വത്തിക്കാൻ സിറ്റി: കസാക്കിസ്ഥാൻ പ്രസിഡന്റ് ടോക്കയേവുമായും കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ ഉറെഗോയുമായും കൂടിക്കാഴ്ച നടത്തി ഫ്രാൻസിസ് മാർപാപ്പ. ജനുവരി 19 ന് നടന്ന ഇരു നേതാക്കളുമായുള്ള വ്യത്യസ്ത കൂടിക്കാഴ്ച സമാധാനത്തിനും സഹകരണത്തിനും ഊന്നൽ നൽകുന്നതായിരുന്നു. പരിശുദ്ധ സിംഹാസനവും രാജ്യങ്ങളും തമ്മിലുള്ള നല്ല ഉഭയകക്ഷി ബന്ധത്തെ ഇരു രാജ്യങ്ങളും സ്വാഗതം ചെയ്യുന്നതായി വാർത്താ വിനിമയ കാര്യാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
വത്തിക്കാനിൽ ഒരു സ്വകാര്യ സദസിൽ വെച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ ഉറെഗോയെ ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചു. കൂടിക്കാഴ്ചയിൽ രാജ്യത്ത് സമാധാനം കൈവരിക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ച് മാർപാപ്പ സംസാരിച്ചു. വത്തിക്കാനിലെ അപ്പസ്തോലിക് കൊട്ടാരത്തിൽ ഫ്രാൻസിസ് മാർപാപ്പയും പ്രസിഡന്റ് ഗുസ്താവോ പെട്രോയും തമ്മിലുള്ള കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടുനിന്നു.
തുടർന്ന് കൊളംബിയൻ പ്രസിഡന്റ് സംസ്ഥാനങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും സെക്രട്ടറി ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഗറുമായി കൂടിക്കാഴ്ച നടത്തി. സ്റ്റേറ്റ് സെക്രട്ടേറിയറ്റിൽ നടന്ന ചർച്ചയിൽ അവർ കൊളംബിയയും വത്തിക്കാനും തമ്മിലുള്ള ബന്ധത്തിൽ സംതൃപ്തി പ്രകടിപ്പിച്ചു. അതോടൊപ്പം സംവാദം, സാമൂഹിക നീതി, അനുരഞ്ജനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി സഭയും ഭരണകൂടവും തമ്മിലുള്ള നല്ല സഹകരണം എടുത്തു പറഞ്ഞു. സാമൂഹിക - രാഷ്ട്രീയ സാഹചര്യങ്ങളുടെ വിഷയങ്ങൾ, കുടിയേറ്റം, മേഖലയിലെ പരിസ്ഥിതി സംരക്ഷണം എന്നിവയെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
കസാക്കിസ്ഥാൻ പ്രസിഡന്റുമായി നടത്തിയ കൂടികാഴ്ചയിൽ ആഗോള സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പങ്കിട്ട പ്രതിബദ്ധത ഉയർത്തിക്കാട്ടുന്ന കാര്യങ്ങളെ കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. ഫ്രാൻസിസ് പാപ്പയും പ്രസിഡന്റും മതാന്തര സംവാദത്തിന്റെ മേഖലയിൽ പരസ്പര സഹകരണത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തി. രാജ്യത്തിനകത്ത് പൊതുനന്മ പരിപോഷിപ്പിക്കുന്നതിൽ വിശ്വാസികൾ സജീവമായ പങ്കുവഹിക്കുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു.
വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ വിദേശരാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായുമുള്ള ബന്ധത്തിനായുള്ള വത്തിക്കാന്റെ സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഗെർ എന്നിവരുമായും പ്രസിഡന്റ് സംസാരിച്ചു. വത്തിക്കാൻ വാർത്താ വിനിമയ കാര്യാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പ്രാദേശികവും അന്തർ ദേശീയവുമായ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതായി പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.