെഴുത്ത് വരെ തുടങ്ങിക്കഴിഞ്ഞു.
പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്‍പേ അണികള്‍ പ്രഖ്യാപിച്ച ഈ മൂന്ന് പേര്‍ തന്നെയാകും തൃശൂരില്‍ ത്രികോണ അങ്കത്തിനിറങ്ങുക എന്ന് ഏതാണ്ടുറപ്പാണ്. ഇനി മാറ്റം വന്നാലും അത് വി.എസ് സുനില്‍ കുമാറിന്റെ കാര്യത്തില്‍ മാത്രമാണുണ്ടാവുക. ടി.എന്‍ പ്രതാപനും സുരേഷ് ഗോപിയും സിറ്റുറപ്പിച്ചു കഴിഞ്ഞു.
പ്രചാരണം കൊഴുപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമനും ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ മാസ്റ്റര്‍ ബ്രെയിനുമായ അമിത് ഷാ, ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ അടക്കമുള്ള നേതാക്കളുടെ ഒരു വന്‍ നിര തന്നെ തൃശൂരിരേക്ക് ടിക്കറ്റെടുത്തു കഴിഞ്ഞു. 'ബൂത്ത് തലം മുതല്‍ ദേശീയ തലം വരെ പഴുതടച്ചുള്ള ഏകോപനം'- അതാണ് ബിജെപിയുടെ മനസിലുള്ള മുഖ്യ പ്രചാരണ തന്ത്രം.
ഫെബ്രുവരി നാലിന് ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ച് തൃശൂരില്‍ നടത്തുന്ന മഹാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്ന എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കു പിന്നാലെ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ ഭൂരിഭാഗം ദേശീയ നേതാക്കളും ടി.എന്‍ പ്രതാപനായി പ്രചാരണത്തിന് മണ്ഡലത്തിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം.
ബിജെപിയുടെ പ്രചാരണ തന്ത്രത്തിന് സമാനമായി ബൂത്ത് കമ്മിറ്റി മുതല്‍ എഐസിസി വരെയുള്ള നേതാക്കളെ കോര്‍ത്തിണക്കിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണ രീതിയാണ് കോണ്‍ഗ്രസും അവലംബിക്കാനൊരുങ്ങുന്നത്. ഫെബ്രുവരി നാലിന്റെ മഹാ സമ്മേളനത്തോടെ ഇതിന് തുടക്കം കുറിയ്ക്കും.
ഇതിന് പുറമേ ഇടത് സ്ഥാനാര്‍ത്ഥിക്കായി സിപിഎം, സിപിഐ ദേശീയ നേതാക്കളുടെ വന്‍ നിര കൂടി കളത്തിലിറങ്ങുമ്പോള്‍ പൂര നഗരിയിലെ തിരഞ്ഞെടുപ്പ് പ്രചാരണം ഒരു 'പ്രചാരണ മാമാങ്കം' തന്നെയായി മാറുമെന്നുറപ്പ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26