തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് രാജ്ഭവന്റെ അനുമതി. ഇത്തവണ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം പോലും ചോദിക്കാതെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കരടിന് അംഗീകാരം നല്‍കിയത്.
മുന്‍ വര്‍ഷങ്ങളില്‍ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടില്‍ ഗവര്‍ണര്‍ ഒട്ടേറെ തവണ വിശദീകരണം ചോദിച്ചിരുന്നു. ഇതോടെ അനുമതി വൈകിയത് സര്‍ക്കാറിന് തലവേദനയായിരുന്നു. ഈ വര്‍ഷം കേന്ദ്ര നയങ്ങളോടുള്ള എതിര്‍പ്പ് കരടില്‍ ഉണ്ടെന്നാണ് വിവരം. എന്നാലിത് ഗവര്‍ണര്‍ വായിക്കുമോ എന്നതില്‍ സംശയമുണ്ട്.
ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോരിനിടെ നടക്കുന്ന നയപ്രഖ്യാപന പ്രസംഗം ശ്രദ്ധ നേടുമെന്നതില്‍ സംശയമില്ല. പ്രസംഗം വായിക്കണമെന്ന ഭരണഘടനാ ബാധ്യത നിറവേറ്റുമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നെങ്കിലും സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ രാജ്ഭവന്‍ ശ്രമിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.
പുതുവര്‍ഷത്തിലെ ആദ്യ നിയമസഭാ സമ്മേളനത്തിന് ഈ മാസം 25 ന് തുടക്കമാകും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുന്ന സമ്മേളനം മാര്‍ച്ച് 27 വരെ നീളും. ഫെബ്രുവരി അഞ്ചിന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കും. സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഫെബ്രുവരി നാലിന് നിയമസഭയുടെ മേശപ്പുറത്ത് വെക്കും.
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള ചര്‍ച്ച ജനുവരി 29 മുതല്‍ ജനുവരി 31 വരെ നടക്കും. ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന സമ്മേളനത്തില്‍ ബജറ്റ് അവതരണത്തിന് ശേഷം ഫെബ്രുവരി 12 ന് വീണ്ടും ചേരും. 14 വരെ ബജറ്റിന് മേലുള്ള ചര്‍ച്ച നടക്കും. ഫെബ്രുവരി 15 മുതല്‍ 25 വരെ സഭാ സമ്മേളനം നടക്കില്ല.
തുടര്‍ന്ന് ഫെബ്രുവരി 26 മുതല്‍ ബജറ്റിന്മേലുള്ള വോട്ടെടുപ്പടക്കമുണ്ടാകും. മാര്‍ച്ച് ഒന്നു മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ നിയമസഭയില്‍ വിവിധ ബില്ലുകള്‍ അവതരിപ്പിക്കുമെന്നും നിയമസഭാ സെക്രട്ടറി അറിയിച്ചു.
വരിനിരിക്കുന്ന സമ്മേളനത്തില്‍ നവ കേരള യാത്രയും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കും.
അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബജറ്റില്‍ ജനപ്രിയ തീരുമാനങ്ങളുണ്ടായേക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ വരുന്ന ബജറ്റില്‍ ചെലവു ചുരുക്കലിനാകും ശ്രദ്ധയെന്നും സൂചനയുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.