അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ട്രംപ് ബഹുദൂരം മുന്നില്‍; വീണ്ടുമൊരു ബൈഡന്‍-ട്രംപ് പോരാട്ടത്തിന് കളമൊരുങ്ങുന്നു

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ട്രംപ് ബഹുദൂരം മുന്നില്‍; വീണ്ടുമൊരു ബൈഡന്‍-ട്രംപ് പോരാട്ടത്തിന് കളമൊരുങ്ങുന്നു

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകാനുള്ള മത്സരത്തില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബഹുദൂരം മുന്നില്‍. ന്യൂഹാംഷെയര്‍ പ്രൈമറി തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതോടെയാണ് സാധ്യത വര്‍ധിച്ചത്. ഇതോടെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വീണ്ടും ജോ ബൈഡന്‍-ട്രംപ് പോരാട്ടത്തിനുള്ള സാധ്യത വര്‍ധിക്കുകയാണ്.

ന്യൂഹാംഷെയര്‍ പ്രൈമറി തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജ കൂടിയായ നിക്കി ഹേലിയെ മറികടന്നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചിരിക്കുന്നത്. പ്രൈമറി തെരഞ്ഞെടുപ്പില്‍ 52.5ശതമാനം വോട്ടുകളാണ് ട്രംപിന് ലഭിച്ചത്. നവാഡയിലും സൗത്ത് കരോലിനയിലുമാണ് അടുത്ത റിപ്പബ്ലിക്കന്‍ പ്രൈമറികള്‍ നടക്കുക.

ഇന്ത്യന്‍ വംശജന്‍ വിവേക് രാമസ്വാമി, ഫ്ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡി സാന്റിസ് എന്നിവര്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി പോരാട്ടത്തില്‍ നിന്ന് പിന്മാറിയിരുന്നു. ഇരുവരും ഡൊണാള്‍ഡ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

നാല് ക്രിമിനല്‍ കുറ്റപത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ ട്രംപിനെതിരെ നിലനില്‍ക്കുന്നുണ്ടെങ്കിലും പ്രൈമറി തെരഞ്ഞെടുപ്പ് വിജയത്തോടെ അമേരിക്കന്‍ പ്രസിഡന്റ് കസേരയ്ക്കായുള്ള പോരാട്ടത്തില്‍ ട്രംപ് ഒരു ചുവട് കൂടി മുന്നോട്ടുവച്ചിരിക്കുകയാണ്. തന്റെ പഴയ ബോസിനോട് മത്സരിക്കാനാണ് ഡെമോക്രാറ്റുകള്‍ ആഗ്രഹിക്കുന്നതെന്ന് മാത്രമായിരുന്നു പ്രൈമറി തെരഞ്ഞെടുപ്പില്‍ ട്രംപ് ജയമുറപ്പിച്ച പശ്ചാത്തലത്തില്‍ നിക്കി ഹേലിയുടെ പ്രതികരണം.

ന്യൂഹാംഷെയര്‍ പ്രൈമറിയില്‍ ബൈഡന്‍ വിജയിച്ചിട്ടുണ്ട്. സൗത്ത് കരോലിനയില്‍ ഫെബ്രുവരി മൂന്നിനാണ് ഡെമോക്രാറ്റിക് പ്രൈമറി നടക്കുക.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ പോളിംഗ് രേഖപ്പെടുത്തിയതിനാല്‍, ഹേലി വലിയ അട്ടിമറി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വോട്ടെണ്ണല്‍ തുടങ്ങി ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ തന്നെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ട്രംപിന്റെ വിജയം പ്രവചിക്കുകയായിരുന്നു.

അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനം വഹിക്കാന്‍ യോഗ്യമായ മാനസിക നില ട്രംപിനില്ലെന്ന് നിക്കി ഹേലി ന്യൂഹാംഷെയറിലെ പ്രചരണത്തിനിടെ വിമര്‍ശിച്ചിരുന്നു. ഒരു രാജ്യം താറുമാറാകുകയും ലോകം തീപിടിക്കുകയും ചെയ്യുമ്പോള്‍ 80 വയസുള്ള രണ്ട് പേര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ നിങ്ങള്‍ ശരിക്കും ആഗ്രഹിക്കുന്നുണ്ടോയെന്ന് ഹേലി ചോദിച്ചു. ആദ്യ ഘട്ടത്തില്‍ ട്രംപിനെതിരായ നേരിട്ടുള്ള ആക്രമണങ്ങള്‍ ഹേലി ഒഴിവാക്കിയിരുന്നു. എന്നാല്‍ മത്സരം കടുത്തതോടെ ട്രംപിന്റെ വിമര്‍ശനങ്ങളോട് ഹേലി തിരിച്ചടിക്കുകയായിരുന്നു.

നിക്കി ഹേലിക്ക് പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആകാനുളള യോഗ്യത പോരെന്നായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ വിമര്‍ശനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.