ആഭരണം വാങ്ങുന്നവര്‍ അല്‍പം കാത്തിരിക്കൂ! സ്വര്‍ണ വില കുറഞ്ഞേക്കും; തീരുമാനം ഉടന്‍

 ആഭരണം വാങ്ങുന്നവര്‍ അല്‍പം കാത്തിരിക്കൂ! സ്വര്‍ണ വില കുറഞ്ഞേക്കും; തീരുമാനം ഉടന്‍

ന്യൂഡല്‍ഹി: സ്വര്‍ണാഭരണം വാങ്ങാന്‍ അല്‍പം കാത്തിരുന്നാല്‍ നേട്ടമുണ്ടാകും. സ്വര്‍ണ വില കുറയാന്‍ വഴിയൊരുങ്ങുന്നു എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ നല്‍കേണ്ട വില 46,160 രൂപയാണ്. ഇത്രയും വില ഉയരാന്‍ കാരണങ്ങളിലൊന്ന് രാജ്യത്തെ നികുതിയാണ്. ഇതില്‍ മാറ്റം വരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.

ഏറിയും കുറഞ്ഞും സ്വര്‍ണ വില കുറച്ചുനാളായി പവന് 46000ത്തിന് മുകളിലാണ്. വരും മാസങ്ങളില്‍ ഇനിയും വില വര്‍ധിക്കുമെന്നാണ് നിഗമനം. അതിനിടെയാണ് ആഭരണം വാങ്ങുന്നവര്‍ക്കടക്കം സന്തോഷ വിവരം വന്നിരിക്കുന്നത്. സ്വര്‍ണത്തിനുള്ള ഇറക്കുമതി നികുതി കേന്ദ്ര സര്‍ക്കാര്‍ കുറച്ചേക്കുമെന്നാണ് വിവരം. ഇതിനെ വാണിജ്യ മന്ത്രാലയം പിന്തുണച്ചു.

വാണിജ്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന് കേന്ദ്ര സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയാല്‍ സ്വര്‍ണ ഇറക്കുമതി നികുതി കുറയും. നിലവില്‍ 12.5 ശതമാനം നികുതിയും 2.5 ശതമാനം കാര്‍ഷിക വികസന സെസും ഉള്‍പ്പെടെ 15 ശതമാനമാണ് സ്വര്‍ണ ഇറക്കുമതി നികുതി. ഇത് കുറയ്ക്കണമെന്ന് ഏറെ കാലമായി ജ്വല്ലറി ഉടമകള്‍ ആവശ്യപ്പെട്ടുവരികയാണ്. ഇതിനാണ് വാണിജ്യ മന്ത്രാലയം പിന്തുണ നല്‍കിയിരിക്കുന്നത്.

വാണിജ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം അംഗീകരിച്ചാല്‍ ബജറ്റില്‍ സ്വര്‍ണ ഇറക്കുമതി നികുതി കുറച്ചുള്ള പ്രഖ്യാപനമുണ്ടാകും. ഇതാകട്ടെ, സ്വര്‍ണ വിപണിക്ക് ഊര്‍ജം പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറക്കുമതി നികുതി 15 ല്‍ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കണമെന്നാണ് ജ്വല്ലറി ഉടകളുടെ സംഘടനകള്‍ ആവശ്യപ്പെടുന്നത്. മാത്രമല്ല പോളിഷ് ചെയ്ത വജ്രത്തിന്റെ നികുതിയും കുറയ്ക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.

സ്വര്‍ണാഭരണത്തിന്റെ അനുബന്ധ വസ്തുക്കളുടെ നികുതി 11 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കി കഴിഞ്ഞാഴ്ച കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. ഉയര്‍ന്ന നികുതി കാരണം സ്വര്‍ണ വില രാജ്യത്ത് കൂടുതലാണ്. ദുബായിലും സിംഗപ്പൂരിലുമെല്ലാം പോയിവരുന്നവര്‍ അവിടെ നിന്ന് കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം വാങ്ങാന്‍ ഇത് കാരണമാകുന്നു. രാജ്യത്തിന്റെ സ്വര്‍ണാഭരണ കയറ്റുമതി വര്‍ധിപ്പിക്കാന്‍ നികുതി കുറയ്ക്കണമെന്നും ജ്വല്ലറി ഉടമകള്‍ ആവശ്യപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.