ജയ് ശ്രീറാം വിളിച്ചില്ലെങ്കില്‍ കുത്തിക്കൊല്ലുന്ന നാടായി ഇന്ത്യ മാറി; ശ്രീരാമന്‍ ഏറ്റവും വലിയ വില്‍പന ചരക്ക്: ടി. പത്മനാഭന്‍

ജയ് ശ്രീറാം വിളിച്ചില്ലെങ്കില്‍ കുത്തിക്കൊല്ലുന്ന നാടായി ഇന്ത്യ മാറി; ശ്രീരാമന്‍ ഏറ്റവും വലിയ വില്‍പന ചരക്ക്:  ടി. പത്മനാഭന്‍

കണ്ണൂര്‍: ജയ് ശ്രീറാം വിളിച്ചില്ലെങ്കില്‍ കുത്തിക്കൊല്ലുന്ന നാടായി ഇന്ത്യ മാറിയെന്ന് കഥാകൃത്ത് ടി. പത്മനാഭന്‍. ഇന്ത്യയിലെ ഏറ്റവും വലിയ വില്‍പന ചരക്ക് ശ്രീരാമന്റെ പേര് ആയിരിക്കും. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ തുറുപ്പു ചീട്ട് ശ്രീരാമന്റെ പേരും അയോധ്യയിലെ ക്ഷേത്രവുമായിരിക്കുമെന്നും അദേഹം പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ടി.പത്മനാഭന്‍.

ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ വില്‍പന ചരക്ക്, വെച്ച ഉടനെ വിറ്റുപോകുന്നത് ശ്രീരാമന്റെ പേരാണ്. ശ്രീരാമന്റെ പേര് ഉച്ചരിച്ചില്ലെങ്കില്‍, പരസ്പരം കാണുമ്പോള്‍ 'ജയ് ശ്രീറാം' എന്നു പറഞ്ഞ് അഭിവാദ്യം ചെയ്തില്ലെങ്കില്‍ അവരെ കുത്തിക്കൊല്ലുന്ന നാടാണിത്. അത് സംഭവിച്ചിട്ടുണ്ട്. ഇനിയും വര്‍ധിക്കാനാണ് എല്ലാ സാധ്യതയുള്ളത്.

'പാര്‍ലമന്റിലേക്കുള്ള തിരഞ്ഞെടുപ്പ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടക്കും. ആ സമയത്ത് ഏറ്റവും വലിയ തുറുപ്പു ചീട്ട് രാമന്റെ പേരും അയോധ്യയിലെ ക്ഷേത്രവുമായിരിക്കും. യാതൊരു സംശയവുമില്ല. ഈ തുറുപ്പു ചീട്ട് വച്ചായിരിക്കും അവരുടെ കളി. എന്താണ് സംഭവിക്കുക എന്ന് ഞാന്‍ പറയുന്നില്ല' - ടി. പത്മനാഭന്‍ പറഞ്ഞു.

അയോധ്യയിലെ പ്രാണ പ്രതിഷ്ഠയ്ക്കായി കേരളത്തില്‍ നിന്ന് പോയ പ്രമുഖ പി.ടി ഉഷയാണ്. അവര്‍ ഏത് രാമായണമാണ് വായിച്ചതെന്ന് തനിക്ക് അറിയില്ല. ഏതൊക്കെ തുഞ്ചത്തെഴുത്തച്ഛന്മാരുടെ അധ്യാത്മ രാമായണങ്ങളാണ് വായിച്ചതെന്നും തനിക്കറിയില്ലെന്നും അദേഹം പറഞ്ഞു.

'എന്റെ അറിവില്‍ ഏറ്റവും വലിയ രാമഭക്തന്‍ ഒരാളേയുള്ളു. പേര് ഗാന്ധി. ആ സാധു മനുഷ്യന്‍ ജീവിതത്തില്‍ ഒറ്റ സിനിമയേ കണ്ടിട്ടുള്ളൂ. വിജയ് ഭട്ടിന്റെ രാമരാജ്യം. അതിനു കാരണം അത് രാമന്റെ സിനിമയായതുകൊണ്ടാണ്. അന്ത്യശ്വാസം വലിക്കുമ്പോള്‍ അദ്ദേഹം രണ്ട് വാക്കുകള്‍ മാത്രമേ ഉച്ചരിച്ചുള്ളു: ഹേ റാം, ഹേ റാം' - പത്മനാഭന്‍ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.