'ക്രൈസ്തവ വിരുദ്ധ പീഡനം: ഇന്ത്യ പതിനൊന്നാം സ്ഥാനത്ത്; ഇന്ത്യയില്‍ ക്രിസ്ത്യാനിയായി ജീവിക്കുന്നത് അപകടകരം': ഓപ്പണ്‍ ഡോര്‍സ്

 'ക്രൈസ്തവ വിരുദ്ധ പീഡനം: ഇന്ത്യ പതിനൊന്നാം സ്ഥാനത്ത്; ഇന്ത്യയില്‍ ക്രിസ്ത്യാനിയായി ജീവിക്കുന്നത് അപകടകരം': ഓപ്പണ്‍ ഡോര്‍സ്

മുംബൈ: ആഗോള തലത്തില്‍ ക്രൈസ്തവര്‍ക്കെതിരായ പീഡനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പതിനൊന്നാം സ്ഥാനത്ത്. ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന ഓപ്പണ്‍ ഡോര്‍സ് എന്ന ആഗോള സംഘടന പുറത്തു വിട്ട 2024 വേള്‍ഡ് വാച്ച് ലിസ്റ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

ബിജെപി ഭരണത്തില്‍ ഹിന്ദു മതത്തിന് പുറത്തുള്ള ഒരു വിശ്വാസവും ഇന്ത്യയില്‍ സ്വാഗതം ചെയ്യപ്പെടുന്നില്ലെന്നും തീവ്ര ഹിന്ദുത്വ നിലപാടു തുടരുന്നവര്‍, ഇന്ത്യക്കാര്‍ ഹിന്ദുക്കളായിരിക്കണമെന്ന വാശിയാണ് ആക്രമണങ്ങളിലേക്ക് നയിക്കുന്നതെന്നും ഓപ്പണ്‍ ഡോര്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

തങ്ങളുടെ വിശ്വാസം പങ്കുവെയ്ക്കുന്ന ക്രൈസ്തവ വിശ്വാസികളെ ഭീഷണിപ്പെടുത്തുകയോ കുറ്റം ചാര്‍ത്തുകയോ ചെയ്യുന്ന സാഹചര്യം നിലനില്‍ക്കുന്നു. കൂടുതല്‍ സംസ്ഥാനങ്ങള്‍ മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ നടപ്പിലാക്കുകയാണ്.

ഹിന്ദുമതത്തില്‍ നിന്ന് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരെ പൂര്‍വ വിശ്വാസത്തിലേക്ക് മടങ്ങാന്‍ ഹിന്ദു ദേശീയവാദികള്‍ അതിശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഹിന്ദുമതത്തില്‍ നിന്ന് പരിവര്‍ത്തനം ചെയ്ത ക്രൈസ്തവരില്‍ പട്ടികജാതി, പട്ടികവര്‍ഗം പോലുള്ള സമൂഹങ്ങളാണ് പീഡനത്തിന് ഏറ്റവും ഇരയാക്കപ്പെടുന്നത്.

വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ 2023 മെയ് മാസത്തില്‍ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഉണ്ടായ പീഡനം ലോകം ഭീതിയോടെയാണ് നോക്കിക്കണ്ടതെന്ന് ഓപ്പണ്‍ ഡോര്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആയിരക്കണക്കിന് ക്രൈസ്തവര്‍ കുടിയിറിക്കപ്പെടുന്നതിനും ഡസന്‍ കണക്കിന് ദേവാലയങ്ങള്‍ അഗ്‌നിക്കിരയാകുന്നതിനും നിരവധി വിശ്വാസികള്‍ കൊല്ലപ്പെടുന്നതിനും അതിടയാക്കി.

2023 ജനുവരിയില്‍ ഛത്തീസ്ഗഡ് സംസ്ഥാനത്തിലെ ആയിരക്കണക്കിന് ക്രിസ്ത്യാനികള്‍ അവരുടെ വീടുകളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും തുരത്തപ്പെട്ട് അഭയാര്‍ത്ഥികളായി പോകേണ്ടി വന്ന സാഹചര്യത്തിനും ഇന്ത്യ സാക്ഷിയായി. ഇന്ത്യയില്‍ ക്രിസ്ത്യാനിയാകുന്നത് എത്രത്തോളം അപകടകരമാണെന്നതിന്റെ ഗൗരവമായ ഓര്‍മ്മപ്പെടുത്തലായിരുന്നു അത്.

അടിയന്തര സഹായം, പീഡന അതിജീവന പരിശീലനം, ഉപജീവന സാമൂഹിക വികസന പദ്ധതികള്‍ എന്നിവ ലഭ്യമാക്കാന്‍ ഓപ്പണ്‍ ഡോര്‍സിന്റെ പ്രാദേശിക പങ്കാളികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.