കൊച്ചി: സീറോ മലബാര്‍ സിനഡ് മെത്രാന്മാരുടെ സംയുക്ത സര്‍ക്കുലര്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ ഇടവകകളില്‍ വായിക്കാത്തത് വിശ്വാസികളുടെ അവകാശങ്ങളില്‍ മേലുള്ള കടന്നുകയറ്റമാണെന്ന് സീറോ മലബാര്‍സഭാ അല്‍മായ ഫോറം. വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന പല അതിരൂപതകളില്‍പ്പെട്ട പള്ളികളിലും കോണ്‍വെന്റുകളിലും സര്‍ക്കുലര്‍ വായിച്ചില്ല എന്നത് സഭയുടെ നിയമങ്ങള്‍ക്കെതിരെയുള്ള കടുത്ത ലംഘനമാണ്.
സഭയും ആരാധനക്രമവും അനുശാസിക്കുന്ന ഏകീകൃത രീതിയില്‍ ആയിരിക്കണം കുര്‍ബാന എന്ന നിയമവും ചില വൈദികര്‍ ലംഘിക്കുകയാണ്. വിശ്വാസികളുടെ മേലുള്ള ഇത്തരം വൈദിക മേധാവിത്വം അംഗീകരിക്കില്ല. സഭയുടെ തലവന്‍ നല്‍കുന്ന സര്‍ക്കുലറുകള്‍ വായിക്കാന്‍ ധാര്‍മികമായി വൈദികര്‍ കടപ്പെട്ടവരാണെന്നും അല്‍മായ ഫോറം വ്യക്തമാക്കി. സഭയിലെ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള എറണാകുളം അങ്കമാലി അതിരൂപതയിലെ ചില വൈദികരുടെ നിഗൂഢ ശ്രമങ്ങളെ കഠിനമായി അപലപിക്കുന്നു.
സമൂഹത്തിന്റെ മാതൃകകളും വിശ്വാസ കൂട്ടായ്മയുടെ യഥാര്‍ത്ഥ ഗുരുക്കന്മാരും ആയിരിക്കേണ്ട ചിലര്‍ പ്രത്യേകിച്ച് വൈദികര്‍, സിനഡിന്റെ തീരുമാനങ്ങളെ അനുസരിക്കാതിരിക്കുന്നതും എതിര്‍ക്കുന്നതും കടുത്ത നിയമ ലംഘനമാണ്. സഭാ വിശ്വാസികളുടെ കൂട്ടായ്മയാണ്. വിശ്വാസ കൂട്ടായ്മ ഇല്ലായെങ്കില്‍ സഭയില്ലായെന്ന് ഈ വൈദികര്‍ മനസിലാക്കണം. വിഘടിച്ചു നില്‍ക്കുന്ന ചില വിശ്വാസികളെ കൂട്ടിക്കൊണ്ട് സഭയെ തകര്‍ക്കുന്ന വൈദികരുടെ ഇത്തരം ഹീനമായ നീക്കങ്ങള്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. അതിരൂപതയില്‍ സഭയുടെ ഒപ്പം നില്‍ക്കുന്ന വൈദികര്‍ക്കും വിശ്വാസികള്‍ക്കും സംരക്ഷണം നല്‍കണം.
എറണാകുളം അതിരൂപതയിലെ ചില വൈദികര്‍ തിരുപട്ടത്തെയും അതിലൂടെ ഏറ്റെടുത്ത പ്രതിബദ്ധതയെയും ലംഘിച്ചു കൊണ്ട് സഭയുടെ പാതയില്‍ നിന്ന് വ്യതിചലിച്ചു പോകുകയാണ്. ഇത് വിശ്വാസികളുടെ കത്തോലിക്കാ വിശ്വാസങ്ങളെ അഗാധമായി ബാധിക്കുന്നു. വൈദികര്‍ സീറോ മലബാര്‍ സിനഡിന്റെയും മെത്രാന്മാരുടെയും മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെയും ഒപ്പം സഞ്ചരിക്കേണ്ടവരാണ്.
പരിശുദ്ധ മാര്‍പാപ്പയുടെ കല്‍പ്പനകളും നിര്‍ദേശങ്ങളും നടപ്പിലാക്കാതെയും സീറോ മലബാര്‍ സഭയുടെ സര്‍ക്കുലര്‍ വായിക്കാതെയും ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണ രീതി നടപ്പിലാക്കാതെയും മുന്നോട്ടു പോകുന്ന എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍ക്കെതിരെ ഉചിതമായ ശിക്ഷാ നടപടികള്‍ സഭാ സിനഡ് സ്വീകരിക്കണമെന്നും അല്‍മായ ഫോറം വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26