സമയ പരിധി അവസാനിക്കാന്‍ 15 മിനിട്ട് മുന്‍പേ കീഴടങ്ങല്‍; ബില്‍ക്കിസ് ബാനു കേസിലെ 11 പ്രതികളും വീണ്ടും അഴിക്കുള്ളില്‍

സമയ പരിധി അവസാനിക്കാന്‍ 15 മിനിട്ട് മുന്‍പേ കീഴടങ്ങല്‍; ബില്‍ക്കിസ് ബാനു കേസിലെ 11 പ്രതികളും വീണ്ടും അഴിക്കുള്ളില്‍

ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കേസിലെ മുഴുവന്‍ പ്രതികളും ജയിലിലെത്തി കീഴടങ്ങി. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം കീഴടങ്ങാനുള്ള അവസാന ദിവസമായ ഞായറാഴ്ചയാണ് 11 പ്രതികളും പഞ്ച്മഹല്‍ ജില്ലയിലെ ഗോധ്ര സബ് ജയിലില്‍ ഹാജരായത്.

2022 ഓഗസ്റ്റില്‍ പ്രതികളുടെ ശിക്ഷയില്‍ ഗുജറാത്ത് സര്‍ക്കാര്‍ ഇളവ് നല്‍കിയിരുന്നെങ്കിലും നടപടി സുപ്രീം കോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് പ്രതികള്‍ വീണ്ടും അഴിക്കുള്ളിലായത്.

രാജുഭായ് സോണി, ഗോവിന്ദ്ഭായ് നായ്, ബകാഭായ് വോഹാനിയ, കേസര്‍ഭായ് വോഹാനിയ, ജസ്വന്ത് നായ്, മിതേഷ് ഭട്ട്, ബിപിന്‍ ചന്ദ്ര ജോഷി, പ്രദീപ് മോര്‍ധിയ, രാധേഷ്യാം ഷാ, ശൈലേഷ് ഭട്ട്, രമേഷ് ചന്ദന തുടങ്ങി 11 കുറ്റവാളികളും ഞായറാഴ്ച രാത്രി വൈകി ജയില്‍ അധികൃതര്‍ക്ക് മുന്‍പാകെ ഹാജരായതായി പൊലീസ് വ്യക്തമാക്കി.

ഇന്നലെ രാത്രി 11.45 നാണ് പ്രതികളെത്തിയത്. കീഴടങ്ങല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ പഞ്ച്മഹല്‍ ജില്ലാ പോലീസ് ഞായറാഴ്ച വൈകുന്നേരം മുതല്‍ ഗോധ്ര സബ് ജയിലിന് പുറത്ത് നിരവധി ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.

ശിക്ഷ ഇളവ് റദ്ദാക്കിയ ജനുവരി എട്ടിലെ സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് ഞായറാഴ്ചയായിരുന്നു ഹാജരാകാനുള്ള അവസാന തിയതി. ഇത് നീട്ടി നല്‍കണമെന്ന് ബില്‍ക്കിസ് ബാനു കേസിലെ മൂന്ന് പ്രതികള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അനുവദിച്ചില്ല.

കൃഷിയുടെ വിളവെടുപ്പ്, മാതാപിതാക്കളുടെ ആരോഗ്യാവസ്ഥ എന്നീ കാരണങ്ങളായിരുന്നു സമയം നീട്ടി നല്‍കാനായി പ്രതികള്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ ഇതൊന്നും മതിയായ കാരണങ്ങളല്ലെന്ന് സുപ്രീം കോടതി കണ്ടെത്തുകയായിരുന്നു.

2002 ലെ ഗുജറാത്ത് കലാപത്തിനിടെ, ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും ഒന്നര വയസുള്ള കുട്ടിയെ ഉള്‍പ്പെടെ കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്‌തെന്ന കേസിലാണ് ഇവര്‍ ശിക്ഷിക്കപ്പെട്ടത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.