ഐ.ഐയുടെ കെണിയില്‍പെട്ട് ജോ ബൈഡനും: ആരും വോട്ട് ചെയ്യരുതെന്ന് വോട്ടര്‍മാര്‍ക്ക് അമേരിക്കന്‍ പ്രസിഡന്റിന്റെ വ്യാജ ശബ്ദരേഖ

ഐ.ഐയുടെ കെണിയില്‍പെട്ട് ജോ ബൈഡനും: ആരും വോട്ട് ചെയ്യരുതെന്ന് വോട്ടര്‍മാര്‍ക്ക് അമേരിക്കന്‍ പ്രസിഡന്റിന്റെ വ്യാജ ശബ്ദരേഖ

വാഷിങ്ടണ്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) അഥവാ നിര്‍മിത ബുദ്ധി സൃഷ്ടിക്കുന്ന അപകടങ്ങളുടെ പ്രത്യാഘാതങ്ങള്‍ക്ക് ലോകം സാക്ഷിയായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ അടുത്തിടെ പ്രചരിച്ച സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും നടി രശ്മിക മന്ദാനയുടേയും ഡീപ് ഫേക്ക് വിഡിയോകള്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടുകയുണ്ടായി. ദൃശ്യങ്ങള്‍ക്ക് പുറമേ, ശബ്ദങ്ങളും എ.ഐ അനുകരിക്കാന്‍ തുടങ്ങിയതാണ് ഭീതി വര്‍ധിപ്പിക്കുന്നത്.

ഇപ്പോഴിതാ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെയും എ.ഐയുടെ ദുരുപയോഗം ബാധിച്ചിരിക്കുകയാണ്. സാക്ഷാല്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ശബ്ദമാണ് എ.ഐ ഉപയോഗിച്ച് അനുകരിച്ച് വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കിയത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കാനുള്ള ന്യൂഹാംഷെയര്‍ പ്രൈമറിയില്‍ ആരും വോട്ട് ചെയ്യരുതെന്ന് ആഹ്വാനം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഡീപ് ഫേക്ക് ശബ്ദരേഖയാണ് നിരവധി വോട്ടര്‍മാര്‍ക്ക് ലഭിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) ഉപയോഗിച്ച് ബൈഡന്റെ ശബ്ദം അനുകരിച്ചുള്ള റോബോകോളായിരുന്നു അത്.

ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പില്‍ നിന്ന് ജനങ്ങളോട് വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ട ബൈഡന്റെ വ്യാജ ശബ്ദം ആ വോട്ടുകള്‍ നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കായി സൂക്ഷിക്കാനാണ് ആവശ്യപ്പെടുന്നത്. ബൈഡന്‍ പതിവായി ഉപയോഗിക്കുന്ന വാചകങ്ങളടക്കം കടമെടുത്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വ്യാജ ശബ്ദം സൃഷ്ടിച്ചത്.

അതേസമയം, ന്യൂഹാംഷെയര്‍ സ്റ്റേറ്റിലെ വോട്ടര്‍മാരെ നിരുത്സാഹപ്പെടുത്താനായി നിര്‍മിക്കപ്പെട്ട റോബോകോളിനെ കുറിച്ച് അന്വേഷിക്കുകയാണെന്ന് ന്യൂ ഹാംഷെയര്‍ അറ്റോര്‍ണി ജനറലിന്റെ ഓഫീസ് അറിയിച്ചു. വോട്ടര്‍മാര്‍ക്ക് അയച്ച റെക്കോര്‍ഡ് ചെയ്ത സന്ദേശം വോട്ടിങ് തടസപ്പെടുത്താനും അടിച്ചമര്‍ത്താനുമുള്ള നിയമവിരുദ്ധമായ ശ്രമമാണെന്ന് അറ്റോര്‍ണി ജനറല്‍ ജോണ്‍ ഫോര്‍മെല്ല പറഞ്ഞു. വോട്ടര്‍മാര്‍ ഈ സന്ദേശത്തിന്റെ ഉള്ളടക്കം പൂര്‍ണമായും അവഗണിക്കണമെന്നും അദ്ദേഹം അറിയിച്ചു.

ആരാണ് വ്യാജ കോളിന് പിന്നിലെന്നത് വ്യക്തമല്ല. എന്നാല്‍, ബൈഡനെ പിന്തുണയ്ക്കുന്ന ക്യാമ്പെയ്‌ന് നേതൃത്വം നല്‍കുന്ന മുന്‍ സ്റ്റേറ്റ് ഡെമോക്രാറ്റിക് പാര്‍ട്ടി ചെയര്‍ കാത്തി സള്ളിവന്റെ സ്വകാര്യ സെല്‍ഫോണ്‍ നമ്പറില്‍ നിന്ന് സന്ദേശം വന്നതായാണ് പലരുടെയും ഫോണുകളില്‍ തെറ്റായി കാണിച്ചത്. അതോടെ സള്ളിവന്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. അനുവാദമില്ലാതെ വ്യാജ കോളുകള്‍ തന്റെ നമ്പറിലേക്ക് ലിങ്ക് ചെയ്യപ്പെടുന്നതായി അവര്‍ ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.