പ്രണയനീർതോട്ടിലെ മാൻപേടകൾ (ഭാഗം-1)

പ്രണയനീർതോട്ടിലെ മാൻപേടകൾ (ഭാഗം-1)

ആഴ്ചയുടെ ഒന്നാം ദിവസം..!
കൂസലന്യേ അന്നും അർക്കൻ ഉദിച്ചുയർന്നു!
ഇടതുകരത്താൽ, അയാൾ കിടപ്പറയുടെ
ജനൽപാളികൾ, മെല്ലെ തുറന്നു!
മുറ്റത്തേ മുല്ലപ്പൂക്കളെ മുത്തികൊണ്ടിരുന്ന
കരിവണ്ട്, മൂളിവന്ന് വന്ദനം ചൊല്ലിയിട്ട്
പറന്നകന്നു.!

'വന്നതാരായാലും കുത്താഞ്ഞതു ഭാഗ്യം.!'
കുഞ്ഞുചെക്കൻ മാപ്പിളക്ക് ഒരു മോഹം.!
ഒരു സ്വഗതം!
'പള്ളീലച്ചൻ്റെ പ്രസംഗം ഇന്നൊന്നു കേട്ടാലോ'?
ഉടയാടകൾ അണിഞ്ഞൊരുങ്ങി, മുറിയിലെ
നിലകണ്ണാടിയിൽ നോക്കി നിന്നു.!
രണ്ടാംമുണ്ട് കഴുത്തിൽ അണിഞ്ഞു!
'വലതു കൈപ്പത്തിയില്ലെന്നുള്ള കാര്യം
എടാ കുഞ്ഞുചെക്കാ..നീ ഓർത്തോണം..!'
തൻ്റെ പ്രതിഛായ, തന്നോട് എന്തൊക്കെയോ
പറയുന്നതുപോലെ അയാൾക്കൊരു ഉൾവിളി.!
ഒരു തോന്നൽ.!!
'കുമ്പസ്സാരിച്ചിട്ട് ഒത്തിരി നാളായി.'
കുറേ കാലമായി കുഞ്ഞേലിയും,
അടുക്കളിട്ടു പുറംലോകം കണ്ടിട്ട്.!
'പള്ളീപോകുന്നതല്ലേ; കുഞ്ഞേലിയേക്കൂടി
കൂട്ടിക്കളയാം..'
മേഘനാദം, മിന്നലിന് കൂട്ടുവന്നു.!
കോളാമ്പിവായിലൂടെ വായുക്ഷോഭം പുറം-തള്ളി,
അയാൾ കട്ടിലേൽ ഇരിക്കാൻ ശ്രമിച്ചതേ ഓർമ്മയുള്ളു.!
ദ്രുതഗതി ആനവണ്ടി തട്ടിയ പ്രതീതി.!
കുഞ്ഞേലിയുടെ കുശിനിയും ഉണർന്നിരുന്നു!
അടുക്കളയഴിയിലൂടെ പുകപടലം പുറലോകം
തേടുന്നു..! ചുക്കുകാപ്പിയാണ് പ്രീയം.!
കാപ്പിക്കലത്തിൽ, വെള്ളം തിളക്കുന്നു.!
കലത്തിൽ, നീർപോളകൾ പൊന്തിവന്നു.
പൊടുന്നനെ, അവ പൊട്ടിമറയുന്നു.!
പൊടിയിട്ട്, കാപ്പിക്കലം ഇറക്കി വെച്ചു.!
അടുപ്പിൽ വെള്ളം തളിച്ച്, തീ അണച്ചു.!
'കുഞ്ഞൻ്റെ' നാസാരന്ധ്രങ്ങളിലൂടെ,
ചക്കരക്കാപ്പിയുടെ സവിശേഷഗന്ധം...,
ആഹാ...കയറിയിറങ്ങി!
'എ-ഡീ..കുഞ്ഞേലീ..കാപ്പി എന്തിയേ-ഡീ..'
മിന്നൽപിണർ കണ്ട് കുഞ്ഞേലി ഭയന്നു.!
"അയ്യോ..എൻ്റമ്മോ..ഞാനിപ്പം തീരുമേ.."
കിടപ്പറയോളം, അവൾ നൂറേൽ പാഞ്ഞു..!
കിതപ്പോടെ, കുഞ്ഞേലി കട്ടിലേൽ...
വെട്ടിയിട്ട ചക്കപോലെ.., ദേ..ഡും..!
സമനില വീണ്ടെടുത്ത കുഞ്ഞുചെക്കൻ,
തനിനാടൻ 'പച്ച-പര'പദസമുച്ചയങ്ങൾ
കോർത്തിണക്കി അവരെ അണിയിച്ചു!
"പറഞ്ഞോ..; ഇഷ്ടംപോലെ പറഞ്ഞോ.."
'എ-ഡീ..കുഞ്ഞീ.., കാപ്പി എന്തിയേ-ഡീ..?'
"അത് അടുക്കളേൽ കലത്തിലുണ്ട്..;
ഇടിവെട്ടിയപ്പം, ഞാനേ കലം കളഞ്ഞിട്ടോടി."
'ആദ്യമായിട്ടാണോടീ ഇടി കേൾക്കുന്നത്..?'
"എൻ്റെ മുതുക് കൊഴുക്കട്ട ആക്കിക്കോ;
പൊന്നിച്ചായാ..കൊലച്ചിരി..ചിരിക്കല്ലേ.!"
കട്ടിലിൻ്റടിയിൽനിന്നും, വെറ്റിലച്ചെല്ലം
വലിച്ചടുത്ത് കിടക്കയിൽ തുറന്നുവെച്ചു.
"ഇടിയും മിന്നലും പണ്ടേ പേടിയാ.."
കമ്പിളിപുതപ്പിനുള്ളിലേക്ക് നുഴഞ്ഞുകയറി.
ഒരുപരുവത്തിൽ, കയ്യും കാലും കുഞ്ഞേലി നേരയാക്കി.!
കുഞ്ഞേലിയുടെ പതിനെട്ടാം വയസ്സിൽ.,
മിന്നുമാല അണിഞ്ഞെത്തിയതാണ്.!
അന്നതിയാന്, ഇരുപത്തൊന്നു വയസ്സ്.!
ഒരു വ്യാഴവട്ടക്കാലം കടന്നുപോയി.!
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം..!!

................( തു ട രും )....................



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26