ദുബായ്: പൗരോഹിത്യ സ്വീകരണത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടത്തിന് ഗംഭീര സ്വീകരണം നൽകാനൊരുങ്ങി യുഎഇയിലെ ചങ്ങനാശേരി പ്രവാസി അപ്പസ്റ്റോലേറ്റ്. ചങ്ങനാശേരി അതിരൂപതയുടെ ചരിത്രത്തിൽ ആദ്യമായാണ് അതിരൂപതയിലെ ഒരു മെത്രാപ്പോലീത്തക്ക് വിദേശത്തുവെച്ച് സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സ്വീകരണവും അനുമോദനവും നൽകുന്നത്.
ദുബായിൽ വെച്ച് നടത്തപ്പെടുന്ന ഈ പരിപാടിയുടെ ഏറ്റവും വലിയ സവിശേഷത യു എ ഇ യിൽ താമസിക്കുന്ന ചങ്ങനാശേരി അതിരൂപതാംഗങ്ങളായ 50 ഗായകർ ചേർന്ന് ലൈവായി ഒരുക്കുന്ന മംഗള ഗാനമാണ്. എടത്വ മരിയാപുരം സ്വദേശി ടോജോമോൻ ജോസഫ് രചനയും, കൈനകരി സ്വദേശി വിൻസൺ കണിച്ചേരിൽ സംഗീത സംവിധാനവും നിർവഹിച്ച മംഗളഗാനം അനീഷ് പുല്ലൂരിന്റേ നേതൃത്വത്തിലാണ് അവതരിപ്പിക്കുന്നത്.
ഗാനത്തിന്റെ രചനയും സംഗീത സംവിധാനവും ട്രാക്ക് റെക്കോർഡിങും പരിശീലനവമായി ഒരു മാസമായി ഒരു സഘം ആളുകൾ വളരെ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്നു. ഗാനം മംഗള പത്രമായി സമ്മേളനത്തിൽ പിതാവിന് സമ്മാനിക്കും. പിന്നീട് ഇത് ഒരു വീഡിയോ ആൽബമായി പിതാവിന് സമർപ്പിക്കാനാണ് സഘാടകരുടെ തീരമാനം. മംഗള ഗാനത്തിന് പുറമേ ഗാനമേള, നാടകം, കോമഡി സ്കിറ്റ്, ഗ്രൂപ്പ് ഡാൻസ് തുടങ്ങിയ വിവിധ കലാപരിപാടികളും ഉണ്ടാകും.
ജനുവരി 28 ന് രാവിലെ ഒമ്പത് മുതൽ വൈകുനേരം മൂന്ന് വരെ നടക്കുന്ന ചങ്ങനാശേരി പ്രവാസി അപ്പസ്റ്റോലേറ്റ് യുഎഇ ചാപ്റ്ററിന്റെ വാർഷികവും കുടുംബ സംഗമവും ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. യു എ ഇ ചാപ്റ്റർ കോർഡിനേറ്റർ ബിജു മാത്യു മട്ടാഞ്ചേരി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പ്രോഗ്രാം കൺവീനർ ജോർജ് മീനത്തേക്കോണിൽ സ്വാഗതവും തോമസ് പറമ്പത്തു നന്ദിയും അർപ്പിക്കും. യു എ ഇ ചാപ്റ്റർ സെക്രട്ടറി ബിനു ജോൺ റിപ്പോർട്ട് അവതരിപ്പിക്കും.
അതിരൂപതാ ഡയറക്ടർ ഫാദർ റ്റെജി പുതുവീട്ടിൽക്കളം മുഖ്യ പ്രഭാഷണം നടത്തും. അസിസ്റ്റന്റ് ഡയറക്ടർ ഫാദർ ജിജോ മാറാട്ടുകുളം, ഗ്ലോബൽ കോർഡിനേറ്റർ ജോ കാവാലം എന്നിവർ ആശംസകൾ നേരും. സമൂഹത്തിനും സമുദായത്തിനും സേവനങ്ങൾ ചെയ്യുന്ന പ്രമുഖരെ ചടങ്ങിനിടെ ആദരിക്കും. ആയിരത്തോളം അംഗങ്ങൾ പങ്കെടുക്കുന്ന പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘടകരായ ബിജു ഡോമിനിക്, ജോസഫ് കളം, ജോസ് ജോസഫ്, തോമസ് ജോൺ മാപ്പിളശ്ശേരി, ജെമി സെബാൻ, ഷിജൻ വല്യാറ എന്നിവർ അറിയിച്ചു.
ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം
1974 ഡിസംബർ 18നാണ് മാർ പെരുന്തോട്ടം പൗരോഹിത്യം സ്വീകരിച്ചത്. കൈനകരി ഇടവകയിൽ അസിസ്റ്റൻറ് വികാരിയായി ആദ്യ നിയമനം. അതിരൂപതാ മതബോധനകേന്ദ്രമായ സന്ദേശനിലയം ഡയറക്ടർ, അതിരൂപതയിലെ കാത്തലിക് വർക്കേഴ്സ് മൂവ്മെൻറ് ചാപ്ലെയിൻ തുടങ്ങിയ നിലകളിൽ സേവനം അനുഷ്ഠിച്ചു. ദൈവസ്ത്ര പഠനകേന്ദ്രമായ മാർത്തോമ്മാ വിദ്യാനികേതൻറെ സ്ഥാപകഡയറക്ടർ കൂടിയാണ് മാർ പെരുന്തോട്ടം. 2002 ഏപ്രിൽ 24 ന് ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായും 2007 മാർച്ച് 19 ന് ആർച്ച് ബി ഷപ്പായും നിയമിതനായി.
1948 ജൂലൈ അഞ്ചിന് കോട്ടയം ജില്ലയിലെ പുന്നത്തുറ കൊങ്ങാണ്ടൂർ പെരുന്തോട്ടം ജോസഫ് - അന്നമ്മ ദമ്പതികളുടെ മകനായാണ് ജനനം. ചങ്ങനാശേരി പാറേൽ സെൻറ് തോമസ്, വടവാതൂർ സെൻറ് തോമസ് അപ്പസ്തോലിക് സെമിനാരികളിലാണ് സെമിനാരി പഠനം പൂർത്തിയാക്കിയത്.
1983 ൽ റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് സഭാ ചരിത്രത്തിൽ ഡോക്ടറേറ്റ് നേടി. റോമിൽ നിന്ന് മടങ്ങിയെത്തിയ അദേഹം 1989 ൽ വടവാതൂർ സെൻറ് തോമസ് അപ്പസ്തോലിക് സെമിനാരിയിലും മാങ്ങാനത്തുള്ള മിഷനറി ഓറിയൻറേഷൻ സെൻററിലും അധ്യാപകനായി പ്രവർത്തിച്ചു.
കെസിബിസി വൈസ് പ്രസിഡൻറ്, സിബിസിഐ ഡയലോഗ് ആൻഡ് എക്യുമെനിസം ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള മാർ പെരുന്തോട്ടം സീറോ മലബാർ സിനഡിലും അംഗമാണ്. ആരാധനക്രമത്തെക്കുറിച്ചും സഭാ ചരിത്രത്തെക്കുറിച്ചും പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.