മുല്ലപ്പള്ളിയുടെ വഴി മുടക്കി മുസ്ലീം ലീഗ്; കല്‍പ്പറ്റയില്‍ മത്സരിക്കാന്‍ ലീഗുകാരുണ്ടെന്ന് ജില്ലാ സെക്രട്ടറി

മുല്ലപ്പള്ളിയുടെ വഴി മുടക്കി മുസ്ലീം ലീഗ്; കല്‍പ്പറ്റയില്‍ മത്സരിക്കാന്‍ ലീഗുകാരുണ്ടെന്ന് ജില്ലാ സെക്രട്ടറി

കല്‍പ്പറ്റ: സുരക്ഷിത മണ്ഡലമായ കല്‍പ്പറ്റയില്‍ മത്സരിക്കാനുള്ള കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ താല്‍പര്യത്തിന് തുടക്കത്തിലേ തുരങ്കം വച്ച് മുസ്ലീം ലീഗ്. മുല്ലപ്പള്ളിയെ കല്‍പ്പറ്റയില്‍ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കാനാവില്ലെന്നും കല്‍പ്പറ്റ സീറ്റ് കോണ്‍ഗ്രസിന്റേതെന്ന വാദം നിലനില്‍ക്കുന്നതല്ലെന്നും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി യഹിയാ ഖാന്‍ പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജെഡിഎസിന്റേതായിരുന്നു ഈ സീറ്റ്. മുസ്ലിം ലീഗിന് ജില്ലയ്ക്കുള്ളില്‍ തന്നെ ശക്തരായ സ്ഥാനാര്‍ത്ഥികള്‍ ഉണ്ട്. കല്‍പ്പറ്റ സീറ്റ് ആവശ്യപ്പെടണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.നാളെ കല്‍പ്പറ്റയില്‍ ചേരുന്ന യുഡിഎഫ് യോഗത്തില്‍ വിഷയം അവതരിപ്പിക്കുമെന്നും യഹിയാ ഖാന്‍ പറഞ്ഞു.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്ടു നിന്നോ വയനാട്ടില്‍ നിന്നോ മത്സരിക്കാന്‍ മുല്ലപ്പള്ളി താത്പര്യമറിയിച്ചിട്ടുണ്ട്. സുരക്ഷിത മണ്ഡലമായതിനാല്‍ കല്‍പ്പറ്റയില്‍ മത്സരിക്കാനാണ് അദ്ദേഹത്തിന് കൂടുതല്‍ താല്‍പര്യം. മുല്ലപ്പള്ളി വടക്കന്‍ കേരളത്തില്‍ മത്സരിക്കുന്നത് അവിടത്തെ കാര്യങ്ങള്‍ അനുകൂലമാക്കുമെന്നാണ് ഹൈക്കമാന്‍ഡിന്റെ കണക്കു കൂട്ടല്‍.

കല്‍പ്പറ്റ കാലങ്ങളായി യുഡിഎഫിനെ തുണയ്ക്കുന്ന മണ്ഡലമാണ്. രാഹുല്‍ഗാന്ധി എംപിയായ വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ് താനും. കല്‍പ്പറ്റയല്ലെങ്കില്‍ മുല്ലപ്പള്ളിക്ക് താത്പര്യം കോഴിക്കോടിനോടാണ്. കെ മുരളീധരനുമായി അത്ര നല്ല ബന്ധമല്ലാത്തതിനാല്‍ വടകരയോട് മുല്ലപ്പള്ളിക്ക് വലിയ മമതയില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.