ഗ്രഹാം സ്റ്റെയിൻസിന്റെയും മക്കളുടെയും ഓർമകൾക്ക് ഇന്ന് 25 വയസ്; ചരമവാർഷികം ആചരിക്കാനൊരുങ്ങി ഒഡീഷ നിവാസികൾ

ഗ്രഹാം സ്റ്റെയിൻസിന്റെയും മക്കളുടെയും ഓർമകൾക്ക് ഇന്ന് 25 വയസ്; ചരമവാർഷികം ആചരിക്കാനൊരുങ്ങി ഒഡീഷ നിവാസികൾ

ഭുവനേശ്വർ: മതപരിവർത്തനം ആരോപിച്ച് വർ​ഗീയ വാദികൾ തീവെച്ചു കൊലപ്പെടുത്തിയ ക്രിസ്ത്യൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിന്റെയും മക്കളുടെയും ഓർമകൾക്ക് ഇന്ന് 25 വയസ്. ലോകം നടുങ്ങിയ കൊടും ക്രൂരത രണ്ടര പതിറ്റാണ്ട് പിന്നിടുമ്പോഴും മതവൈരത്തിന്റെ പേരിൽ കൊലയും കൊള്ളയും രാജ്യത്ത് ഇന്നും തുടർക്കഥയാവുകയാണ്.

1999 ജനുവരി 22 നാണ് ഓസ്ട്രേലിയൻ ക്രിസ്ത്യൻ മതപ്രചാരകനായ ഗ്രഹാം സ്‌റ്റെയിൻസും മക്കളായ ഫിലിപ്പും, തിമോത്തിയും ഒഡീഷയിലെ ബാരിപാഡയിൽ വാഹനത്തിൽ ചുട്ടുകൊല്ലപ്പെട്ടത്. ബാല്യകാല സുഹൃത്തിനെ കാണാനെത്തിയപ്പോഴാണ് തീവ്ര ഹിന്ദ്വത്വവാദികൾ കൊടും ക്രൂരത നടത്തിയത്.

ഒഡീഷയിലെ കിയോഞ്ജർ ജില്ലയിലെ വിദൂര ഗ്രാമമായ മനോഹർപൂരിലെ നിവാസികൾ ഇന്ന് ഗ്രഹാം സ്റ്റെയിൻസിന്റെയും രണ്ട് മക്കളുടെയും 25-ാം ചരമവാർഷികം ആചരിക്കും. ക്രൂരമായ കൊലപാതകം നടന്നതിന്റെ ദുഖം പേറുന്ന തലമുറ മനോഹർപൂരിൽ 25 വർ‌ഷമായി താമസിക്കുന്നു. മനുഷ്യ മനസാക്ഷിയെ മരവിപ്പിച്ച സംഭവം ഒരിക്കലും മായുന്നില്ല. എന്നിരുന്നാലും ജനുവരി 22 ഒരു ധ്യാന ദിനം കൂടിയാണ്.

സ്റ്റെയിൻസ് തന്റെ ജീവിത കാലത്ത് പരിശീലിച്ച മാനവികതയുടെ തത്ത്വചിന്ത മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിക്കുമെന്ന് 25 വർഷം മുമ്പ് സ്കൂൾ വിദ്യാർത്ഥിയായിരുന്ന 40 കാരനായ ജോഹാൻ മുർമു പറഞ്ഞു. ഭുവനേശ്വറിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള മനോഹർപൂരിൽ 260 ഓളം കുടുംബങ്ങളുണ്ട്. അതിൽ 45 കുടുംബങ്ങൾ ക്രിസ്തുമതം സ്വീകരിച്ചെന്നും ജോഹാൻ മുർമു പറഞ്ഞു.

ഗ്രഹാം സ്‌റ്റെയിൻസ് ഒഡീഷയിലെ ദരിദ്ര ആദിവാസി സമുദായങ്ങൾക്കിടെയിൽ 35 വർഷത്തോളം താമസിക്കുകയും പ്രവർത്തിക്കുകയും ചെയ്തതാണ് ഹിന്ദുത്വവാദികളെ ചൊടിപ്പിച്ചത്. തുടർന്നാണ് 1999 ജനുവരി 22 ന് ഗ്രഹാം സ്റ്റെയിൻസ്, മക്കളായ ഫിലിപ്പ്(10), തിമോത്തി(9) എന്നിവരെ വാഹനത്തിൽ കിടന്നുറങ്ങുന്നതിനിടെ ജീവനോടെ ചുട്ടുകൊന്നത്. ബാരിപാഡയിലെ കുഷ്ഠരോഗികളെ സേവിക്കുന്നതിൽ വ്യാപൃതനായ ഗ്രഹാം സ്റ്റെയിൻസിന് കൊല്ലപ്പെടുമ്പോൾ 58 വയസായിരുന്നു.

മികച്ച പ്രാസംഗികനായ ഇദേഹത്തിന് ഒഡിയ ഭാഷയിലും പ്രാദേശിക ഭാഷയായ സാന്താലിയിലും മികച്ച അറിവുണ്ടായിരുന്നു. പ്രസംഗത്തിലൂടെയും മറ്റും ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ചാണ് ഹിന്ദുത്വവാദികൾ ഗ്രഹാം സ്റ്റെയിൻസിനെ ചുട്ടുകൊന്നത്. എന്നാൽ ആരോപണം ഗ്രഹാം സ്റ്റെയിൻസിന്റെ വിധവയായ ഗ്ലാഡിസ് നിരസിച്ചിരുന്നു.

രാജ്യം നടുങ്ങിയ കൊടും ക്രൂരതയ്ക്കു നേതൃത്വം നൽകിയത് അന്ന് ബജറംഗ്ദൾ പ്രവർത്തകനായ ദാരാ സിങാണ്. മൂന്നുപേരെ കൂട്ടക്കൊല നടത്തിയതിന് വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ദാര സിങിന്റെ ശിക്ഷ പിന്നീട് ജീവപര്യന്തമാക്കി മാറ്റി.

ഒഡീഷയിലെ ഗോത്ര ജില്ലയായ മയൂർഭഞ്ചിന്റെ ആസ്ഥാനമായ ബാരിപാഡയിലായിരുന്നു ഗ്രഹാം സ്‌റ്റെയിൻസിന്റെ പ്രവർത്തനം. ഉറ്റവർ കൊല്ലപ്പെട്ട ശേഷവും ഗ്ലാഡിസ് സ്‌റ്റെയിൻസ് മകൾ എസ്തറിനൊപ്പം ഒഡീഷയിൽ തുടർന്നു. കുഷ്ഠരോഗം ബാധിച്ചവരുമൊത്തുള്ള പ്രവർത്തനത്തിന് 2005 ൽ ഇവരെ രാഷ്ട്രപതി പത്മശ്രീ ബഹുമതി നൽകി ആദരിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.