ദുബായ്: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നിശ്ചിത ഇടവേളകളിലുളള കോവിഡ് ടെസ്റ്റ് വിവിധ മേഖലകളിലെ ജീവനക്കാർക്ക് നിർബന്ധമാക്കി യുഎഇ. ഫെഡറല്‍ അതോറിറ്റി ഫോർ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് എല്ലാ മന്ത്രാലയ - ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാരും സ്വന്തം ചെലവില്‍ ഓരോ ഏഴ് ദിവസം കൂടുമ്പോഴും കോവിഡ് ടെസ്റ്റ് നടത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഇത് ജനുവരി 24 മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. വാക്സിനെടുത്തവർക്ക് ഇതില്‍ ഇളവുണ്ട്.
വാക്സിനെടുക്കാനുളള ആരോഗ്യബുദ്ധിമുട്ടുകളുണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. അങ്ങനെയുളളവരുടെ പിസിആർ ടെസ്റ്റിന്റെ ചെലവ് വഹിക്കേണ്ടത് തൊഴിലുടമയാണ്. ഫെഡറല്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങളുമായി വ്യവസ്ഥയുളള പുറം ജോലിക്കാരും പൊതു സേവനം നടത്തുന്നവരും ജീവനക്കാർക്ക് ഏഴ് ദിവസം കൂടുമ്പോള്‍ പിസിആർ ടെസ്റ്റ് നടത്തണം. മുഴുവന്‍ സമയമെന്ന രീതിയില്‍ സർക്കാർ ഓഫീസുകളില്‍ ജോലി ചെയ്യുന്നവർക്കാണ് ഇത് നിർബന്ധമുളളത്. സർക്കാർ ഓഫീസുകളില്‍ വിവിധ കൂടി കാഴ്ചകള്‍ക്കും മറ്റുമായി പോകുന്നവരും കണ്‍സള്‍ട്ടന്റ് സേവനം നടത്തുന്നവരും വിദഗ്ധരും നെഗറ്റീവ് പിസിആർ ടെസ്റ്റ് റിസല്‍റ്റ് ഹാജരാക്കണം. കൂടി കാഴ്ചയ്ക്ക് മൂന്ന് ദിവസത്തിനുളളിലുളള നെഗറ്റീവ് ടെസ്റ്റ് റിസല്‍റ്റാണ് വേണ്ടത്.
അബുദാബിയില്‍ രോഗിയെ സന്ദർശിക്കാനായി എത്തുന്നവർക്ക് നെഗറ്റീവ് പിസിആർ ടെസ്റ്റ് റിസല്‍റ്റ് വേണം. സന്ദർശനത്തിന്റെ 24 മണിക്കൂറിനുളളിലെ ടെസ്റ്റ് റിസല്‍റ്റാണ് അഭികാമ്യം. മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് കടക്കണമെങ്കില്‍ 48 മണിക്കൂറിനുളളിലെ പിസിആർ അല്ലെങ്കില്‍ ഡിപിഐ ടെസ്റ്റ് നെഗറ്റീവ് റിസല്‍റ്റ് വേണം. എമിറേറ്റില്‍ പ്രവേശിച്ച് നാലാം ദിവസവും എട്ടാം ദിവസവും പിസിആർ ടെസ്റ്റ് എടുക്കുകയും വേണം. ഷാർജയിലെ സ്വകാര്യ സ്കൂളുകളിലെ അധ്യാപകർ ഓരോ 14 ദിവസം കൂടുമ്പോഴും പിസിആർ ടെസ്റ്റ് എടുത്ത് നെഗറ്റീവാണെന്ന് ഉറപ്പിക്കണം. വാക്സിന്റെ രണ്ട് ഡോസ് എടുത്തവർക്ക് മേല്‍ പറഞ്ഞ കാര്യങ്ങളില്‍ ഇളവുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.