മാർ ജോസഫ് പെരുന്തോട്ടത്തിന് ആദരം; പൗരോഹിത്യ ശുശ്രൂഷയുടെ അമ്പതാം വർഷത്തിൽ മംഗള ഗാനം ഒരുക്കി യു എ ഇ യിലെ 50 ഗായകർ

മാർ ജോസഫ് പെരുന്തോട്ടത്തിന് ആദരം; പൗരോഹിത്യ ശുശ്രൂഷയുടെ അമ്പതാം വർഷത്തിൽ മംഗള ഗാനം ഒരുക്കി യു എ ഇ യിലെ 50 ഗായകർ

ദുബായ്: പൗരോഹിത്യ സ്വീകരണത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടത്തിന് ഗംഭീര സ്വീകരണം നൽകി യുഎഇയിലെ ചങ്ങനാശേരി പ്രവാസി അപ്പസ്റ്റോലേറ്റ്. ചങ്ങനാശേരി അതിരൂപതയുടെ ചരിത്രത്തിൽ ആദ്യമായാണ് അതിരൂപതയിലെ ഒരു മെത്രാപ്പോലീത്തക്ക് വിദേശത്തുവെച്ച് സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സ്വീകരണവും അനുമോദനവും നൽകുന്നത്. ചെണ്ടമേളവും മുത്തുക്കുടയുമായാണ് പിതാവിനെ ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചത്.

ദുബായിൽ വെച്ച് നടത്തപ്പെട്ട പരിപാടിയുടെ ഏറ്റവും വലിയ സവിശേഷത യു എ ഇ യിൽ താമസിക്കുന്ന ചങ്ങനാശേരി അതിരൂപതാംഗങ്ങളായ 50 ഗായകർ ചേർന്ന് ലൈവായി ഒരുക്കിയ മംഗള ഗാനമാണ്. എടത്വ മരിയാപുരം സ്വദേശി ടോജോമോൻ ജോസഫ് രചനയും, കൈനകരി സ്വദേശി വിൻസൺ കണിച്ചേരിൽ സംഗീത സംവിധാനവും നിർവഹിച്ച മംഗള ഗാനം അനീഷ് പുല്ലൂരിന്റേ നേതൃത്വത്തിലാണ് അവതരിപ്പിച്ചത്.

ഗാനം മംഗള പത്രമായി പിതാവിന് സമ്മാനിച്ചു. പിന്നീട് ഇത് ഒരു വീഡിയോ ആൽബമായി പിതാവിന് സമർപ്പിക്കുമെന്ന് സംഘാടകർ പറഞ്ഞു. മംഗള ഗാനത്തിന് പുറമേ ഗാനമേള, നാടകം, കോമഡി സ്കിറ്റ്, ഗ്രൂപ്പ് ഡാൻസ് തുടങ്ങിയ വിവിധ കലാപരിപാടികളും അരങ്ങേറി.

ചങ്ങനാശേരി അതിരൂപത മുൻമെത്രാപ്പോലിത്ത മാർ ജോസഫ് പൗവ്വത്തിൽ പിതാവിന്റെ സ്മരണാർത്ഥം നൽകിയ പ്രഥമ പുരസ്കാരത്തിന് ജോർജ് തോമസ് മിനിതെക്കോണിൽ, ബിജു മാത്യു മട്ടാഞ്ചേരി എന്നിവർ അർഹരായി. യുഎഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഏർപെടുത്തിയ അതുല്യ പ്രതിഭ അവാർഡിന് ജോ കാവാലം അർഹനായി. സഭയിലും സമൂഹത്തിലും വിവിധ തലങ്ങളിൽ സുസ്ത്യർഹമായി സേവനം നൽകുന്നവരെ ആദരിച്ചു. അവാർഡിന് അർഹരായവർക്ക് മാർ ജോസഫ് പെരുന്തോട്ടം പുരസ്കാരങ്ങൾ സമ്മാനിച്ചു.

ജനുവരി 28 ന് നടന്ന ചങ്ങനാശേരി പ്രവാസി അപ്പസ്റ്റോലേറ്റ് യുഎഇ ചാപ്റ്ററിന്റെ വാർഷികവും കുടുംബ സംഗമവും ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. യു എ ഇ ചാപ്റ്റർ കോർഡിനേറ്റർ ബിജു മാത്യു മട്ടാഞ്ചേരി അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം കൺവീനർ ജോർജ് മീനത്തേക്കോണിൽ സ്വാഗതവും തോമസ് പറമ്പത്ത് നന്ദിയും പറഞ്ഞു. യു എ ഇ ചാപ്റ്റർ സെക്രട്ടറി ബിനു ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു.

അതിരൂപതാ ഡയറക്ടർ ഫാദർ റ്റെജി പുതുവീട്ടിൽക്കളം മുഖ്യ പ്രഭാഷണം നടത്തി. അസിസ്റ്റന്റ് ഡയറക്ടർ ഫാദർ ജിജോ മാറാട്ടുകുളം, ഗ്ലോബൽ കോർഡിനേറ്റർ ജോ കാവാലം എന്നിവർ ആശംസകൾ നേർന്നു. ബിജു ഡോമിനിക്, ജോസഫ് കളം, ജോസ് ജോസഫ്, തോമസ് ജോൺ മാപ്പിളശ്ശേരി, ബിനോ ജേക്കബ്, ജെമി സെബാൻ, ഷിജൻ വല്യാറ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികളാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.