കളം മാറാനൊരുങ്ങി നിതീഷ്, ഇന്ത്യ സഖ്യത്തില്‍ ഞെട്ടല്‍; ബിഹാറില്‍ ഇടക്കാല തിരഞ്ഞെടുപ്പിന് സാധ്യത

കളം മാറാനൊരുങ്ങി നിതീഷ്, ഇന്ത്യ സഖ്യത്തില്‍ ഞെട്ടല്‍; ബിഹാറില്‍ ഇടക്കാല തിരഞ്ഞെടുപ്പിന് സാധ്യത

ന്യൂഡല്‍ഹി: ബിജെപിയെ നേരിടാന്‍ പ്രതിപക്ഷ സഖ്യത്തിന് മുന്‍കൈയെടുത്ത നേതാക്കളില്‍ പ്രധാനിയായ നിതീഷ് കുമാര്‍ ഇന്ത്യ മുന്നണി വിട്ട് ബിജെപിക്കൊപ്പം ചേരുമെന്ന് സൂചന. ഇതു സംബന്ധിച്ച് ബിജെപിയുമായി ചര്‍ച്ച തുടങ്ങിയെന്നാണ് വിവരം. ഇതേ തുടര്‍ന്ന് ബിഹാര്‍ പാര്‍ട്ടി അധ്യക്ഷനെ ബിജെപി കേന്ദ്ര നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ തന്നെ പ്രതിപക്ഷ ചേരിയില്‍ വിള്ളല്‍ തുടങ്ങിയിരുന്നു. പ്രമുഖ നേതാക്കള്‍ തമ്മില്‍ അഭിപ്രായ ഐക്യമില്ലാതായതും ഏകോപനമില്ലായ്മയുമാണ് സ്ഥിതി വഷളാക്കിയത്. മാത്രമല്ല, മുന്നണിയിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ എങ്ങുമെത്താതെ നീളുന്നതും തിരിച്ചടിയായി.

നേരത്തെ ബിജെപിയുമായി സഖ്യത്തിലായിരുന്നു ബിഹാര്‍ മുഖ്യമന്ത്രിയായ നിതീഷ് കുമാറിന്റെ ജെഡിയു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലാണ് കളം മാറി ആര്‍ജെഡി, കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം ചേര്‍ന്നത്. ഇതോടെ സീറ്റ് കുറഞ്ഞെങ്കിലും മുഖ്യമന്ത്രി പദവി നിലനിര്‍ത്താന്‍ നിതീഷിന് സാധിച്ചു. എന്നാല്‍ അടുത്തയിടെയാണ് ആര്‍ജെഡിയുമായും കോണ്‍ഗ്രസുമായും നിതീഷ് അകന്നു തുടങ്ങിയത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അദേഹം ഫോണില്‍ സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ബിഹാറിലെത്തുമ്പോള്‍ നിതീഷ് വിട്ടു നില്‍ക്കുമെന്നാണ് വിവരം. മക്കള്‍ രാഷ്ട്രീയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കെതിരെ ആരുടെയും പേരെടുത്ത് പറയാതെ നിതീഷ് കുമാര്‍ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

അതിനിടെ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും സ്വാതന്ത്ര്യ സമര സേനാനിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന കര്‍പൂരി ഠാക്കുറിന് ഭാരതരത്‌നം നല്‍കാന്‍ തീരുമാനിച്ചതിന് കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രിക്കും നിതീഷ് നന്ദി പറഞ്ഞിരുന്നു.

2005 ല്‍ ബിഹാറില്‍ താന്‍ മുഖ്യമന്ത്രി ആയതു മുതല്‍ യുപിഎ സര്‍ക്കാരിനോട് അടക്കം താന്‍ ആവശ്യപ്പെടുന്ന കാര്യമാണ് ഇതെന്നും മോഡി സര്‍ക്കാരാണ് ഇത് യാഥാര്‍ഥ്യമാക്കിയതെന്നും അദേഹം പറഞ്ഞു. ഇതെല്ലാം പുതിയ മാറ്റത്തിന്റെ തുടക്കമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ജെഡിയു കളം മാറിയാല്‍ ബിഹാറിലെ വിശാല സഖ്യ സര്‍ക്കാര്‍ വീഴാനുള്ള സാധ്യതയുമുണ്ട്. നിലവില്‍ ഏറ്റവും വലിയ കക്ഷി ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയാണ്. ജെഡിയു ബിജെപിക്ക് കൈകൊടുത്താല്‍ 243 അംഗ നിയമ സഭയില്‍ കേവല ഭൂരിപക്ഷം ഇരു ഭാഗത്തിനും ലഭിക്കാത്ത സാഹചര്യം വരും. അത് ഒരു പക്ഷേ, ബിഹാറിനെ ഇടക്കാല തിരഞ്ഞെടുപ്പിലേക്ക് നയിക്കാനും സാധ്യതയുണ്ട്.

അങ്ങനെ വന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പും നടന്നേക്കും. ബിഹാറിലെ മാറി വരുന്ന രാഷ്ട്രീയ സംഭവ വികാസങ്ങള്‍ വരും ദിവസങ്ങളില്‍ ദേശീയ രാഷ്ട്രീയത്തിലും കാര്യമായ സ്വാധിനം ചെലുത്തും എന്നുറപ്പാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.