രോഗിയായ അമ്മയ്ക്കും അനുജനും തുണയായ ചേട്ടനച്ഛന്‍ നിഖിലിനെ ചേര്‍ത്ത് പിടിച്ച് മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷന്‍

രോഗിയായ അമ്മയ്ക്കും അനുജനും തുണയായ ചേട്ടനച്ഛന്‍ നിഖിലിനെ ചേര്‍ത്ത് പിടിച്ച് മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷന്‍

തിരുവനന്തപുരം: രോഗിയായ മാതാവിനും കുഞ്ഞനുജനും സംരക്ഷണമൊരുക്കി നാടിന്റെ അഭിമാനമായ ചേട്ടനച്ഛനായ നിഖിലിനെ ചേര്‍ത്ത് പിടിച്ച് മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷനായ ഡോ. തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പൊലീത്താ.

മെത്രാപ്പോലീത്താ നിഖിലിനെ അടുത്ത് വിളിച്ച് ശിരസില്‍ കൈവച്ച് ആശ്ലേഷിച്ച് കൈയില്‍ കരുതിയ ലാപ് ടോപ്പ് സമ്മാനമായി നല്‍കി. നിഖിലിനും കുടുംബത്തിനും വീടൊരുക്കാനും മെത്രാപ്പോലീത്താ നിര്‍ദേശിച്ചു. തിരുവനന്തപുരം സെന്റ് തോമസ് സ്‌കൂളിലെ പ്ളസ് ടൂ വിദ്യാര്‍ഥിയായ നിഖിലിന്റെ ജീവിത കഥ അടുത്ത ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ഇതറിഞ്ഞ മെത്രാപ്പോലീത്താ നിഖിലിനെ കാണാന്‍ എത്തുകയായിരുന്നു.

നിഖിലിന്റെ ജീവിതത്തില്‍ ചെയ്യാന്‍ കഴിയുന്നതിനപ്പുറമായ വലിയ കാര്യങ്ങള്‍ വൈമനസ്യം കൂടാതെ ഓട്ടിസം ബാധിതനായ സഹോദരനും രോഗിയായ അമ്മയ്ക്കും വേണ്ടി നിര്‍വഹിക്കുന്നത് തന്റെ കടമയാണെന്ന് വിശ്വസിച്ച കൗമാരക്കാരനെ സമൂഹം മാതൃകയാക്കുകയാണ് വേണ്ടത്.

ഓട്ടിസം ബാധിതനായ ഇളയ സഹോദരന്‍ അപ്പുവിനും പാര്‍ക്കിന്‍സണ്‍ രോഗിയായ അമ്മ ഷീബയ്ക്കും സംരക്ഷണമൊരുക്കിയാണ് 18 കാരനായ നിഖില്‍ കുടുംബത്തിന്റെ ചേട്ടച്ഛനായത്. വിദേശത്ത് ജോലിയായിരുന്ന പിതാവ് ആറ് വര്‍ഷം മുന്‍പ് മരണമടഞ്ഞിരുന്നു. കൂടാതെ രണ്ട് വര്‍ഷം മുന്‍പ് അമ്മ പാര്‍ക്കിന്‍സണ്‍ രോഗിയുമായി. ഇതോടെ സാമ്പത്തിക ബുദ്ധിമുട്ടിലാവുകയും വീടും വസ്തുക്കളും നഷ്ടമാകുകയും ചെയ്തു.

ഇപ്പോള്‍ താമസിക്കുന്നത് കേശവദാസപുരത്ത് വാടക വീട്ടിലാണ്. ചെറിയ ഒരു സ്വകാര്യ സംരംഭത്തില്‍ നിന്ന് ലഭിക്കുന്ന കമ്മീഷന്‍ തുക മാത്രമാണ് കുടുംബത്തിന്റെ ഏക ആശ്രയം. നിഖിലിന്റെ പ്രയാസത്തില്‍ ഫിസ് ഇളവ് നല്‍കി അവന്‍ പഠിക്കുന്ന സെന്റ് തോമസ് സ്‌കൂളും മാതൃക പുലര്‍ത്തി.

നിഖില്‍ ലോകത്തിന് മാതൃകയാണെന്നും സഹോദരനോടും അമ്മയോടുമുളള ചുമതലകള്‍ വീഴ്ചയില്ലാതെ നിര്‍വഹിക്കുന്ന അവന്‍ പ്രതിസന്ധികളെ ഭയക്കാതെ ചിരിച്ചു കൊണ്ട് നേരിടുന്നതായും ഡോ. തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പൊലീത്താ സന്ദര്‍ശനത്തിന് ശേഷം പ്രതികരിച്ചു. കൂടാതെ തുടര്‍ വിദ്യാഭ്യാസത്തിനുള്ള സഹായവും മെത്രാപ്പോലീത്താ ഉറപ്പ് നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.