2025 ജൂബിലി വർഷത്തിനുള്ള തയ്യാറെടുപ്പ്; ക്രിസ്തീയ ഐക്യത്തിനായി പ്രത്യേകം പ്രാർത്ഥിക്കാൻ മാർപാപ്പയുടെ ആഹ്വാനം

2025 ജൂബിലി വർഷത്തിനുള്ള തയ്യാറെടുപ്പ്; ക്രിസ്തീയ ഐക്യത്തിനായി പ്രത്യേകം പ്രാർത്ഥിക്കാൻ മാർപാപ്പയുടെ ആഹ്വാനം

വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭയുടെ 2025 ജൂബിലി വർഷത്തിനുള്ള ഒരുക്കമായി പ്രാർഥനാ വർഷം പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പ. ക്രിസ്തീയ ഐക്യത്തിനായി പ്രത്യേകം പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത മാർപാപ്പ, വ്യക്തി ജീവിതത്തിലും സഭയുടെ ജീവിതത്തിലും ലോകത്തിലും പ്രാർഥനയുടെ മഹത്തായ മൂല്യവും സമ്പൂർണ ആവശ്യവും പുനപരിശോധിക്കാൻ സമർപ്പിക്കപ്പെട്ട വർഷമാണ് ഇതെന്ന് വെളിപ്പെടുത്തി.

കൃപയുടെ ഈ വർഷം നന്നായി ജീവിക്കാനും ദൈവത്തിന്റെ പ്രത്യാശയുടെ ശക്തി അനുഭവിക്കാനും നമ്മെ ഒരുക്കുന്നതിന് പ്രാർത്ഥന തീവ്രമാക്കാനും പാപ്പ വിശ്വാസികളോട് അഭ്യർത്ഥിച്ചു. ഉക്രെയ്‌നിലും ഇസ്രയേലിലും പാലസ്തീനിലും ഇക്വഡോർ ഉൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും സമാധാനത്തിനായി പ്രാർത്ഥിക്കണം.

സമാധാനത്തിന്റെ അഭാവത്തിൽ ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നവർ നമ്മിൽ ഏറ്റവും ദുർബലരാണ്. പരിക്കേറ്റവരും കൊല്ലപ്പെടുന്നവരുമായ കുട്ടികളെക്കുറിച്ചാണ് താൻ ചിന്തിക്കുന്നത്. ഹെയ്തിയിൽ ആറ് കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള ഒരു കൂട്ടം ആളുകളെ തട്ടിക്കൊണ്ടു പോയെന്ന വാർത്ത ദുഖത്തോടെയാണ് കേട്ടതെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.

പ്രാർഥനാ വർഷത്തിൽ കത്തോലിക്കാ സമൂഹങ്ങളെ കൂടുതൽ പൂർണമായി പങ്കെടുക്കാൻ സഹായിക്കുന്നതിന് വത്തിക്കാനിലെ സുവിശേഷവൽക്കരണ ഡിക്കാസ്റ്ററി വിഭവങ്ങൾ പ്രസിദ്ധീകരിക്കുമെന്ന് മാർപാപ്പ പറഞ്ഞു.

പ്രാർഥനാ വർഷത്തെക്കുറിച്ചുള്ള പ്രത്യേക പത്ര സമ്മേളനം ജനുവരി 23 ന് നടക്കുമെന്ന് വത്തിക്കാന്റെ മാധ്യമ വിഭാഗം അറിയിച്ചു. 2000 ലെ മഹത്തായ ജൂബിലിക്ക് ശേഷമുള്ള ആദ്യത്തെ സാധാരണ ജൂബിലിയായ 2025 ലെ ജൂബിലി വർഷത്തിനായി 35 ദശലക്ഷം ആളുകൾ നിത്യനഗരത്തിലേക്ക് ഒഴുകിയെത്തുമെന്ന് റോമും വത്തിക്കാനും പ്രതീക്ഷിക്കുന്നു.

2024 ഡിസംബർ 24 ക്രിസ്തുമസ് തലേന്നാണ് 2025 ജൂബിലി വർഷത്തിന് ആരംഭമാകുക. 2026 ജനുവരി ആറിന് ജൂബിലി വർഷം സമാപിക്കും. 1300 ൽ ബോനിഫസ് എട്ടാമൻ പാപ്പയാണ് തിരുസഭയിൽ ആദ്യമായി ജൂബിലി ആഘോഷിക്കുന്ന പതിവ് ആരംഭിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.