'ഭരിക്കുന്നത് ഞങ്ങളുടെ പാര്‍ട്ടി, വിവരാവകാശം പിന്‍വലിച്ചില്ലെങ്കില്‍ സ്ഥലം മാറ്റും'; അഭിഭാഷകനെതിരെ അനീഷ്യയുടെ ഡയറിക്കുറിപ്പ്

 'ഭരിക്കുന്നത് ഞങ്ങളുടെ പാര്‍ട്ടി, വിവരാവകാശം പിന്‍വലിച്ചില്ലെങ്കില്‍ സ്ഥലം മാറ്റും'; അഭിഭാഷകനെതിരെ അനീഷ്യയുടെ ഡയറിക്കുറിപ്പ്

കൊല്ലം: കൊല്ലം പരവൂരില്‍ ആത്മഹത്യ ചെയ്ത അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യയുടെ ഡയറിക്കുറിപ്പ് പുറത്ത്. മറ്റൊരു എപിപിക്കെതിരായി നല്‍കിയ വിവരാവകാശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഭീഷണിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ഡയറിക്കുറിപ്പില്‍ നിന്നും വ്യക്തമാകുന്നത്.
ജില്ലയിലെ പ്രധാന അഭിഭാഷകനാണ് ഭീഷണിപ്പെടുത്തിയതെന്ന് ഡയറിക്കുറിപ്പില്‍ പറയുന്നു.

'ഭരിക്കുന്നത് ഞങ്ങളുടെ പാര്‍ട്ടിയാണ്, വിവരാവകാശം പിന്‍വലിച്ചില്ലെങ്കില്‍ കാസര്‍കോട്ടേയ്ക്ക് മാറ്റും'- എന്നായിരുന്നു അഭിഭാഷകന്റെ ഭീഷണി. ജോലി ചെയ്യാന്‍ സമ്മതിക്കില്ലെന്ന ഭീഷണി അനീഷ്യയെ മാനസികമായി തളര്‍ത്തിയെന്നും ഡയറിക്കുറിപ്പില്‍ നിന്ന് വ്യക്തമായെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം നവംബറിന് ശേഷമാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നതെന്ന് പൊലീസിന് ലഭിച്ച 50 പേജുള്ള കുറിപ്പില്‍ പറയുന്നു. സഹ പ്രവര്‍ത്തകന്‍ കൃത്യമായി ജോലിയില്‍ ഹാജരാകാതിരുന്നതാണ് പ്രശ്നങ്ങള്‍ക്കുള്ള തുടക്കം. ഇതിനെ ചൊല്ലി തര്‍ക്കം ഉണ്ടായിരുന്നു. പലപ്പോഴും അയാള്‍ക്കുവേണ്ടി അനീഷ്യയാണ് കോടതിയില്‍ ഹാജരായിരുന്നത്. ഇയാള്‍ അവധിയെടുക്കാതെയായിരുന്നു ജോലിയില്‍ ഹാജരാകാതിരുന്നതെന്നും അനീഷ്യ ആരോപിക്കുന്നു. സഹപ്രവര്‍ത്തകന്‍ എത്രനാള്‍ ജോലിക്ക് ഹാജരായി എന്ന് അറിയാന്‍ മറ്റൊരു അഭിഭാഷകന്‍ വഴിയാണ് അനീഷ്യ വിവരാവകാശം നല്‍കിയത്. ഇത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി ഉണ്ടായതെന്നും ഡയറിക്കുറിപ്പില്‍ പറയുന്നു.

ജോലി സംബന്ധമായ മാനസിക സമ്മര്‍ദമാണ് ആത്മഹത്യയിലേക്ക് വഴിവച്ചതെന്ന് തെളിയിക്കുന്ന അനീഷ്യയുടെ ഫോണ്‍ സംഭാഷണങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡയറിക്കുറിപ്പും പൊലീസിന് ലഭിച്ചത്.

കഴിഞ്ഞ ദിവസമാണ് അനീഷ്യയെ വീടിനുള്ളിലെ ശുചി മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മേലുദ്യോഗസ്ഥരില്‍ നിന്ന് മാനസിക പീഡനം നേരിട്ടുവെന്ന് തെളിയിക്കുന്ന തരത്തിലുള്ള ഫോണ്‍ സംഭാഷണങ്ങളാണ് പുറത്ത് വന്നത്. കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് പരസ്യമാക്കി മേലുദ്യോഗസ്ഥന്‍ അപമാനിച്ചുവെന്നാണ് ശബ്ദരേഖയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍.

ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അനീഷ്യ പറയുന്നതായുള്ള ഫോണ്‍ സംഭാഷണം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മരണത്തിന് കാരണം ജോലി സംബന്ധമായ സമ്മര്‍ദമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഭര്‍ത്താവ് അജിത് കുമാര്‍ മാവേലിക്കര കോടതി ജഡ്ജിയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.