മനാഗ്വേ: നിക്കരാഗ്വയില്‍ നിന്ന് മൂന്ന് കത്തോലിക്ക വൈദികരെ കൂടി പുറത്താക്കി സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ ക്രൂരത തുടരുന്നു. നിയമപരമായ പൗരത്വം റദ്ദാക്കിയ ശേഷമാണ് മൂന്നു വൈദികരെയും രാജ്യത്തു നിന്നു പുറത്താക്കിയതെന്നു ക്രൈസ്തവ വിരുദ്ധ പീഡനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന്റെ രചയിതാവും ഗവേഷകയുമായ മാര്‍ത്ത പട്രീഷ്യ മോളിന പറഞ്ഞു. പുറത്താക്കപ്പെട്ടവരില്‍ രണ്ടു വൈദികര്‍ മെക്‌സിക്കന്‍ പൗരന്മാരാണ്.
നിക്കരാഗ്വ ഭരിക്കുന്ന ഡാനിയല്‍ ഒര്‍ട്ടേഗയുടെയും ഭാര്യയും വൈസ് പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയുടെയും നേതൃത്വത്തിലുള്ള സ്വേച്ഛാധിപത്യ ഭരണകൂടം സമീപനാളുകളില്‍ കത്തോലിക്കാ സഭയ്ക്കെതിരേ നൂറിലേറെ കിരാത നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്.
ഫാ. എസെക്വല്‍ ബ്യൂന്‍ഫില്‍, മിഷണറീസ് ഓഫ് ഹോളി സേവ്യര്‍ കോണ്‍ഗ്രിഗേഷന്‍ അംഗം ഫാ. എറിക്ക് ഫിഗ്യുറോവ, ഫാ. ഡേവിഡ് പെരെസ് എന്നീ വൈദികരെയാണ് പുതുതായി പുറത്താക്കിയത്. കഴിഞ്ഞ ആഴ്ച രണ്ട് ബിഷപ്പുമാര്‍, 15 വൈദികര്‍, 2 സെമിനാരി വിദ്യാര്‍ത്ഥികള്‍ എന്നിവരെ ഭരണകൂടം തടവില്‍ നിന്ന് മോചിപ്പിച്ച് റോമിലേക്ക് നാടുകടത്തിയിരുന്നു. ഇവരെ വത്തിക്കാന്‍ സ്വീകരിച്ചു.
ഇതിനിടെ ഒരാഴ്ചയ്ക്കുള്ളില്‍ മൂന്ന് വൈദികരെ കൂടി പുറത്താക്കിയത് സഭയെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഏകാധിപത്യ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്ന ജനത്തിനൊപ്പം നിലകൊണ്ടതിനും നാടുകടത്താന്‍ വിസമ്മതിച്ചതിന്റെ പേരിലും നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ട ബിഷപ്പ് റൊളാന്‍ഡോ അല്‍വാരസ് 500 ദിവസമാണ് അന്യായമായി തടവിലാക്കപ്പെട്ടത്. ഇക്കഴിഞ്ഞ ദിവസം വത്തിക്കാന് കൈമാറിയവരില്‍ ബിഷപ്പ് അല്‍വാരസും ഉള്‍പ്പെടുന്നു.
ജനുവരി 16-ന് സര്‍ക്കാര്‍ പത്രമായ ലാ ഗസെറ്റയില്‍ 16 എന്‍.ജി.ഒകളുടെ നിയമപരമായ അംഗത്വവും രജിസ്‌ട്രേഷനും റദ്ദാക്കാന്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവിടുന്ന കരാര്‍ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ പത്തെണ്ണം കത്തോലിക്കാ, ഇവാഞ്ചലിക്കല്‍ സ്ഥാപനങ്ങളാണ്.
ഈ മിഷനറിമാരുടെ, രാജ്യത്തെ നിയമപരമായ പദവി റദ്ദാക്കിയതോടെ ഇവരുടെ രണ്ടു ഭവനങ്ങള്‍ കണ്ടുകെട്ടല്‍ ഭീഷണിയിലാണ്.
കഴിഞ്ഞ ജനുവരി 20-ന് മനാഗ്വേയിലെ സഹായ മെത്രാന്‍ സില്‍വിയോ ജോസ് വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഒര്‍ട്ടേഗ ഭരണകൂടത്തില്‍ നിന്നുള്ള ഭീഷണികള്‍ കാരണം 2019 മുതല്‍ അദ്ദേഹം അമേരിക്കയിലെ മയാമിയില്‍ പ്രവാസത്തില്‍ കഴിയുകയാണ്. അവിടെ അദ്ദേഹം സ്വാതന്ത്ര്യത്തോടെ എല്ലാ ഞായറാഴ്ചകളിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു. ഒര്‍ട്ടേഗയുടെ സ്വേച്ഛാധിപത്യ ഭരണകൂടത്തിന് ദൈവത്തിന്റെ ശക്തിയെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്നും നാടുകടത്തപ്പെട്ടവരെല്ലാം നിരപരാധികളായിരുന്നു എന്നും ഞായറാഴ്ച വിശുദ്ധ കുര്‍ബാന മധ്യേ ബിഷപ്പ് സില്‍വിയോ ജോസ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.