അറബ് ഹെൽത്തിൽ 'റിംഗ് ഫോർ ലൈഫ്' സംരംഭത്തിന് തുടക്കമിട്ട് പ്രശസ്ത അറബ് ഗായിക എലിസ

അറബ് ഹെൽത്തിൽ 'റിംഗ് ഫോർ ലൈഫ്' സംരംഭത്തിന് തുടക്കമിട്ട് പ്രശസ്ത അറബ് ഗായിക എലിസ

ദുബായ്: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ എക്സ്പോയിൽ അർബുദ രോഗികൾക്ക് പ്രതീക്ഷയും പിന്തുണയുമേകുന്ന ബുർജീൽ മെഡിക്കൽ സിറ്റിയുടെ (ബിഎംസി) സംരംഭത്തിന് തുടക്കമിട്ട് പ്രശസ്ത അറബ് ഗായിക എലിസ. അർബുദ ചികിത്സ പൂർത്തിയാക്കുന്നവർ ആഹ്ളാദ സൂചകമായി മണിമുഴക്കുന്നതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള 'റിംഗ് ഫോർ ലൈഫ്' സംരംഭമാണ് ഗായിക അനാവരണം ചെയ്തത്. അറബ് ഹെൽത്തിലെ ബുർജീൽ മെഡിക്കൽ സിറ്റി ബൂത്തിൽ സ്ഥാപിച്ച മണി എലിസ മുഴക്കി.

അർബുദത്തിനെതിരായ വിജയം പ്രതീകമാക്കി രോഗികൾക്കും അതിജീവിച്ചവർക്കും പ്രത്യാശ സൃഷ്ടിക്കുകയാണ് സംരംഭത്തിന്റെ ലക്‌ഷ്യം. 2020 മുതൽ 2050 വരെയുള്ള കാലയളവിൽ അർബുദ ചികിത്സയ്ക്കുള്ള ചിലവ് ആഗോളതലത്തിൽ 25.2 ട്രില്യൺ ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതടക്കമുള്ള വെല്ലുവിളികളെ അഭിസംബോധന ചെയ്ത് ആരോഗ്യ മേഖലയിലും പൊതു സമൂഹത്തിലും അവബോധവും ഐക്യദാർഢ്യവും പ്രോത്സാഹിപ്പിക്കുകയാണ് 'റിംഗ് ഫോർ ലൈഫിന്റെ ശ്രമം. അർബുദ ചികിത്സാരംഗത്തെ പുതിയ മുന്നേറ്റങ്ങളും സംരംഭത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്നു.

അറബ് ലോകത്ത് അർബുദ രോഗ നിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ അവബോധം വളർത്തേണ്ടത് അനിവാര്യമാണെന്ന് എലിസ പറഞ്ഞു. "എന്റെ സഹോദരിയും പിതാവും അർബുദത്തിന് കീഴടങ്ങുകയായിരുന്നു. എന്നാൽ എനിക്ക് അർബുദത്തെ അതിജീവിക്കാനായി. അർബുദം നേരത്തെ കണ്ടെത്തിയാൽ വിജയകരമായി ചികിത്സിക്കാൻ കഴിയുമെന്നതിന് തെളിവാണിത്. പതിവായി സ്‌ക്രീനിംഗ് നടത്തുന്നത് സ്തനാർബുദം കണ്ടെത്താൻ സഹായിക്കും. അർബുദം സ്ഥിരീകരിച്ചപ്പോൾ ആദ്യം ആശങ്ക തോന്നിയെങ്കിലും നേരത്തെ രോഗ നിർണ്ണയം നടത്താനായത് ഏറെ ആശ്വാസകരമായിരുന്നു."

അർബുദ ചികിത്സ ആദ്യം സ്വകാര്യമായി നടത്തിയ എലിസ രോഗത്തെ അതിജീവിച്ച ശേഷമാണ് അവബോധം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ഏറ്റെടുത്തത്. കാൻസർ രോഗികൾക്ക് കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമുള്ള മാനസിക പിന്തുണ വളരെ പ്രധാനപ്പെട്ടതാണെന്നും പ്രിയപ്പെട്ടവരുടെ പിന്തുണ രോഗത്തിൻ്റെ വെല്ലുവിളികളെ തരണം ചെയ്യാൻ സഹായിക്കുമെന്നും അവർ പറഞ്ഞു. "ചികത്സാ രംഗത്തെ മുന്നേറ്റങ്ങളും ബുർജീൽ മെഡിക്കൽ സിറ്റി അടക്കമുള്ള സ്ഥാപനങ്ങളുടെ വൈദഗ്ധ്യവും രോഗികൾക്ക് പ്രതീക്ഷ പകരുന്നതാണ്."

എലിസയുടെ സംഗീത ജീവിതത്തെപ്പറ്റിയുടെ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി 'ഇറ്റ്സ് ഓകെ' കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നത്. ബുർജീൽ ഹോൾഡിംഗ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ, ബുർജീൽ ഹോൾഡിംഗ്‌സ് ഗ്രൂപ്പ് സിഇഒ ജോൺ സുനിൽ, ഗ്രൂപ്പ് സിഒഒ സഫീർ അഹമ്മദ്, ഡയറക്ടർ ബോർഡ് അംഗവും ബിസിനസ് ഡെവലപ്‌മെൻ്റ് പ്രസിഡൻ്റുമായ ഒമ്രാൻ അൽ ഖൂരി, ബിഎംസി ഡെപ്യൂട്ടി സിഇഒ ആയിഷ അൽ മഹ്‌രി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അർബുദ ചികിത്സാ രംഗത്തെ മുന്നേറ്റങ്ങൾ രോഗികൾക്ക് സഹായകരമാകും വിധം ഉപയോഗപ്പെടുത്താനും പ്രതീക്ഷയും പ്രചോദനവും വളർത്താനുമാണ് ശ്രമമെന്ന് ഡോ. ഷംഷീർ പറഞ്ഞു. 'ലോകത്തെ ഏറ്റവും സുരക്ഷിത നഗരത്തിൽ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നു' എന്ന പ്രമേയത്തിൽ അറബ് ഹെൽത്തിൽ പങ്കെടുക്കുന്ന ബിഎംസി സങ്കീർണ്ണ ചികിത്സാരംഗത്തെ ശേഷിയും വൈദഗ്ധ്യവും സാങ്കേതിക വിദ്യയുമാണ് ഇക്കുറി പ്രദർശിപ്പിക്കുന്നത്. മെഡിക്കൽ ടൂറിസം പ്രോത്സാഹിപ്പിച്ചുകൊണ്ട് ആഗോളതത്തിലെ രോഗികളെ യുഎഇയിലേക്ക് ആകർഷിക്കാനുള്ള പദ്ധതികളും അവതരിപ്പിക്കും.

അർബുദ പരിചരണം മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങൾ പങ്കുവയ്ക്കുന്ന സംവാദങ്ങളും ചർച്ചകളും ബിഎംസി ബൂത്തിൽ നാലുദിവസങ്ങളിലായി നടക്കും. വിവിധ സ്ഥാപനങ്ങളുമായുള്ള സഹകരണവും പ്രഖ്യാപിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.