താമസവും ഭക്ഷണവും നല്‍കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ അമേരിക്കയില്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്ന് ഭവനരഹിതന്‍

താമസവും ഭക്ഷണവും നല്‍കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ അമേരിക്കയില്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്ന് ഭവനരഹിതന്‍

വിവേക് സെയ്‌നി

ന്യൂയോര്‍ക്ക്: അമേരിക്കന്‍ സംസ്ഥാനമായ ജോര്‍ജിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. ജോര്‍ജിയയിലെ ഒരു കണ്‍വീനിയന്‍സ് സ്റ്റോറില്‍ പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്ന എം.ബി.എ. വിദ്യാര്‍ഥി വിവേക് സെയ്‌നി എന്ന 25 കാരനെയാണ് തെരുവില്‍ കഴിയുന്നയാള്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. മയക്കുമരുന്നിന് അടിമയായി തെരുവില്‍ അലഞ്ഞു നടക്കുന്ന ജൂലിയന്‍ ഫോക്‌നര്‍ എന്നയാളാണ് കൊലയാളിയെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

കിടപ്പാടമില്ലാത്ത ജൂലിയന്‍ ഫോക്‌നറിന് താന്‍ ജോലി ചെയ്യുന്ന കടയില്‍ കുറച്ചുദിവസത്തേക്ക് അഭയം നല്‍കിയതായിരുന്നു വിവേകും സുഹൃത്തുക്കളും. തെരുവില്‍ അലഞ്ഞു നടന്നിരുന്ന ഇയാള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിവേക് ജോലി ചെയ്തിരുന്ന കണ്‍വീനിയന്‍സ് സ്റ്റോറില്‍ എത്തിയിരുന്നതായി ഇവിടുത്തെ ജീവനക്കാര്‍ വ്യക്തമാക്കി. വിവേക് അടക്കമുള്ള ജീവനക്കാര്‍ ഇയാള്‍ക്ക് അഭയവും ഭക്ഷണവും വസ്ത്രവും നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ പിന്നീട് പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ കൂട്ടാക്കിയില്ല. ഇതോടെ വിവേക് പൊലീസില്‍ പരാതി നല്‍കുമെന്നും കട വിട്ട് പോകണമെന്നും ആവശ്യപ്പെട്ടു. ഇതിലുണ്ടായ വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കടയ്ക്കുള്ളിലെ സിസിടിവിയില്‍ ക്രൂരമായ കൊലപാത ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. അമ്പതോളം തവണയാണ് വിവേകിനെ പ്രതി ചുറ്റികകൊണ്ട് തലക്കടിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുഖത്തിനും തലയ്ക്കും സാരമായ പരുക്കേറ്റ വിവേക് സംഭവ സ്ഥലത്തു വെച്ച് മരിച്ചു.

വിവേക് ഹരിയാന സ്വദേശിയാണ്. ഇന്ത്യയില്‍ നിന്നും ബിടെക് പഠനം പൂര്‍ത്തിയാക്കിയ ശേഷം യുഎസില്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റേഴ്‌സ് പഠനം നടത്തുകയായിരുന്നു വിവേക്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.