ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്; ഫെബ്രുവരി അഞ്ചിന് പ്രത്യേക നിയമസഭാ സമ്മേളനം

 ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്; ഫെബ്രുവരി അഞ്ചിന് പ്രത്യേക നിയമസഭാ സമ്മേളനം

ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി ഏക സിവില്‍ കോഡ് നിയമം നടപ്പിലാക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഇതിനായി ഫെബ്രുവരി അഞ്ചിന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കും. ഈ സമ്മേളനത്തില്‍വച്ച് നിയമം പാസാക്കാനാണ് തീരുമാനം.

സുപ്രീം കോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതി ഏക സിവില്‍കോഡ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഈ റിപ്പോര്‍ട്ട് ഫെബ്രുവരി രണ്ടിനോ മൂന്നിനോ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നാണ് വിവരം.

ഉത്തരാഖണ്ഡില്‍ 2022 മെയ് മുതല്‍ തന്നെ ഏക സിവില്‍കോഡ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചിരുന്നു. ലിംഗ സമത്വം, സ്വത്തുക്കളില്‍ പെണ്‍മക്കള്‍ക്ക് തുല്യ അവകാശം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്നതാണ് അഞ്ചംഗ സമിതിയുടെ റിപ്പോര്‍ട്ട്. അതേസമയം സ്ത്രീകളുടെ വിവാഹ പ്രായം 18 ല്‍ നിന്ന് 21 ആക്കണമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.

റിപ്പോര്‍ട്ടും ബില്ലിന്റെ ഡ്രാഫ്റ്റും തയ്യാറായെങ്കിലും ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിനാലാണ് കൂടുതല്‍ സമയം ആവശ്യമായി വന്നതെന്നും അധികൃതര്‍ പറഞ്ഞു. ഉത്തരാഖണ്ഡിലെ എല്ലാ നിയമ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഹിന്ദിയിലായതിനാല്‍ കമ്മിറ്റിയിലെ അംഗങ്ങളായ സാമൂഹിക പ്രവര്‍ത്തകന്‍ മനു ഗൗര്‍, മുന്‍ ചീഫ് സെക്രട്ടറിയും ഐഎഎസ് ഓഫീസറുമായ ശത്രുഘ്‌നന്‍ സിങ്, ഡൂണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ സുരേഖ ദംഗ്വാള്‍ എന്നിവരോട് റിപ്പോര്‍ട്ട് ഇംഗ്ലീഷില്‍ നിന്ന് ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരിഭാഷാ ജോലികള്‍ പുരോഗമിക്കുകയാണ്. ഡിസൈനിങും പ്രിന്റിങും നടക്കുന്നുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

നേരത്തേ ദീപാവലിക്ക് പിന്നാലെ തന്നെ നവംബറില്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരുമെന്നും ബില്‍ പാസാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ നവംബര്‍ 12 ന് ഉത്തരകാശി ജില്ലയിലെ സില്‍ക്യാര-ബര്‍കോട്ട് തുരങ്കം തകര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ തീരുമാനം മാറ്റിവെയ്ക്കുകയായിരുന്നു. പിന്നീട് വിവര്‍ത്തനത്തിനായി കമ്മിറ്റി സമയം തേടുകയും ചെയ്തു.

മതം, ലിംഗം, ലൈംഗിക ആഭിമുഖ്യം എന്നിവയുടെ തരം തിരിവില്ലാതെ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും തുല്യമായി ബാധകമാകുന്ന വ്യക്തി നിയമം എന്നതാണ് ഏകീകൃത സിവില്‍ കോഡ്. ഭരണഘടനയുടെ 44-ാം അനുഛേദത്തില്‍ നിര്‍ദേശക തത്വങ്ങളിലാണ് ഇത് പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.