'ഭര്‍ത്താവിന്റെ മാതാപിതാക്കളെ പരിചരിക്കാന്‍ ഇന്ത്യന്‍ സ്ത്രീകള്‍ക്ക് ബാധ്യതയുണ്ട്; അത് സംസ്‌കാരത്തിന്റെ ഭാഗം': ജാര്‍ഖണ്ഡ് ഹൈക്കോടതി

 'ഭര്‍ത്താവിന്റെ മാതാപിതാക്കളെ പരിചരിക്കാന്‍ ഇന്ത്യന്‍ സ്ത്രീകള്‍ക്ക് ബാധ്യതയുണ്ട്; അത് സംസ്‌കാരത്തിന്റെ ഭാഗം': ജാര്‍ഖണ്ഡ് ഹൈക്കോടതി

റാഞ്ചി: പ്രായമായ അമ്മായിയമ്മയെയും അവരുടെ അമ്മയെയും സേവിക്കാന്‍ ഇന്ത്യന്‍ സ്ത്രീകള്‍ ബാധ്യസ്ഥരാണെന്ന് ജാര്‍ഖണ്ഡ് ഹൈക്കോടതി.

ഭര്‍ത്താവിന്റെ പ്രായമായ മാതാപിതാക്കളെ പരിചരിക്കുന്നത് സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് മനുസ്മൃതിയെ ഉദ്ദരിച്ചുകൊണ്ട് കോടതി പറഞ്ഞു. കുടുംബ കോടതിയുടെ ഉത്തരവിനെതിരെ ജാര്‍ഖണ്ഡ് സ്വദേശി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

രുദ്ര നാരായണ്‍ റായ് എന്നയാള്‍ ഭാര്യ പിയാലി രാജ് ചാറ്റര്‍ജിക്ക് ജീവനാംശമായി മാസം 30,000 രൂപ നല്‍കണമെന്നും മകന് 15,000 രൂപ നല്‍കണമെന്നുമുള്ള കുടുംബ കോടതിയുടെ ഉത്തരവിനെതിരായിരുന്നു ഹര്‍ജി. ഭര്‍ത്താവിന്റെ മാതാപിതാക്കളെ വിട്ട് മാറിതാമസിക്കണമെന്നുള്ള യുവതിയുടെ നിര്‍ബന്ധം ന്യായമല്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് സുബാഷ് ചന്ദ് അധ്യക്ഷനായ ബഞ്ചിന്റേതാണ് നിരീക്ഷണം.

പ്രായമായ അമ്മായിമ്മയെയും അവരുടെ അമ്മയെയും മരുമകള്‍ പരിചരിക്കുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണ്. 'കുടുംബത്തിലെ സ്ത്രീകള്‍ ദയനീയരാണെങ്കില്‍ കുടുംബം പെട്ടെന്ന് നശിക്കും, എന്നാല്‍ തൃപ്തരാകുന്നിടത്ത് അഭിവൃദ്ധി പ്രാപിക്കും'- മനുസ്മൃതി ഉദ്ദരിച്ചുകൊണ്ട് കോടതി വ്യക്തമാക്കി.

സ്ത്രീയെക്കാള്‍ ശ്രേഷ്ഠമായ ഒരു രത്‌നത്തെ ബ്രഹ്മാവ് സൃഷ്ടിച്ചിട്ടില്ല. സ്ത്രീയുടെ രൂപത്തിലുള്ള രത്‌നം ഒരു മനുഷ്യന്റെ നല്ല പ്രവൃത്തികളുടെ ഫലമായാണ് ഉണ്ടാകുന്നത്. അത്തരമൊരു രത്‌നത്തില്‍ നിന്നാണ് പുരുഷന് കുഞ്ഞുങ്ങളെയും സന്തോഷവും ലഭിക്കുന്നത്. ഒരു കുടുംബത്തിലെ ഐശ്വര്യത്തിന്റെ ദേവതയാണ് സ്ത്രീ. എല്ലാ ബഹുമാനത്തോടെയുമാണ് അവരെ പരിചരിക്കേണ്ടത്. അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റേണ്ടതുണ്ട്.

ഭര്‍ത്താവ് മോശമായി പെരുമാറിയെന്നും സ്ത്രീധനം ആവശ്യപ്പെട്ടുവെന്നും ഭര്‍തൃഗൃഹത്തില്‍ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നെന്നും അതിനാലാണ് സ്വന്തം വീട്ടിലേയ്ക്ക് പോയതെന്നുമായിരുന്നു യുവതി കുടുംബ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. തുടര്‍ന്നാണ് ദുംകയിലെ കുടുംബ കോടതി ഭാര്യയ്ക്കും മകനും ജീവനാംശം നല്‍കണമെന്ന് ഉത്തരവിട്ടത്.

എന്നാല്‍ ഭാര്യ സ്വന്തം ഇഷ്ട പ്രകാരമാണ് വീട്ടിലേയ്ക്ക് പോയതെന്നും പ്രായമായ മാതാപിതാക്കളെ വിട്ട് മാറിതാമസിക്കാന്‍ നിരന്തരം നിര്‍ബന്ധിച്ചുവെന്നുമാണ് രുദ്ര നാരായണ്‍ റായ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയത്. ജീവനാംശം നല്‍കാന്‍ മതിയായ കാരണങ്ങളിലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ന്യായമായ കാരണങ്ങളൊന്നുമില്ലാതെ ഭാര്യ ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ വിസമ്മതിക്കുന്നത് ജീവനാംശം നിഷേധിക്കുന്നതിനുള്ള കാരണങ്ങളിലൊന്നാണെന്ന് കോടതി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.