പണം കൈമാറാന്‍ ഇനി ഐ.എഫ്.എസ്.സി കോഡ് വേണ്ട; ഫെബ്രുവരി മുതല്‍ വമ്പന്‍ മാറ്റങ്ങള്‍

പണം കൈമാറാന്‍ ഇനി ഐ.എഫ്.എസ്.സി കോഡ് വേണ്ട; ഫെബ്രുവരി മുതല്‍ വമ്പന്‍ മാറ്റങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഓണ്‍ലൈന്‍ ഇടപാടുകളും കൂടുതല്‍ മെച്ചപ്പെടുത്തി ഡഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി പരിഷ്‌കാരങ്ങളും നടപ്പാക്കുന്നുണ്ട്. അത്തരത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന പേയ്മെന്റ് സംവിധാനങ്ങളില്‍ ഒന്നായ ഐ.എം.പി.എസി(Immediate Payment Service)ലും നിര്‍ണായക മാറ്റങ്ങള്‍ വരുകയാണ്.

ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ ഐ.എഫ്.എസ്.സി കോഡ് അടക്കമുള്ള സങ്കീര്‍ണമായ പ്രക്രിയകള്‍ ഒഴിവാക്കി കൊണ്ട് പണം അയക്കാം എന്നതാണ് വരാനിരിക്കുന്ന മാറ്റത്തിലെ ഏറ്റവും ആകര്‍ഷകമായ ഘടകം. ഫെബ്രുവരി ഒന്ന് മുതല്‍ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്യുന്നതിന് അക്കൗണ്ട് നമ്പറുകളോ ഐ.എഫ്.എസ്.സി കോഡുകളോ ആവശ്യമില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. വളരെ എളുപ്പത്തില്‍ അഞ്ച് ലക്ഷം രൂപ വരെ കൈമാറ്റം ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന മാറ്റങ്ങള്‍ക്കാണ് എന്‍.പി.സി.ഐ ഒരുങ്ങിയിരിക്കുന്നത്.

പുതിയ ഐ.എം.പി.എസ് നിയമ പ്രകാരം ഉപയോക്താക്കള്‍ക്ക് സ്വീകര്‍ത്താവിന്റെ മൊബൈല്‍ നമ്പറും അവരുടെ ബാങ്കിന്റെ പേരും മാത്രമേ ആവശ്യമുള്ളൂ. ഈ വിവരങ്ങള്‍ ഉപയോഗിച്ച് തന്നെ എളുപ്പത്തില്‍ ഇടപാട് നടത്താന്‍ കഴിയും. നിലവില്‍ ഗൂഗിള്‍പേ അടക്കമുള്ള യുപിഐ പ്ലാറ്റ്ഫോമുകള്‍ നടത്തുന്നതിന് സമാനമായ ഇടപാടുകള്‍ ഇതോടെ വ്യാപകമാകും എന്നാണ് വിലയിരുത്തല്‍.

2023 ഒക്ടോബര്‍ 31 ന് എന്‍.പി.സി.ഐ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം ജനുവരി 31 ന് ശേഷം ഈ മാറ്റങ്ങള്‍ വ്യപകമായി നടപ്പാക്കിയേക്കും. 24 മണിക്കൂറും പണം കൈമാറ്റം സാധ്യമായതിനാല്‍ ഐ.എം.പി.എസ് ഫണ്ട് ട്രാന്‍സ്ഫര്‍ ഉപയോക്താക്കള്‍ക്ക് വളരെ ഗുണകരമാണ്. പുതിയ മാറ്റം കൂടി വരുന്നതോടെ ഇത് കൂടുതല്‍ പേരെ ആകര്‍ഷിക്കും എന്നാണ് കരുതുന്നത്.

ഐ.എം.പി.എസ് എങ്ങനെ പ്രയോജനപ്പെടുത്താം:

ഇതിനായി നിങ്ങളുടെ മൊബൈല്‍ ബാങ്കിങ് ആപ്പാണ് ഉപയോഗിക്കേണ്ടത്. ഇനി വരുന്ന മാറ്റങ്ങള്‍ കൂടി നാം ഇതിനായി അറിഞ്ഞിരിക്കേണ്ടതുണ്ട്. 'ഫണ്ട് ട്രാന്‍സ്ഫര്‍' വിഭാഗത്തില്‍ ക്ലിക്ക് ചെയ്ത ശേഷം അവിടെ 'ഐ.എം.പി.എസ്' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. തുടര്‍ന്ന് പണം സ്വീകരിക്കേണ്ട ആളുടെ മൊബൈല്‍ നമ്പര്‍ നല്‍കുക. ഒപ്പം പ്രസ്തുത ആളുടെ ബാങ്ക് ഏതെന്നും തിരഞ്ഞെടുക്കുക. ശേഷം അഞ്ച് ലക്ഷം വരെയുള്ള തുക നിങ്ങള്‍ക്ക് കൈമാറാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.