ജോഡോ ന്യായ് യാത്ര: രാഹുല്‍ഗാന്ധിക്ക് സുരക്ഷ ഉറപ്പാക്കണം; അമിത് ഷായ്ക്ക് കത്തയച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ

ജോഡോ ന്യായ് യാത്ര: രാഹുല്‍ഗാന്ധിക്ക് സുരക്ഷ ഉറപ്പാക്കണം; അമിത് ഷായ്ക്ക് കത്തയച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ

ന്യൂഡല്‍ഹി: ഭാരത് ജോഡോ ന്യായ് യാത്രയില്‍ പര്യടനം തുടരുന്ന രാഹുല്‍ ഗാന്ധിക്ക് സുരക്ഷ ഉറപ്പാക്കാണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ കത്ത്. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി യാത്രയ്ക്ക് നേരെയുണ്ടായ അതിക്രമ ശ്രമങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ഖര്‍ഗെ ആഭ്യന്തര മന്ത്രിക്ക് കത്തെഴുതിയത്.

രാഹുല്‍ ഗാന്ധിയോ യാത്രയിലെ മറ്റ് അംഗങ്ങളോ ആക്രമിക്കപ്പെടുന്ന സാഹചര്യമുണ്ടാവുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ അസം മുഖ്യമന്ത്രിയുടേയും സംസ്ഥാന പൊലീസ് മേധാവിയുടേയും ഇടപെടല്‍ ഉറപ്പാക്കണമെന്നാണ് കത്തിലെ ആവശ്യം. ജനുവരി 18 മുതല്‍ തുടര്‍ച്ചയായുണ്ടായ സംഭവങ്ങള്‍ തീയതി സഹിതം അക്കമിട്ട് നിരത്തിയാണ് ഖാര്‍ഗെയുടെ കത്ത്.

പതിനെട്ടിന് യാത്രക്ക് സുരക്ഷയൊരുക്കേണ്ടതിന് പകരം പൊലീസ് ബി.ജെ.പിയുടെ പോസ്റ്ററുകള്‍ക്ക് കാവല്‍ നിന്നുവെന്ന് ഖാര്‍ഗെ ആരോപിച്ചു. 19 ന് ലംഖിംപുരില്‍ ബി.ജെ.പി അനുഭാവമുള്ള അക്രമികള്‍ ഭാരത് ജോഡോ ന്യായ് യാത്രയുടെ പോസ്റ്ററുകളും ബോര്‍ഡുകളും നശിപ്പിച്ചു. 21 ന് ജയറാം രമേശിനൊപ്പമുള്ള പാര്‍ട്ടിയുടെ സാമൂഹിക മാധ്യമ സംഘത്തിന് നേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ കൈയേറ്റം നടത്തി. യാത്രയ്ക്കെതിരായ മുദ്രാവാക്യം വിളിച്ചുകൊണ്ട് കാറിലെ സ്റ്റിക്കറുകള്‍ നശിപ്പിച്ചു. കാറിലുണ്ടായിരുന്നവരുടെ ദേഹത്ത് വെള്ളമൊഴിക്കാന്‍ ശ്രമിച്ചു. ഈ അതിക്രമങ്ങള്‍ അസം മുഖ്യമന്ത്രിയുടെ സഹോദരന്‍ കൂടിയായ ജില്ലാ പൊലീസ് മേധാവി നോക്കി നിന്നുവെന്നും ഖാര്‍ഗെ ആരോപിച്ചു.

അതേദിവസം തന്നെ ബി.ജെ.പി പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹത്തെയും തടഞ്ഞു. അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ബുപെന്‍ ബോറെയെ ആക്രമിച്ചു. പിറ്റേന്നും രാഹുല്‍ഗാന്ധിയുടെ വാഹനം തടഞ്ഞു. സംഘത്തിലുണ്ടായിരുന്നവര്‍ വന്‍ സുരക്ഷാ വീഴ്ചയ്ക്ക് കാരണമാകും വിധം രാഹുലിന്റെ അടുത്തുവരെയെത്തിയെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ കത്തില്‍ സൂചിപ്പിക്കുന്നു. ഇത്തരം സാഹചര്യങ്ങളിലെല്ലാം പൊലീസ് അക്രമികളായ ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കപ്പം നിന്നുവെന്നും അദേഹം കുറ്റപ്പെടുത്തി.

അതേസമയം ചൊവ്വാഴ്ച യാത്ര ഗുവാഹാട്ടിയിലേക്ക് കടക്കുന്നതില്‍ നിന്ന് പൊലീസ് തടഞ്ഞിരുന്നു. പൊലീസ് തീര്‍ത്ത വേലികള്‍ തള്ളിമാറ്റി പ്രവര്‍ത്തകര്‍ മുന്നോട്ട് കുതിച്ചതോടെ സംഘര്‍ഷാവസ്ഥ ഉണ്ടായി. ഇതേത്തുടര്‍ന്നാണ് അക്രമത്തിന് പ്രേരിപ്പിച്ചെന്നാരോപിച്ച് രാഹുല്‍ഗാന്ധിക്കെതിരേ കേസെടുക്കാന്‍ മുഖ്യമന്ത്രി ഡി.ജി.പിയോട് ഉത്തരവിട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.