വേനലും വേഗം മാറിപ്പോയി,
വർഷവും വേഗം മാറിപ്പോയി,
ഋതുക്കളും വേഗം മാറിപ്പോയി,
രാവും പകലും കടന്നു പോയി
നാമിപ്പോഴും തുടരുന്നു മൗനം,
രൗന്ദ്രം പൂണ്ട കടലിരമ്പം കേട്ട്
രാഗങ്ങളൊക്കെ മറന്നു പോയി,
കലങ്ങി നീരണിഞ്ഞതാം മിഴി -
യിണകളിൽ മങ്ങിയ കറുപ്പി -
ന്നഴകുഝടിതിതെളിയണം,
വാക്കുകളോരോന്നും കുഞ്ഞിളം
തെന്നലെന്നപോൽ തഴുകണം,
വിങ്ങി നിൽക്കും ഹൃദയങ്ങളിൽ
പുതു നാമ്പുകൾ നിറഞ്ഞു -
മഞ്ഞുകണങ്ങളിലുദയാദിത്യ -
ശോഭയേറ്റതു പോൽ തിളങ്ങി,
ശാന്തി പരത്തണം ചുററിലുമെ-
ന്നുറക്കെയുള്ളിലാരോ പറയുന്നു.
നാമിപ്പോഴും തുടരുന്നു മൗനം,
ചഞ്ചലചിത്തത്തിലിത്തിരി -
അമൃതുപകർന്നേകിയുലകിൽ
പനിനീർ പൂക്കൾപോൽ നിത്യം
സൗരഭ്യം പരത്തണം തളരാതെ.
ചിന്തകൾ മഹാമേരുവിൽ തട്ടി -
ചിതറിത്തെറിച്ചു കയത്തിൽ -
പ്പെട്ടു കരയെത്താതെയലിയുന്നു,
പൂവാടിയിൽ വർണ്ണ ചിറകുകൾ
വീശിപ്പറക്കും ചിത്രപതംഗമേ,
എൻ ഹൃദയമധുരം മുഴുവനുമൂറ്റി
കുടിക്കല്ലെനീയെൻ ദളങ്ങളി-
ലൊട്ടും മുറിവുപറ്റാതെയും -
തഴുകണേയിനിയും മധുരമധു -
നുകരുവാൻ പാറിപ്പറന്നെത്തിടാം -
ഈ സുഗന്ധവനിയിൽ വീശുമിളം
തെന്നലിൽ തേൻകുരുവികൾ.
നാമിപ്പോഴും തുടരുന്നു മൗനം,
മൗനങ്ങളൊക്കെയും വാചാല -
മായ് ചക്രവാളത്തിലെത്തണം,
നാം തമ്മിൽ എന്തിന്നു വൈരം,
മൗനമെന്തിനെന്നു തിരയാതെ -
വാക്കിലാണു സർവ്വമുണ്ടായ -
തെന്നോർത്ത് നമുക്കിപ്പോൾ -
ഒരുമിച്ചുലകിൽ സൗരഭ്യമാകാം,
നിത്യനിലാമഴയിലലിഞ്ഞു ചേരാം,
മൗനം വെടിഞ്ഞ് ഉയിരായിടാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.