'ഒരു വാഹനം, ഒറ്റ ഫാസ്ടാഗ്': സമയപരിധിയ്ക്ക് മുന്‍പ് കെ.വൈ.സി നടപടി എങ്ങനെ പൂര്‍ത്തിയാക്കാം?

'ഒരു വാഹനം, ഒറ്റ ഫാസ്ടാഗ്': സമയപരിധിയ്ക്ക് മുന്‍പ് കെ.വൈ.സി നടപടി എങ്ങനെ പൂര്‍ത്തിയാക്കാം?

2014-ലാണ് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഒരു വാഹനം, ഒറ്റ ഫാസ്ടാഗ് സംവിധാനം ആരംഭിച്ചത്. ഒരു വാഹനം ഒന്നിലധികം ഫാസ്ടാഗുകള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പല വാഹനങ്ങളുടെ ഉടമകള്‍ ഒരേ ഫാസ്ടാഗ് ഉപയോഗിക്കുന്നില്ലെന്നും അതുവഴി ഇലക്ട്രോണിക് ടോള്‍ കളക്ഷന്‍ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുമെന്നും ഉറപ്പാക്കുക കൂടിയാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം.

ഇപ്പോള്‍ കേന്ദ്രം ഇക്കാര്യത്തില്‍ പുതിയൊരു അറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. കെ.വൈ.സി നടപടികള്‍ പൂര്‍ത്തിയാക്കാത്ത ഫാസ്ടാഗുകള്‍ ജനുവരി 31 ന് ശേഷം ബാങ്കുകള്‍ റദ്ദാക്കുകയോ നിര്‍ജീവമാക്കുകയോ ചെയ്യുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. നിങ്ങളുടെ ഫാസ്ടാഗ് കെ.വൈ.സി അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ എന്താണ് ചെയ്യേണ്ടതെന്നും അതിനായി ഏതൊക്കെ രേഖകള്‍ ആവശ്യമാണെന്നും വിശദമായി മനസിലാക്കാം.

ഫാസ്ടാഗ് കെ.വൈ.സി അപ്‌ഡേറ്റിന് ആവശ്യമായ രേഖകള്‍

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് നിങ്ങളുടെ ഫാസ്ടാഗ് കെ.വൈ.സി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് ഇനി പറയുന്ന രേഖകള്‍ ആവശ്യമാണ്. ഐഡി പ്രൂഫ്/ വിലാസം എന്നിവ സംബന്ധിച്ച തെളിവുകള്‍ക്ക് പാസ്പോര്‍ട്ട്, വോട്ടേഴ്സ് ഐഡി, ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, എന്‍.ആര്‍.ഇ.ജി.എ ജോബ് കാര്‍ഡ് (സംസ്ഥാന സര്‍ക്കാരിലെ ഒരു ഉദ്യോഗസ്ഥന്‍ ഒപ്പിട്ടത്) എന്നിവയില്‍ ഏതെങ്കിലും ഒന്നും വാഹന ഉടമയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും.

ഫാസ്ടാഗ് കെ.വൈ.സി ഓണ്‍ലൈനായി എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം?

ഇതിനായി ആദ്യം ഇന്ത്യന്‍ ഹൈവേസ് മാനേജ്മെന്റ് കമ്പനി ലിമിറ്റഡ് ഫാസ്ടാഗ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. ശേഷം മൈ പ്രൊഫൈല്‍ എന്നതില്‍ ക്ലിക്ക് ചെയ്യുക. കെ.വൈ.സി ടാബില്‍ ക്ലിക്ക് ചെയ്ത് കെവൈസി സ്റ്റാറ്റസ് പരിശോധിച്ച് കസ്റ്റമര്‍ ടൈപ്പ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഇതില്‍ നിര്‍ബന്ധമായും പൂരിപ്പിക്കേണ്ട കാര്യങ്ങള്‍ ടൈപ്പ് ചെയ്ത് നല്‍കുക. ഇതിനായി മുകളില്‍ സൂചിപ്പിച്ച രേഖകളും ആവശ്യമായി വന്നേക്കാം.

ഫാസ്ടാഗ് കെ.വൈ.സി ഓഫ്‌ലൈനായി എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം?

ഇതിനായി നിങ്ങള്‍ക്ക് ഫാസ്ടാഗ് നല്‍കിയ ബാങ്കിന്റെ ഒരു ബ്രാഞ്ച് സന്ദര്‍ശിക്കുക. ബാങ്ക് നിങ്ങള്‍ക്ക് നല്‍കുന്ന കെ.വൈ.സി അപ്ഡേറ്റ് ഫോം പൂരിപ്പിക്കുക. ഈ ഫോം പൂരിപ്പിക്കുന്നതിന് മുകളില്‍ സൂചിപ്പിച്ച രേഖകളുടെ കോപ്പി ആവശ്യമാണ്. ഈ ഫോം സമര്‍പ്പിച്ചാല്‍, ബാങ്ക് കെ.വൈ.സി വിശദാംശങ്ങള്‍ പരിശോധിച്ച് നിങ്ങളുടെ ഫാസ്ടാഗ് അപ്‌ഡേറ്റ് ചെയ്യും.

കൂടാതെ ഫാസ്ടാഗുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ ടോള്‍ ഫ്രീ ഹെല്‍പ്പ്ലൈന്‍ നമ്പറായ 1033 ല്‍ വിളിക്കാം. മിക്ക ടോള്‍ പ്ലാസകളിലും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നല്‍കുന്ന ഫാസ്ടാഗുകള്‍ ലഭ്യമാണ്. ഫാസ്ടാഗ് ലഭിച്ചതിന് ശേഷം അത് നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത് അതില്‍ ആവശ്യമായ ബാലന്‍സ് ഉണ്ടെന്ന് ഉറപ്പാക്കാം. ഏറ്റവും കുറഞ്ഞ ഫാസ്ടാഗ് റീചാര്‍ജ് തുക 100 രൂപയും പരമാവധി റീചാര്‍ജ് തുക ഒരു ലക്ഷം രൂപയുമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.