കൊച്ചി: ഉമ്മന്‍ ചാണ്ടിക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല....കാരണം നേതാവ് ഉമ്മന്‍ ചാണ്ടിയാണങ്കിലും പാര്‍ട്ടി കോണ്‍ഗ്രസാണ്....ഐ ഗ്രൂപ്പില്‍ നിന്നുള്ള ഭിന്ന സ്വരം കേട്ടു തുടങ്ങി.
രമേശ് ചെന്നിത്തലയുടെ വിശ്വസ്തനും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റുമായ കെ.ചന്ദ്രശേഖരനാണ് ആദ്യവെടി ഉതിര്‍ത്തിട്ടുള്ളത്. പ്രതിപക്ഷ നേതാവിനെ എഴുതി തള്ളാന്‍ ആകില്ലെന്നും അദ്ദേഹത്തിന് അര്‍ഹമായ പ്രാധിനിത്യം ലഭിക്കണമെന്നുമുള്ള ഐ ഗ്രൂപ്പിന്റെ നിലപാടാണ് ചന്ദ്രശേഖരനിലൂടെ പുറത്ത് വന്നത്. ഹൈക്കമാന്‍ഡിന്റെ കല്ലേല്‍ പിളര്‍ക്കുന്ന കല്‍പ്പന ഭയന്നാണ് ഐ ഗ്രൂപ്പിലെ മറ്റ് നേതാക്കള്‍ മൗനികളായിരിക്കുന്നത്.
തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ ചുമതല ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയെങ്കിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തത് ഐ ഗ്രൂപ്പിന് താല്‍ക്കാലിക ആശ്വാസവും പ്രതീക്ഷയും നല്‍കുന്നുണ്ട്. പക്ഷേ, തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍, ജയിച്ചാലും തോറ്റാലും ഒരു കൂട്ടത്തല്ലിന്റെ മണം വരുന്നുണ്ട്.
പാര്‍ട്ടിക്ക് പുറത്തും ഉമ്മന്‍ ചാണ്ടിക്ക് വെല്ലുവിളികള്‍ ഏറെയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ തകര്‍ന്നുപോയ യു.ഡി.എഫിനെ ശക്തിപ്പെടുത്തണം. കോണ്‍ഗ്രസില്‍നിന്ന് അകന്നുപോയ ന്യൂനപക്ഷ വോട്ട്ബാങ്കുകള്‍ തിരിച്ചുപിടിക്കണം. സാമുദായിക സന്തുലിതാവസ്ഥ തകിടം മറിയാതെ നോക്കണം. അങ്ങനെ ടാസ്‌കുകള്‍ നിരവധിയാണ്.
ഇതൊക്കെ മുന്നില്‍ കണ്ടാവണം താനൊരു പാര്‍ട്ടി പ്രവര്‍ത്തകന്‍ മാത്രമായി തുടര്‍ന്നു കൊള്ളാമെന്ന് ഇന്നലെ ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞത്. കെ.സി വേണുഗോപാലിന്റെ വസതിയിലായിരുന്നു ആദ്യ ചര്‍ച്ച. പിന്നീട് ഏ.കെ ആന്റണിയുടെ വീട്ടില്‍. തുടര്‍ന്നാണ് രാഹുലും സോണിയയും നേതാക്കളെ കണ്ടത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. പിന്നീട് ഹെക്കമാന്‍ഡ് നേരിട്ടിടപെട്ട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനവും ആന്ധ്രാ പ്രദേശിന്റെ ചുമതലയും നല്‍കി. അതിനിടെ ആന്ധ്രാ പ്രദേശില്‍ നടന്ന നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി എട്ടു നിലയില്‍ പൊട്ടുകയും ചെയ്തു. ഇതോടെ ഉമ്മന്‍ ചാണ്ടി കുറച്ചു കാലം രാഷ്ട്രീയ വനവാസത്തിലായിരുന്നുവെന്ന് പറയാം. ചില രോഗങ്ങളും പിടികൂടി. പിന്നീട് പൊതു പരിപാടികളില്‍ കുറച്ചെങ്കിലും സജീവമായത് അടുത്ത കാലത്താണ്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ അപ്രതീക്ഷിത തിരിച്ചടിയാണ് ഉമ്മന്‍ ചാണ്ടിയുടെ പുതിയ പട്ടാഭിഷേകത്തിന്റെ മുഖ്യ കാരണം. പാര്‍ട്ടി സംവിധാനം അടി മുതല്‍ മുടി വരെ ചലിക്കണമെങ്കില്‍ ഉമ്മന്‍ ചാണ്ടി തന്നെ കളത്തിലിറങ്ങണമെന്ന് ഹൈക്കമാന്‍ഡിന് ബോധ്യപ്പെട്ടു. സാധാരണ പ്രവര്‍ത്തകര്‍ക്കിടയില്‍ അദ്ദേഹത്തിനുള്ള സ്വാധീനം സോണിയയ്ക്കും രാഹുലിനും നന്നായറിയാം. മാത്രമല്ല, മധ്യ കേരളത്തിലടക്കം നഷ്ടമായ ക്രൈസ്തവ പിന്തുണ തിരിച്ചു പിടിക്കാന്‍ ഉമ്മന്‍ ചാണ്ടിയോളം പോന്ന മറ്റൊരു നേതാവ് കേരളത്തിലെ കോണ്‍ഗ്രസിലില്ലെന്നും ഹൈക്കമാന്‍ഡിനറിയാം.
പതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തല മികച്ച പ്രകടനം കാഴ്ച വച്ചു എന്നതില്‍ രണ്ടഭിപ്രായമില്ല. പക്ഷേ, തദ്ദേശ തെരഞ്ഞെടുപ്പില്‍ അതൊന്നും വോട്ടായി മാറിയില്ലെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തി. ഉമ്മന്‍ ചാണ്ടിയെ തിരികെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന യു.ഡി.എഫിലെ ഘടകകക്ഷികളുടെയടക്കം ആവശ്യത്തോട് മുഖം തിരിക്കാനും കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനാകുമായിരുന്നില്ല.
എല്ലാറ്റിനും ഉപരിയായി ബിജെപിയുടെ ജാതി രാഷ്ട്രീയത്തില്‍ പിടിച്ചു നില്‍ക്കാനാകാതെ വടക്കന്‍ സംസ്ഥാനങ്ങളില്‍ തകര്‍ന്നു പോയ കോണ്‍ഗ്രസിന് വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും പ്രതീക്ഷയുള്ളത് കേരളത്തിലാണ്. തമിഴ്‌നാട്ടിലും അസമിലും പശ്ചിമ ബംഗാളിലും കാര്യമായ സ്വാധീനമില്ല. മാത്രമല്ല, വയനാട്ടിലെ എംപി എന്ന നിലയില്‍ കേരളം രാഹുലിന്റെ തട്ടകമായാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.
അതുകൊണ്ടു തന്നെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രിയങ്കാ ഗാന്ധി, സച്ചിന്‍ പൈലറ്റ് അടക്കമുള്ള താരപ്രചാരകര്‍ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായുണ്ടാകും. രാഹുല്‍ ചില കാര്യങ്ങള്‍ കര്‍ശനമായി കേരള നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. രാഹുലിന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ അദ്ദേഹത്തിന്റെ ഡാറ്റ അനലിസ്റ്റ് ടീമും കേരളത്തില്‍ സജീവമായി ഉണ്ടാകും.
ഇതൊക്കെയാണങ്കിലും ഗാന്ധിജിയില്‍ നിന്നാരംഭിച്ച് നെഹ്‌റുവിലൂടെ, ഇന്ദിരയിലൂടെ പിന്നീട് രാജീവിലൂടെ കൈമാറി വന്ന ജനാധിപത്യ മൂല്ല്യങ്ങള്‍ കൈമോശം വരുത്തിയ കോണ്‍ഗ്രസ് തിരിച്ചറിയേണ്ട ഒന്നുണ്ട്.... നേതാവിന്റെ വ്യക്തി പ്രഭാവത്തിന് പരിധിയുണ്ട്, മുറിവേറ്റ് മാറിയവര്‍ മറിച്ചു ചിന്തിക്കണമെങ്കില്‍ പാര്‍ട്ടിയുടെ നയങ്ങളില്‍ മാറ്റമുണ്ടാകണം. നിസംഗത നിറഞ്ഞ നിലപാടുകള്‍ വെടിയണം.
ജയ്‌മോന്‍ ജോസഫ്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.