സ്വകാര്യതാ നയം പിന്‍വലിക്കണം: വാട്‌സ് ആപ്പിന് കേന്ദ്ര സര്‍ക്കാരിന്റെ കത്ത്

 സ്വകാര്യതാ നയം പിന്‍വലിക്കണം:  വാട്‌സ് ആപ്പിന് കേന്ദ്ര സര്‍ക്കാരിന്റെ കത്ത്

ന്യൂഡല്‍ഹി: പുതിയ സ്വകാര്യതാ നയം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വാട്‌സ് ആപ്പിന് കത്ത് നല്‍കി. ഉപയോക്താവിന്റെ ഡേറ്റ പങ്കുവയ്ക്കാനുള്ള നയ പരിഷ്‌കരണം ഇന്ത്യയിലെ ഉപയോക്താക്കളെ സാരമായി ബാധിക്കുമെന്നും അത് അംഗീകരിക്കാനാവില്ലെന്നും വാട്സ് ആപ്പ് സി.ഇ.ഒയ്ക്ക് കേന്ദ്ര ഐ.ടി മന്ത്രാലയം നല്‍കിയ കത്തില്‍ വ്യക്തമാക്കി.

ഡേറ്റ പങ്കുവയ്ക്കുന്നത് സുരക്ഷാ പ്രശ്നമുണ്ടാക്കും. പുതിയ സ്വകാര്യതാ നയവും വ്യവസ്ഥകളും സ്വീകരിക്കാന്‍ ഉപയോക്താവിനെ നിര്‍ബന്ധിക്കരുത്. ഇന്ത്യയ്ക്കും യൂറോപ്യന്‍ യൂണിയനും വ്യത്യസ്തമായ സ്വകാര്യത നയമെന്നത് വിവേചന പരമാണ്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ വാട്‌സ് ആപ്പ് ഉപയോക്താക്കള്‍ ഇന്ത്യയിലാണെന്നിരിക്കെ ഈ വിവേചനം രാജ്യത്തെ പൗരന്മാരോടുള്ള ആദരവില്ലായ്മയാണ്ന്നും കത്തില്‍ അറിയിച്ചിട്ടുണ്ട്.

പൗരന്മാരുടെ താത്പര്യം സംരക്ഷിക്കാനുള്ള പരമാധികാരം ഇന്ത്യയ്ക്കുണ്ട്. വ്യക്തിവിവര സംരക്ഷണബില്‍ പാര്‍ലമെന്റ് പരിഗണിക്കുന്നതിനിടെ എന്തിനാണ് ഇത്രയും സുപ്രധാന മാറ്റം കൊണ്ടുവന്നതെന്ന് വിശദീകരിക്കണം. ഇന്ത്യയിലെ ഉപയോക്താവില്‍ നിന്ന് എന്തൊക്കെ വിവരങ്ങളാണ് ശേഖരിക്കുന്നതെന്നും എന്തിനാണ് ഇവ ഉപയോഗിക്കുന്നതെന്നതടക്കമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.