ഗുവാഹട്ടി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അസം പൊലീസ് ഇന്ന് വീണ്ടും കേസെടുത്തു. കേസെടുക്കല്‍ തുടരുന്ന സാഹചര്യത്തില്‍ ഇനിയും എത്ര എഫ്‌ഐആര്‍ വേണമെങ്കിലും ഫയല്‍ ചെയ്‌തോളൂവെന്നും ഇതുകൊണ്ടൊന്നും തന്നെ ഭയപ്പെടുത്താനാവില്ലെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്യുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. അസം സര്‍ക്കാരിനോ ബിജെപിക്കോ എതിരെ ഇപ്പോഴൊരു വിമര്‍ശനം ഉണ്ടാകാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും അതുകൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റ് തല്‍ക്കാലം നീട്ടിവയ്ക്കുന്നതെന്നും അദേഹം വ്യക്തമാക്കി.
പൊതുജനത്തിന്റെ സമാധാനം തകര്‍ക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. കോണ്‍ഗ്രസ് നേതാക്കളുടെ കേസുകള്‍ പരിശോധിക്കാന്‍ പ്രത്യേക സംഘം രൂപവല്‍കരിക്കും. രാഹുല്‍ഗാന്ധി, കെ.സി വേണുഗോപാല്‍, കനയ്യ കുമാര്‍ എന്നിവര്‍ക്കെതിരെ പിഡിപിപി ആക്ട് പ്രകാരമായിരിക്കും കേസെടുക്കുകയെന്നും ഹിമന്ത പറഞ്ഞു.
ഭാരത് ജോഡോ ന്യായ് യാത്രക്കിടെയുണ്ടായ അക്രമ സംഭവങ്ങള്‍ പരാമര്‍ശിച്ചാണ് രാഹുലിനും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ ബുധനാഴ്ച പോലീസ് വീണ്ടും കേസെടുത്തത്. തുടര്‍ന്ന് ഹിമന്തയ്ക്കും അസം പോലീസിനുമെതിരെ രാഹുല്‍ ആഞ്ഞടിച്ചതോടെയാണ് അറസ്റ്റ് സംബന്ധിച്ച വിശദീകരണവുമായി അസം മുഖ്യമന്ത്രി രംഗത്തെത്തിയത്.
'കേസുകള്‍ ഫയല്‍ചെയ്ത് എന്നെ ഭയപ്പെടുത്താമെന്ന ചിന്ത എവിടെ നിന്നാണ് ഹിമന്തയ്ക്ക് ലഭിച്ചതെന്നറിയില്ല. ഫയല്‍ ചെയ്യാവുന്ന അത്രയും കേസുകള്‍ ഫയല്‍ ചെയ്‌തോളൂ. ഇനിയും 25 കേസുകള്‍ കൂടി ഫയല്‍ ചെയ്യൂ. അതൊന്നും എന്നെ ഭയപ്പെടുത്താന്‍ പോകുന്നില്ല. ബിജെപിക്കും ആര്‍എസ്എസിനും എന്നെ ഒരിക്കലും ഭയപ്പെടുത്താനാകില്ല'- രാഹുല്‍ ഗാന്ധി പറഞ്ഞു.
അക്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകള്‍ ചേര്‍ത്താണ് രാഹുല്‍ ഗാന്ധി, കെ.സി വേണുഗോപാല്‍, കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ അസം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതേ കാരണം ചൂണ്ടിക്കാട്ടി ചൊവ്വാഴ്ചയും ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. ഹിമന്ത ബിശ്വ ശര്‍മയുടെ നിര്‍ദേശ പ്രകാരമായിരുന്നു കേസെടുത്തത്.
ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ ജനങ്ങള്‍ പ്രകോപിതരാകുന്നതും അതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളിലും മറ്റും പങ്കുവെച്ചിട്ടുണ്ടെന്നും ഹിമന്ത ബിശ്വ ശര്‍മ വ്യക്തമാക്കിയിരുന്നു. ഈ തെളിവുകള്‍ പരിഗണിച്ചാണ് നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് അദേഹം എക്‌സില്‍ കുറിയ്ക്കുകയും ചെയ്തു.
ജനുവരി 22 ന് അസമിലെ വൈഷ്ണവ പണ്ഡിതനായ ശ്രീമന്ത ശങ്കര്‍ ദേവയുടെ ജന്മസ്ഥലത്ത് പ്രണാമം അര്‍പ്പിക്കാനെത്തിയ രാഹുലിന് പ്രവേശനം നിഷേധിച്ചതും വലിയ വാര്‍ത്തയായിരുന്നു.
ഭാരത് ജോഡോ ന്യായ് യാത്രയുമായി രാഹുലിനെ തലസ്ഥാന നഗരമായ ഗുവാഹട്ടിയിലേക്ക് കടക്കുന്നതില്‍ നിന്ന് ഹിമന്ത തടഞ്ഞിരുന്നു. ഇതോടെയാണ് ഇരുവരും തമ്മിലുള്ള വാക്പോര് തുടങ്ങിയത്. സമാധാനം പുലരുന്ന സംസ്ഥാനമാണ് അസമെന്ന ഹിമന്ത ബിശ്വ ശര്‍മയുടെ പരാമര്‍ശത്തിന് രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് ഹിമന്ത ബിശ്വ ശര്‍മ എന്ന് രാഹുല്‍ ഗാന്ധി തിരിച്ചടിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.