ഇന്‍ഡ്യ മുന്നണിയുടെ താളം തെറ്റുന്നോ? കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി സിപിഐഎം

ഇന്‍ഡ്യ മുന്നണിയുടെ താളം തെറ്റുന്നോ? കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി സിപിഐഎം

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയെ തളയ്ക്കാന്‍ പ്രധാന കക്ഷികള്‍ ഒന്നു ചേര്‍ന്ന ഇന്‍ഡ്യാ മുന്നണിയില്‍ അസ്വാരസ്യം പുകയുന്നതായി സൂചന. ഇന്ത്യ മുന്നണിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ മതിയായ അവധാനത കാണിച്ചില്ലെന്ന രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം രംഗത്തെത്തി.

സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. കഴിഞ്ഞ ദിവസം ബിഹാറില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യം അവസാനിപ്പിച്ച് ബിജെപിയുടെ പിന്‍ബലത്തില്‍ വീണ്ടും നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് സിപിഐ എമ്മിന്റെ വിമര്‍ശനം.

മഹാ സഖ്യം ഉപേക്ഷിച്ച നിതീഷ് കുമാര്‍ ബിജെപി സഖ്യത്തില്‍ മടങ്ങിയെത്തിയത് ഇന്‍ഡ്യാ സഖ്യത്തിന് തന്നെ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. അതേ സമയം, നിതീഷ് കുമാര്‍ വിഷയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രംഗത്തെത്തി.

ആയാ റാം, ഗയാ റാം പോലെ വന്നുപോകുന്ന നിരവധി ആളുകള്‍ രാജ്യത്ത് ഉണ്ടെന്നായിരുന്നു ഖാര്‍ഗെയുടെ പ്രതികരണം. ഇത്തരത്തിലുളള നിരവധി പേര്‍ രാജ്യത്തുണ്ടെന്നും ഇത് സംഭവിക്കുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നുവെന്നും ഖാര്‍ഗെ വെളിപ്പെടുത്തി. എന്നാല്‍ സഖ്യത്തെ പ്രതിയാണ് താന്‍ മിണ്ടാതിരുന്നതെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

ലാലു യാദവുമായും തേജസ്വി യാദവുമായും സംസാരിച്ചപ്പോഴും ഇരുവരും സമാന അഭിപ്രായമാണ് രേഖപ്പെടുത്തിയതെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി. നിതീഷ് കുമാറിന് സഖ്യത്തില്‍ തുടരാന്‍ താല്‍പര്യം ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ സഖ്യത്തെ ഓര്‍ത്തു മാത്രമാണ് മിണ്ടാതിരുന്നതെന്നും ഖാര്‍ഗെ ആവര്‍ത്തിച്ചു.

അടുത്തിടെ നടന്ന ഒരു പൊതു ചടങ്ങില്‍വെച്ച് സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും അടക്കം നിതീഷ് കുമാര്‍ വിമര്‍ശിച്ചിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹം മുന്നണിവിട്ടത്. മുന്‍ധാരണ പ്രകാരം ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം എന്ന നിബന്ധനയും നിതീഷ് കുമാര്‍ പാര്‍ട്ടി വിടുന്നതിന് കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

എന്തായാലും നിതീഷ് കുമാറിന്റെ പിന്‍വാങ്ങല്‍ ഇന്‍ഡ്യ സഖ്യത്തിന് കനത്ത വെല്ലുവിളിയാകും സൃഷ്ടിക്കുകയെന്നാണ് നിരീക്ഷണം. ഈ സാഹചര്യത്തില്‍ സിപിഐ എമ്മിന്റെ വിമര്‍ശനത്തിനും ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

ഇന്ന് ചേര്‍ന്ന കേന്ദ്ര കമ്മിറ്റിയില്‍ ലോക്‌സഭാ സ്ഥാനാര്‍ഥി നിര്‍ണയവും ചര്‍ച്ചയായി. കേരളത്തില്‍ ചില മണ്ഡലങ്ങളിലെങ്കിലും ശക്തമായ ത്രികോണ മത്സരത്തിന് സാധ്യതയുണ്ടെന്ന് സംസ്ഥാന നേതൃത്വം കേന്ദ്ര കമ്മറ്റിയെ അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി 11, 12 തീയതികളില്‍ സി.പി.ഐ.എം സംസ്ഥാന സമിതി ചേരുമെന്നാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26