2024 ല്‍ ഇതുവരെ യു.പി സര്‍ക്കാര്‍ തടവിലാക്കിയത് 17 ക്രൈസ്തവരെ; വിശ്വാസം പിന്തുടരാന്‍ പോലും കഴിയാത്ത സാഹചര്യം

2024 ല്‍ ഇതുവരെ യു.പി സര്‍ക്കാര്‍ തടവിലാക്കിയത് 17 ക്രൈസ്തവരെ; വിശ്വാസം പിന്തുടരാന്‍ പോലും കഴിയാത്ത സാഹചര്യം

ലക്‌നൗ: സുവിശേഷ പ്രഘോഷകര്‍ ഉള്‍പ്പെടെ 17 ക്രൈസ്തവരെ 2024 പിറന്ന് ഒരു മാസത്തിനുള്ളില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അകാരണമായി ജയിലില്‍ അടച്ചതായി റിപ്പോര്‍ട്ട്.

ഏറ്റവും ഒടുവിലായി ജനുവരി 24 ന് ഒരു വചന പ്രഘോഷകന്‍ ഉള്‍പ്പെടെ രണ്ട് ക്രൈസ്തവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പ്രാര്‍ത്ഥന കൂട്ടായ്മ സംഘടിപ്പിച്ചു എന്നതാണ് അവരുടെ മേല്‍ ചുമത്തപ്പെട്ട കുറ്റം. ജനുവരി 25 ന് അവരെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു.

സംസ്ഥാനത്തെ തീവ്ര ഹിന്ദുത്വ സംഘടനകളെ പ്രീതിപ്പെടുത്തുന്നതിനായി മതപരിവര്‍ത്തനം അടക്കമുള്ള കുറ്റങ്ങള്‍ പോലീസ് ചുമത്തുന്നത് മൂലം വിശ്വാസം പിന്തുടരാന്‍ ക്രൈസ്തവര്‍ക്ക് ഭയമാണെന്ന് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ട പ്രമുഖ ക്രിസ്ത്യന്‍ വാര്‍ത്ത ഏജന്‍സിയായ യുസിഎ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സംസ്ഥാനത്ത് നിലവിലുള്ള മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവിലാണ് ഉത്തര്‍പ്രദേശില്‍ ക്രൈസ്തവരെ കള്ളക്കേസില്‍ കുടുക്കുന്നത്. പ്രദേശത്ത് ഒരു പ്രാര്‍ത്ഥന കൂട്ടായ്മ സംഘടിപ്പിക്കുക എന്നത് പോലും വളരെയധികം പ്രയാസമുള്ള ഒരു കാര്യമായി മാറിയിരിക്കുകയാണെന്ന് ഇന്ത്യന്‍ മിഷണറി സൊസൈറ്റി അംഗമായി വാരണാസിയില്‍ സേവനം ചെയ്യുന്ന ഫാ. ആനന്ദ് മാത്യു പറഞ്ഞു.

മുഖ്യധാര മാധ്യമങ്ങള്‍ എല്ലാ ദിവസവും നടക്കുന്ന പ്രാര്‍ത്ഥനാ കൂട്ടായ്മകളെ മതപരിവര്‍ത്തന ലക്ഷ്യം വെച്ച് നടക്കുന്ന സംഗമങ്ങളായി ചിത്രീകരിക്കുന്നത് മൂലം നിരവധി വചന പ്രഘോഷകര്‍ പ്രാര്‍ത്ഥന കൂട്ടായ്മകള്‍ തന്നെ ഉപേക്ഷിച്ചുവെന്നും അദേഹം വെളിപ്പെടുത്തി.

അടിസ്ഥാനമില്ലാത്ത ഇത്തരം പ്രചാരണങ്ങള്‍ തീവ്ര സംഘടനകളെ ശക്തിപ്പെടുത്തുക മാത്രമല്ല ചെയ്യുന്നതെന്നും സാധാരണ ഹൈന്ദവ വിശ്വാസികളുടെ ഇടയില്‍ ക്രൈസ്തവരെപ്പറ്റി സംശയമുണ്ടാക്കാന്‍ അത് കാരണമായി തീരുകയാണെന്നും ഫാ. ആനന്ദ് മാത്യു പറഞ്ഞു.

ഇന്ത്യയില്‍ 140 കോടിയോളം വരുന്ന ജനസംഖ്യയില്‍ വെറും 2.3 ശതമാനം മാത്രമാണ് ക്രിസ്ത്യാനികള്‍. തീവ്ര ഹിന്ദുത്വ നേതാവ് യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ 20 കോടിയോളം വരുന്ന ജനസംഖ്യയില്‍ ക്രൈസ്തവര്‍ വെറും 0.18 ശതമാനമാണ്.

ഇന്ത്യയില്‍ ക്രൈസ്തവ വിരുദ്ധ പീഡനം രൂക്ഷമായ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഉത്തര്‍പ്രദേശാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.