ശവസംസ്‌കാര ചടങ്ങുകളില്‍ ഹസ്തദാനം വിലക്കാന്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം

ശവസംസ്‌കാര ചടങ്ങുകളില്‍ ഹസ്തദാനം വിലക്കാന്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം

കുവൈറ്റ്: ശ്മശാനങ്ങളിലെ വിലാപ ഹാളുകളില്‍ ഹസ്തദാനം നിരോധിക്കാന്‍ കുവൈറ്റ് മുനിസിപ്പാലിറ്റി പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ശവസംസ്‌കാര ചടങ്ങുകളില്‍ ശാരീരിക സമ്പര്‍ക്കം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കുവൈറ്റ് ആരോഗ്യ മന്ത്രാലയം മുനിസിപ്പാലിറ്റിക്ക് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.

ശ്മശാനങ്ങളില്‍ വിലപിക്കുന്നവര്‍ അനുശോചനം രേഖപ്പെടുത്തുന്നതിനായി കൈകൂപ്പി കണ്ണുകള്‍ കൊണ്ട് ആശംസകള്‍ നല്‍കിയാല്‍ മതിയെന്ന് മുനിസിപ്പാലിറ്റിയോട് മന്ത്രാലയം ശുപാര്‍ശ ചെയ്തു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഹസ്തദാനം മൂലം പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയുന്നതിനുമുള്ള പ്രതിരോധ നടപടികള്‍ കൈക്കൊള്ളുന്നതിന്റെ ഭാഗമായാണ് ശുപാര്‍ശയെന്ന് മന്ത്രാലയം മുനിസിപ്പാലിറ്റിക്ക് അയച്ച സര്‍ക്കുലറില്‍ പറയുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം മുനിസിപ്പാലിറ്റി ഇതുമായി ബന്ധപ്പെട്ട് ഒരു സര്‍ക്കുലര്‍ പുറപ്പെടുവിക്കുമെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ സൗദ് അല്‍ ദബൂസ് പറഞ്ഞു.

ദൈനംദിന ജീവിതത്തില്‍ സുരക്ഷിതമായ ആരോഗ്യ സ്വഭാവം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് ഹാന്‍ഡ്ഷേക്കുകള്‍ക്ക് പകരം നേത്ര ആശംസകള്‍ നല്‍കാനുള്ള ശുപാര്‍ശയെന്ന് മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് പറഞ്ഞു. രാജ്യത്തിനകത്ത് നിലവിലുള്ള ആരോഗ്യ സ്ഥിതി ആശ്വാസകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യ മന്ത്രാലയം മുനിസിപ്പാലിറ്റിക്ക് നല്‍കിയ സര്‍ക്കുലര്‍ പ്രതിരോധ നടപടികള്‍ സജീവമാക്കല്‍ മാത്രമാണെന്നും പബ്ലിക് ഹെല്‍ത്ത് സ്പെഷ്യലിസ്റ്റ് ഡോ. അഹമ്മദ് അല്‍ ഔതൈബി പറഞ്ഞു.

കഴിഞ്ഞ മാസം കുവൈറ്റില്‍ കോവിഡ്-19 ന്റെ പുതിയ വകഭേദം കണ്ടെത്തിയതായി കുവൈറ്റ് ആരോഗ്യ അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും അടിയന്തര നടപടികളൊന്നും ആസൂത്രണം ചെയ്തിട്ടില്ല. 'രാജ്യത്ത് ജെഎന്‍.1 വേരിയന്റ് നിരീക്ഷിച്ചുവരുന്നു, എന്നാല്‍ ആരോഗ്യ സ്ഥിതി സുസ്ഥിരമാണ്. അസാധാരണമായ പ്രതിരോധ നടപടികളൊന്നും തല്‍ക്കാലം സ്വീകരിക്കില്ല' - ഡോ. അല്‍ സനദ് അന്ന് പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.