ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് അപ്രതീക്ഷിത തോല്‍വി; ഇംഗ്ലണ്ട് വിജയം 28 റണ്‍സിന്

ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് അപ്രതീക്ഷിത തോല്‍വി; ഇംഗ്ലണ്ട് വിജയം 28 റണ്‍സിന്

ഹൈദ്രബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് അപ്രതീക്ഷിത തോല്‍വി. 231 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 69.2 ഓവറില്‍ 202 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ ഇംഗ്ലണ്ട് 28 റണ്‍സിന്റെ വിജയവും പരമ്പരയില്‍ ലീഡും സ്വന്തമാക്കി.

സ്പിന്നിനെ തുണച്ച ഹൈദ്രാബാദിലെ പിച്ചില്‍ അരങ്ങേറ്റക്കാരന്‍ ടോം ഹാര്‍ട്‌ലിയുടെ പ്രകടനമാണ് ഇന്ത്യയെ തകര്‍ത്തത്. ഏഴ് വിക്കറ്റ് വീഴ്ത്തിയ ഹാര്‍ട്‌ലിയാണ് ഇന്ത്യയില്‍ നിന്ന് വിജയം തട്ടിയെടുത്തത്.

231 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ആദ്യ ഇന്നിംഗ്‌സിലെ ഹീറോ യശസ്വി ജയ്‌സ്വാളിനെ വേഗം നഷ്ടമായി. 15 റണ്‍സായിരുന്നു ജയ്‌സ്വാളിന്റെ സമ്പാദ്യം.

മൂന്നാമനായെത്തിയ ഗില്ലിന് രണ്ട് പന്തുകള്‍ മാത്രമായിരുന്നു ആയുസ് ഉണ്ടായിരുന്നത്. അതേ ഓവറില്‍ തന്നെ അക്കൗണ്ട് തുറക്കും മുന്‍പേ ശുഭ്മാന്‍ ഗില്ലും (0) മടങ്ങി. അധികം വൈകാതെ നായകന്‍ രോഹിത് ശര്‍മ (39) യും പുറത്തായി. സ്‌കോര്‍ 63/3.

കെഎല്‍ രാഹുലിന്റെ നേതൃത്വത്തില്‍ മധ്യനിര പ്രതിരോധിക്കാന്‍ ശ്രമിച്ചുവെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ സമ്മര്‍ദത്തിലാഴ്ത്തുകയായിരുന്നു ഇംഗ്ലണ്ട്.

കെ.എല്‍ രാഹുല്‍ (22), അക്ഷര്‍ പട്ടേല്‍ (17), ശ്രീകര്‍ ഭരത് (28), ആര്‍ അശ്വിന്‍ (28), മുഹമ്മദ് സിറാജ് (12) എന്നിവര്‍ പൊരുതിയെങ്കിലും അപ്രതീക്ഷിത തോല്‍വി ഒഴിവാക്കാനായില്ല. ആറ് റണ്‍സെടുത്ത ബുമ്ര പുറത്താകാതെ നിന്നു.

ഇംഗ്ലണ്ടിനായി ജോ റൂട്ടും, ജാക്ക് ലീഷും ഓരോ വിക്കറ്റു വീതം നേടി. ആദ്യ ഇന്നിംഗ്‌സില്‍ 100 റണ്‍സിനു മുകളില്‍ ലീഡ് നേടിയ ശേഷം ഇന്ത്യ ആദ്യമായാണ് ഒരു കളി തോല്‍ക്കുന്നത്. രണ്ടാം ഇന്നിംഗ്‌സില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയ ഓലി പോപ്പ് (196) ആണ് കളിയിലെ താരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.