വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല; വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടു: മേരി കോം

 വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല; വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടു: മേരി കോം

ഗുവാഹട്ടി: വിരമിക്കല്‍ വാര്‍ത്തകള്‍ തള്ളി ബോക്‌സിങ് ഇതിഹാസം മേരി കോം. ഇന്നലെ രാത്രിയോടെയാണ് മേരി കോം വിരമിച്ചെന്ന വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്ന് മേരി കോം വിശദീകരിക്കുന്നു. വിരമിക്കല്‍ പ്രഖ്യാപിക്കുമ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നേരിട്ടെത്തുമെന്നും അവര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

താന്‍ ഇതുവരെയും വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. ജനുവരി 24 ല്‍ ദിബ്രുഗഡില്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഒരു പരിപാടിയില്‍ പങ്കെടുത്തിരുന്നു. അവിടെ പറഞ്ഞ വാചകങ്ങളാണ് വളച്ചൊടിക്കപ്പെട്ടതെന്ന് മേരി കോം പറഞ്ഞു. തനിക്ക് കായിക രംഗത്ത് നേട്ടങ്ങള്‍ കൊയ്യാന്‍ ആഗ്രഹമുണ്ടെങ്കിലും ഒളിമ്പിക്‌സിലെ പ്രായപരിധി വീണ്ടും പങ്കെടുക്കാന്‍ തന്നെ അനുവദിക്കുന്നില്ല. എങ്കിലും താന്‍ കായിക രംഗത്ത് തുടരുമെന്നായിരുന്നു മേരി കോം വിദ്യാര്‍ത്ഥികളോട് പറഞ്ഞത്. ഈ വാക്കുകളാണ് വളച്ചൊടിക്കപ്പെട്ടത്. ഇപ്പോഴും ലക്ഷ്യങ്ങളെ പിന്തുടരുന്ന തിരക്കിലാണ് താനെന്നും അവര്‍ വ്യക്തമാക്കി.

വിരമിക്കലിനെ സംബന്ധിച്ച വിഷയങ്ങള്‍ വരുമ്പോള്‍ അത് താന്‍ തന്നെ എല്ലാവരോടും പറയും. അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷന്റെ നിയമപ്രകാരം 40 വയസ് കഴിഞ്ഞതിനാല്‍ തനിക്ക് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയില്ല. താന്‍ ജീവിതത്തില്‍ എല്ലാം നേടിക്കഴിഞ്ഞു. ഇനി വിരമിക്കുക മാത്രമാണ് ചെയ്യാനുള്ളതെന്നുമായിരുന്നു മേരി കോം പറഞ്ഞത്.

വിരമിക്കല്‍ വാര്‍ത്ത ദേശീയ മാധ്യമങ്ങളിലടക്കം പ്രചരിച്ചതിന് പിന്നാലെയാണ് മേരി കോം വിശദീകരണവുമായി എത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.