കൊച്ചി: ഇടുക്കിയില്‍ കൈവശ ഭൂമിയില്‍ ഉടമസ്ഥത, പാട്ടം തുടങ്ങി അവകാശ രേഖകളില്ലാത്ത ആര്‍ക്കും ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ പട്ടയം നല്‍കരുതെന്ന് ഹൈക്കോടതി നിര്‍ദേശം. ഇടുക്കി ജില്ലയ്ക്ക് മാത്രമാണ് വിധി നിലവില്‍ ബാധകമെങ്കിലും ബന്ധപ്പെട്ട ഭൂപതിവ് ചട്ട വ്യവസ്ഥകള്‍ തന്നെ പരിശോധിക്കാന്‍ കോടതി തീരുമാനിച്ചതിനാല്‍ സംസ്ഥാനമൊട്ടാകെ കൈവശ ഭൂമിയിലെ പട്ടയ നടപടികള്‍ നിയമക്കുരുക്കിലാകും.
കൈവശക്കാരെന്ന പേരില്‍ മൂന്നാര്‍ മേഖലയില്‍ കയ്യേറ്റക്കാര്‍ക്ക് പട്ടയം നല്‍കുകയാണെന്ന് ആരോപിച്ച് 'വണ്‍ എര്‍ത്ത് വണ്‍ ലൈഫ്' നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. നിയമപരമായ അവകാശ രേഖകള്‍ ഇല്ലാത്തവരെ കയ്യേറ്റക്കാരായി കാണേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.
1964 ലെ കേരള ഭൂപതിവ് ചട്ട പ്രകാരം കൈവശഭൂമിക്ക് പട്ടയം നല്‍കുന്നതിന് മാത്രമാണ് ഉത്തരവ് ബാധകം. ഇത്തരം പട്ടയ വിതരണം നിര്‍ത്തിവയ്ക്കാന്‍ ഇടുക്കി കളക്ടര്‍ക്കും അധികാരപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി. അതേസമയം ഭൂരഹിതര്‍, ആദിവാസികള്‍, വിമുക്തഭടന്മാര്‍ തുടങ്ങി വിവിധ വിഭാഗങ്ങള്‍ക്കുള്ള പട്ടയ നടപടികളെ ഉത്തരവ് ബാധിക്കില്ല.
ഭൂമി കയ്യേറിയവര്‍ക്ക് പോലും പട്ടയം നല്‍കാന്‍ അധികാരപ്പെടുത്തുന്ന ഭൂപതിവ് ചട്ടത്തിന്റെ 5,7 വ്യവസ്ഥകളുടെ സാധുത പരിശോധിക്കുമെന്നും ചീഫ് സെക്രട്ടറിയുടെ വിശദീകരണം തേടുമെന്നും കോടതി വ്യക്തമാക്കി. നിയമപരമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കുടിയേറ്റ കര്‍ഷകര്‍ക്കും മറ്റും പട്ടയം നല്‍കുന്നതെന്ന് ഇനിയുള്ള നടപടികളില്‍ സര്‍ക്കാര്‍ കോടതിയെ ബോധ്യപ്പെടുത്തേണ്ടി വരും.
ഭൂപതിവ് നിയമത്തിലെ ചട്ടം 11 പ്രകാരം തയ്യാറാക്കിയ പട്ടികയില്‍ ഉള്‍പ്പെട്ട സ്ഥലം മാത്രമേ പതിച്ച് നല്‍കാന്‍ കഴിയൂ. നിയമത്തിന്റെ ലക്ഷ്യത്തെ തോല്‍പ്പിക്കുന്ന ചട്ടങ്ങള്‍ സര്‍ക്കാരിന് തയ്യാറാക്കാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.